• HOME
 • »
 • NEWS
 • »
 • sports
 • »
 • IPL 2021 | വാനോളം ആവേശം, ട്വിസ്റ്റ്; സൂപ്പർ ത്രില്ലറിൽ രാജസ്ഥാന് ജയം; പടിക്കൽ കലമുടച്ച് പഞ്ചാബ്

IPL 2021 | വാനോളം ആവേശം, ട്വിസ്റ്റ്; സൂപ്പർ ത്രില്ലറിൽ രാജസ്ഥാന് ജയം; പടിക്കൽ കലമുടച്ച് പഞ്ചാബ്

19ാ൦ ഓവർ വരെ തകർത്തടിച്ച് വിജയം കൈപ്പിടിയിൽ വെച്ച് കളിച്ച പഞ്ചാബ് ജയത്തിനരികെ വീണ്ടും കലമുടക്കുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്.

Kartik Tyagi (Image: Rajasthan Royals, Twitter)

Kartik Tyagi (Image: Rajasthan Royals, Twitter)

 • Share this:
  വെടിക്കെട്ട് ബാറ്റിംഗ് പ്രകടനങ്ങൾ കണ്ട മത്സരത്തിന്റെ അവസാനം ഗംഭീര ട്വിസ്റ്റ്. മത്സരവസാനം വരെ ബാറ്റ്‌സ്മാൻമാർ നിറഞ്ഞാടിയ മത്സരത്തിൽ തന്റെ ബൗളിംഗ് കൊണ്ട് കളിയുടെ ഗതി തിരിച്ച യുവതാരം കാർത്തിക് ത്യാഗി രാജസ്ഥാൻ റോയൽസിന് ഒരുക്കിക്കൊടുത്തത് അവിശ്വസനീയ ജയം.

  19ാ൦ ഓവർ വരെ തകർത്തടിച്ച് വിജയം കൈപ്പിടിയിൽ വെച്ച് കളിച്ച പഞ്ചാബ് ജയത്തിനരികെ വീണ്ടും കലമുടക്കുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. അവസാന ഓവറുകളിൽ മികച്ച ബൗളിംഗ് കാഴ്ചവെച്ച രാജസ്ഥാന് സ്വന്തമായത് രണ്ട് റൺസിന്റെ അപ്രതീക്ഷിത ജയം. ആദ്യ പാദത്തിൽ പഞ്ചാബിനോട് അവസാന പന്തിൽ തോൽവി സമ്മതിക്കേണ്ടി വന്നിരുന്ന രാജസ്ഥാന് ഈ ജയം മധുരപ്രതികാരമായി. സൂപ്പർ ഹീറോ പ്രകടനം കൊണ്ട് രാജസ്ഥാന് ജയം സമ്മാനിച്ച ത്യാഗി തന്നെയാണ് കളിയിലെ കേമൻ.


  നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാൻ നിശ്ചിത 20 ഓവറിൽ 185 റൺസിന് പുറത്തായിരുന്നു. 186 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ പഞ്ചാബിന് 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 183 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ. മത്സരത്തിൽ ജയം നേടിയ രാജസ്ഥാൻ എട്ട് കളികളിൽ നിന്നും എട്ട് പോയിന്റുമായി പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്തേക്ക് കയറി. പഞ്ചാബ് ആറ് പോയിന്റുമായി ഏഴാം സ്ഥാനത്ത് തുടരുന്നു.

  അവസാന ഓവറിൽ കാർത്തിക് ത്യാഗി പന്തെറിയാൻ വരുമ്പോൾ പഞ്ചാബിന് ജയത്തിലേക്ക് വെറും നാല് റൺസ് മാത്രം മതിയായിരുന്നു. എന്നാൽ നിർണായക ഓവറിൽ മനക്കരുത്തോടെ പന്തെറിഞ്ഞ യുവതാരം വെറും ഒരു റൺ മാത്രം വിട്ടുനൽകി രണ്ട് വിക്കറ്റ് വീഴ്ത്തിയാണ് രാജസ്ഥാന് ജയം സമ്മാനിച്ചത്. 19ാ൦ ഓവർ എറിഞ്ഞ മുസ്തഫിസുർ റഹ്മാന്റെ പ്രകടനവും നിർണായകമായി. ഈ ഓവറിൽ വെറും നാല് റൺസ് മാത്രമാണ് ബംഗ്ലാദേശ് ബൗളർ വിട്ടുകൊടുത്തത്.

