നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • IPL 2021| 'അവരിൽ വിശ്വാസമുള്ളത് കൊണ്ടാണ് അവസാനത്തേക്ക് മാറ്റിവെച്ചത്'; ത്രില്ലർ ജയത്തിന് ശേഷം പ്രതികരണവുമായി സഞ്ജു

  IPL 2021| 'അവരിൽ വിശ്വാസമുള്ളത് കൊണ്ടാണ് അവസാനത്തേക്ക് മാറ്റിവെച്ചത്'; ത്രില്ലർ ജയത്തിന് ശേഷം പ്രതികരണവുമായി സഞ്ജു

  പഞ്ചാബിനെതിരെ രണ്ട് റൺസിന്റെ അപ്രതീക്ഷിത വിജയം രാജസ്ഥാന് ഒരുക്കിക്കൊടുത്തത് ഡെത്ത് ഓവറുകളിൽ ബൗൾ ചെയ്ത മുസ്തഫിസുര്‍ റഹ്മാനും കാര്‍ത്തിക് ത്യാഗിയും ചേർന്നായിരുന്നു.

  Image: Rajasthan Royals, Twitter

  Image: Rajasthan Royals, Twitter

  • Share this:
   പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ അവിശ്വസനീയ ജയമാണ് സഞ്ജുവിന്റെ നേതൃത്വത്തിൽ ഇറങ്ങിയ രാജസ്ഥാൻ റോയൽസ് നേടിയെടുത്തത്. 19ാ൦ ഓവർ വരെ തകർത്തടിച്ച് മുന്നേറിയ പഞ്ചാബ് അവസാന ഓവർ എറിഞ്ഞ കാർത്തിക് ത്യാഗിക്ക് മുന്നിൽ കീഴടങ്ങുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാൻ നിശ്ചിത 20 ഓവറിൽ 185 റൺസിന് പുറത്തായിരുന്നു. 186 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ പഞ്ചാബിന് 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 183 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ. അവസാന ഓവറിൽ നാല് റൺസ് മാത്രം ജയിക്കാൻ വേണ്ടിയിരുന്ന പഞ്ചാബിന് കേവലം ഒരു റൺ മാത്രമാണ് നേടാൻ കഴിഞ്ഞത്.

   അവസാന ഓവർ വരെ പഞ്ചാബിന്റെ ജയം പ്രതീക്ഷിച്ചിരുന്ന ആളുകൾക്ക് സർപ്രൈസ് ട്വിസ്റ്റ് സമ്മാനിച്ചാണ് സഞ്ജുവും സംഘവും മത്സരം തീർത്തത്. മത്സരം രാജസ്ഥാന്റെ വഴിക്ക് കൊണ്ടുവന്നതിൽ സഞ്ജുവിന്റെ ക്യാപ്റ്റൻസിക്ക് വലിയ പങ്കുണ്ടായിരുന്നു. ഇപ്പോഴിതാ മത്സരത്തിൽ ബൗളിങ്ങിൽ നടത്തിയ നിർണായക നീക്കത്തെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് രാജസ്ഥാൻ ക്യാപ്റ്റൻ സഞ്ജു.

   പഞ്ചാബിനെതിരെ രണ്ട് റൺസിന്റെ അപ്രതീക്ഷിത വിജയം രാജസ്ഥാന് ഒരുക്കിക്കൊടുത്തത് ഡെത്ത് ഓവറുകളിൽ ബൗൾ ചെയ്ത മുസ്തഫിസുര്‍ റഹ്മാനും കാര്‍ത്തിക് ത്യാഗിയും ചേർന്നായിരുന്നു. ടി20യിൽ ഭേദപ്പെട്ട റെക്കോർഡുള്ള മുസ്തഫിസുറിന് മധ്യഓവറുകളില്‍ ബൗളിംഗ് നൽകാതിരുന്ന സഞ്ജു താരത്തെ അവസാന ഓവറുകളിലേക്ക് കാത്തു വെക്കുകയായിരുന്നു. ബംഗ്ലാ താരത്തിന് ഓവർ നൽകാതിരുന്ന സഞ്ജുവിന്റെ തീരുമാനത്തെ മത്സരത്തിനിടെ കമന്റേറ്റർമാർ വിമർശിച്ചിരുന്നു.

   പഞ്ചാബ് ഇന്നിങ്സിലെ 12ാ൦ ഓവറില്‍ കെ എല്‍ രാഹുലും തൊട്ടടുത്ത ഓവറില്‍ മായങ്ക് അഗര്‍വാളും പുറത്തായ ശേഷം അടുത്ത ഓവര്‍ റിയാന്‍ പരാഗിനാണ് സഞ്ജു കൈമാറിയത്. പ്രധാന ബൗളറായ മുസ്തഫിസുറിന് ഓവര്‍ നല്‍കാതിരുന്ന സഞ്ജുവിന്റെ ഈ തീരുമാനത്തെ കമന്റെറ്റര്‍മാരായ ഗൗതം ഗംഭീറും ഗ്രെയിം സ്വാനും അടക്കമുള്ളവര്‍ വിമര്‍ശിച്ചിരുന്നു. തുടര്‍ന്ന് 17ാ൦ ഓവറിലാണ് മുസ്തഫിസുര്‍ തന്റെ മൂന്നാം ഓവര്‍ എറിയാനായി എത്തിയത്. ആ ഓവറില്‍ 14 റണ്‍സ് വഴങ്ങിയെങ്കിലും താരത്തിന്മേൽ പ്രതീക്ഷയർപ്പിച്ച സഞ്ജു നിർണായകമായ 19ാ൦ഓവറിൽ പന്തെറിയാൻ ഏൽപ്പിച്ചു. ക്യാപ്റ്റന്റെ വിശ്വാസം കാത്ത മുസ്തഫിസുര്‍ വെറും നാല് റൺസ് മാത്രം വഴങ്ങി അവസാന ഓവറിലേക്ക് കളി നേടിയെടുത്തു. തുടർന്ന് അവിശ്വസനീയമാം വിധത്തിൽ അവസാന ഓവര്‍ എറിഞ്ഞ യുവതാരം കാര്‍ത്തിക് ത്യാഗി ഒരു റൺ മാത്രം വഴങ്ങിക്കൊണ്ട് രണ്ട് വിക്കറ്റ് വീഴ്ത്തി രാജസ്ഥാന് ജയം സമ്മാനിച്ചു.

   Also read- IPL 2021 | വാനോളം ആവേശം, ട്വിസ്റ്റ്; സൂപ്പർ ത്രില്ലറിൽ രാജസ്ഥാന് ജയം; പടിക്കൽ കലമുടച്ച് പഞ്ചാബ്

   " മത്സരത്തില്‍ വിജയിക്കാന്‍ സാധിക്കുമെന്ന് ഞങ്ങള്‍ വിശ്വസിച്ചിരുന്നത്. പക്ഷെ രസകരമായ കാര്യം എന്തെന്നാൽ മത്സരം കാണുന്നവരോ മറ്റുള്ളവരോ ഞങ്ങള്‍ വിജയിക്കുമെന്ന് പ്രതീക്ഷിച്ചുകാണില്ല. ഡെത്ത് ഓവറുകൾ മികച്ച രീതിയിൽ കൈകാര്യം ചെയ്യാൻ അറിയാവുന്ന താരങ്ങൾ ടീമിലുണ്ടെന്നത് ഞങ്ങൾക്ക് വിശ്വാസം തന്നിരുന്നു. ക്രിക്കറ്റ് എന്നത് പ്രവചനങ്ങൾക്ക് അപ്പുറമുള്ള മത്സരമാണ്, അതുകൊണ്ടാണ് മുസ്തഫിസുറിന്റെയും ത്യാഗിയുടെയും ഓവറുകള്‍ ഞാന്‍ അവസാനത്തേക്ക് മാറ്റിവെച്ചത്. " സഞ്ജു സാംസണ്‍ പറഞ്ഞു.

   " മത്സരം വിജയിച്ചാല്‍ മത്സരത്തിനിടെ എടുത്ത തീരുമാനങ്ങൾ എല്ലാം തന്നെ ശെരിയായി വിലയിരുത്തപ്പെടും. എന്റെ ബൗളർമാരിൽ എനിക്ക് വിശ്വാസമുണ്ട്. ഓരോ മത്സരത്തിലും മികച്ച പോരാട്ടം കാഴ്ചവെക്കാനും ജയം നേടാനുമാണ് ഞാൻ ആഗ്രഹിക്കുന്നത്. മുസ്‌താഫിസുറിന്റെ കഴിവിൽ വിശ്വാസമുള്ളത് കൊണ്ടാണ് രണ്ടോവറുകള്‍ അവസാനത്തേക്ക് ഞാന്‍ മാറ്റിവെച്ചത്. മത്സരത്തില്‍ വിജയിക്കാന്‍ സാധിക്കുമെന്ന് എനിക്കപ്പോഴും പ്രതീക്ഷയുണ്ടായിരുന്നു. " സഞ്ജു കൂട്ടിച്ചേര്‍ത്തു.

   അതേസമയം, മികച്ച തുടക്കം ലഭിച്ചിട്ടും പിന്നീട് അത് കൂറ്റൻ സ്കോറിലേക്ക് മാറ്റിയെടുക്കാൻ കഴിഞ്ഞില്ല എന്നാലും ടീം നേടിയ സ്‌കോറിൽ തനിക്ക് തൃപ്‌തിയുണ്ടെന്നും, മികച്ച ബൗളർമാർ അടങ്ങിയ ടീമാണ് റോയല്‍സെന്നും മത്സരത്തില്‍ ലഭിച്ച ക്യാച്ചുകൾ പാഴാക്കിയില്ലായിരുന്നെങ്കിൽ വിജയത്തിന്റെ മാർജിൻ ഇനിയും ഉയർന്നേനെ എന്നും സഞ്ജു കൂട്ടിച്ചേർത്തു.

   മത്സരത്തിൽ ജയം നേടിയ രാജസ്ഥാൻ എട്ട് കളികളിൽ നിന്നും എട്ട് പോയിന്റുമായി പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്തേക്ക് കയറി. പഞ്ചാബ് ആറ് പോയിന്റുമായി ഏഴാം സ്ഥാനത്ത് തുടരുന്നു. ആദ്യ പാദത്തിൽ പഞ്ചാബിനോട് അവസാന പന്തിൽ തോൽവി സമ്മതിക്കേണ്ടി വന്നിരുന്ന രാജസ്ഥാന് ഈ ജയം മധുരപ്രതികാരമായി.
   Published by:Naveen
   First published:
   )}