  രാജസ്ഥാൻ ഉയർത്തിയ 186 റൺസ് വിജയലക്ഷ്യത്തിലേക്ക് ആത്മവിശ്വാസത്തോടെയാണ് ബാറ്റ് വീശിയത്. പഞ്ചാബിനായി ഓപ്പണിംഗ് വിക്കറ്റില്‍ ക്യാപ്റ്റന്‍ കെ എല്‍ രാഹലും മായങ്ക് അഗര്‍വാളും ചേര്‍ന്ന് 12 ഓവറില്‍ 120 റൺസ് എടുത്തതോടെ രാജസ്ഥാന്റെ കൈയിൽ നിന്നും മത്സരം വഴുതുകയാണെന്ന് എല്ലാവരും കരുതി. തുടക്കത്തിൽ ശ്രദ്ധയോടെ കളിച്ചതിന് ശേഷം ഇരുവരും ഗിയർ മാറ്റിയതോടെ പത്താം ഓവറിൽ തന്നെ പഞ്ചാബ് സ്കോർ 100 കടന്നു. ജോഫ്ര ആർച്ചറുടെ അഭാവത്തിൽ ടീമിലെ ബൗളിംഗ് നയിച്ച ക്രിസ് മോറിസിനെ രാഹുലും അഗർവാളും തിരഞ്ഞുപിടിച്ച് അക്രമിച്ചതോടെ സഞ്ജുവിന് ഉത്തരമില്ലാതായി.

  എന്നാൽ പിന്നീട് രാഹുലിനെയും (49) അഗർവാളിനെയും (67) അടുത്തടുത്ത ഓവറുകളിൽ മടക്കി രാജസ്ഥാൻ കളിയിൽ തിരിച്ചുവരാൻ ശ്രമം നടത്തി. എന്നാൽ പകരം ക്രീസിലെത്തിയ ഏയ്ഡന്‍ മാര്‍ക്രവും നിക്കോളാസ് പുരാനും ചേര്‍ന്ന് പഞ്ചാബ് ഇന്നിംഗ്‌സിനെ തകർപ്പനടികളിലൂടെ മുന്നോട്ട് നയിച്ചതോടെ വീണ്ടും രാജസ്ഥാൻ പ്രതിരോധത്തിലായി. എങ്കിലും രാജസ്ഥാൻ പ്രതീക്ഷ കൈവിട്ടിരുന്നില്ല. എട്ടു വിക്കറ്റ് ശേഷിക്കെ അവസാന രണ്ടോവറില്‍ പഞ്ചാബിന് ജയിക്കാന്‍ വേണ്ടിയിരുന്നത് എട്ട് റണ്‍സ് മാത്രം. അവർ ഏറെക്കുറെ വിജയമുറപ്പിച്ച് നിൽക്കുകയായിരുന്ന ഈ ഘട്ടത്തിൽ നിന്നാണ് രാജസ്ഥാൻ കളിയിലേക്ക് തിരിച്ചുവന്നത്. മുസ്തഫിസുർ എറിഞ്ഞ 19ാ൦ ഓവറിൽ നാല് റൺസ് മാത്രം നേടിയ പഞ്ചാബിന് അവസാന ഓവറിൽ ജയിക്കാൻ നാല് റൺസാണ് വേണ്ടിയിരുന്നത്. യുവതാരം കാർത്തിക് ത്യാഗി പന്തെറിയാൻ ക്രീസിലേക്ക് വരുമ്പോൾ മാര്‍ക്രവും പുരാനും ചേർന്ന് പഞ്ചാബ് ജയമൊരുക്കുമെന്നാണ് ഏവരും കരുതിയത്. എന്നാൽ മികച്ച രീതിയിൽ പന്തെറിഞ്ഞ ത്യാഗി പുരാനെയും പിന്നാലെ വന്ന ദീപക് ഹൂഡയെയും മടക്കി പഞ്ചാബിനെ പ്രതിരോധത്തിലാക്കി. ഒടുവിൽ അവസാന പന്തിൽ മൂന്ന് റൺസ് ജയത്തിലേക്ക് നിൽക്കെ ക്രീസിലെത്തിയ ഫാബിയൻ അലൻ റൺ ഒന്നും എടുക്കാൻ കഴിയാതെ വന്നതോടെ അപ്രതീക്ഷിത ജയം നേടുകയായിരുന്നു രാജസ്ഥാൻ. എയ്ഡൻ മാർക്രം 26 റൺസുമായി പുറത്താകാതെ നിന്നു.

  ത്യാഗി നാല് ഓവറിൽ 29 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയപ്പോൾ ചേതൻ സക്കറിയയും രാഹുൽ തേവാട്ടിയയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

  നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ 49 റണ്‍സെടുത്ത യശസ്വി ജയ്‌സ്വാളിന്റെയും വെടിക്കെട്ട് ബാറ്റിങ്ങിലൂടെ 43 റണ്‍സെടുത്ത മഹിപാല്‍ ലോംറോറിന്റെയും മികച്ച പ്രകടനങ്ങളുടെ ബലത്തിലാണ് 185 റൺസ് കുറിച്ചത്. പഞ്ചാബിനായി ബൗളിങിൽ അർഷദീപ് സിങ് അഞ്ച് വിക്കറ്റുമായി തിളങ്ങി.
  Published by:Naveen
  First published: