IPL 2021| ഉമ്രാൻ മാലിക്കിന് ആശംസ നേർന്ന് കുടുംബാംഗങ്ങൾ, വികാരാധീനനായി താരം - വീഡിയോ കാണാം
IPL 2021| ഉമ്രാൻ മാലിക്കിന് ആശംസ നേർന്ന് കുടുംബാംഗങ്ങൾ, വികാരാധീനനായി താരം - വീഡിയോ കാണാം
അരങ്ങേറ്റ മത്സരത്തിൽ തന്നെ 150 കിലോമീറ്ററിലേറെ വേഗതയിൽ പന്തെറിഞ്ഞ് ഐപിഎല്ലിൽ ഇന്ത്യൻ ബൗളറുടെ വേഗമേറിയ പന്ത് തന്റെ പേരിലേക്ക് എഴുതി ചേർത്താണ് ഉമ്രാൻ മാലിക് തന്റെ വരവറിയിച്ചത്.
ഐപിഎല്ലിൽ വിദേശ ബൗളർമാർ അവരുടെ തീ തുപ്പുന്ന പന്തുകൾ എറിയുമ്പോൾ ഇന്ത്യൻ ആരാധകർ അവർക്കും അങ്ങനത്തെ ഒരു ബൗളർ ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ചിരുന്നു. ഒടുവിലിതാ ഈ സീസണിൽ ഇന്ത്യൻ ആരാധകരുടെ ആഗ്രഹം സഫലമായിരിക്കുകയാണ്. ഐപിഎല്ലിൽ സൺറൈസേഴ്‌സ് ഹൈദരാബാദിന് വേണ്ടി കഴിഞ്ഞ ദിവസം അരങ്ങേറ്റം കുറിച്ച ഉമ്രാൻ മാലിക്കാണ് ഇന്ത്യൻ ആരാധകരെ തന്റെ വേഗമേറിയ പന്തുകൾ കൊണ്ട് വിസ്മയിപ്പിച്ചത്. അരങ്ങേറ്റ മത്സരത്തിൽ തന്നെ 150 കിലോമീറ്ററിലേറെ വേഗതയിൽ പന്തെറിഞ്ഞാണ് താരം വരവറിയിച്ചത്. ഇതോടെ ഇന്ത്യൻ അക്തർ എന്ന ഓമനപ്പേരും താരത്തിന് സ്വന്തമായിരുന്നു.
ഈ സീസണിൽ തീർത്തും നിറം മങ്ങിയ പ്രകടനം കാഴ്ചവെക്കുന്ന ഹൈദരാബാദ് തുടരെ തോൽവികൾ ഏറ്റുവാങ്ങി പ്ലേഓഫിൽ നിന്ന് പുറത്തായതോടെ പുതുമുഖ താരങ്ങൾക്ക് അവസരം നൽകാൻ ടീം മാനേജ്‌മെന്റ് തയാറായതോടെയാണ് ഉമ്രാന് ഐപിഎൽ അരങ്ങേറ്റത്തിന് അവസരമൊരുങ്ങിയത്. ജമ്മു കശ്മീരിലെ ഗുജ്ജര്‍ നഗറിലെ പഴക്കച്ചവടക്കാരന്റെ മകനാണ് ഉമ്രാന്‍ മാലിക്ക്. കോവിഡ് ബാധിതനായ പേസര്‍ ടി നടരാജന് പകരമാണ് സണ്‍റൈസേഴ്സ് ഹൈദരാബാദ് ഉമ്രാന്‍ മാലിക്കിനെ പരിമിത കാലത്തേക്ക് ടീമിലെടുത്തത്. ഹൈദരാബാദ് ടീമിനൊപ്പം നെറ്റ് ബൗളറായി കൂടെയുണ്ടായിരുന്ന മാലിക്ക് ഇതുവരെ ജമ്മു കശ്മീരിനായി ഒരു ടി20 മത്സരം മാത്രമാണ് കളിച്ചത്.
സൺറൈസേഴ്‌സ് ഹൈദരാബാദിന് വേണ്ടി അരങ്ങേറി മികച്ച പ്രകടനം കാഴ്ചവെച്ച താരത്തിന് ടീം ഒരു സർപ്രൈസ് ഒരുക്കി വെച്ചിരുന്നു. ഉമ്രാന്റെ കുടുംബാംഗങ്ങൾ താരത്തിന് ആശംസ അർപ്പിക്കുന്ന വീഡിയോയാണ് അവർ താരത്തിനായി ഒരുക്കിയത്. സ്വപ്നനേട്ടം സ്വന്തമാക്കിയ സന്തോഷത്തിന് പുറമെ കുടുംബാംഗങ്ങളുടെ ആശംസ കൂടി കേട്ടപ്പോൾ ഉമ്രാൻ വികാരാധീനനായി പോവുകയായിരുന്നു. ഐപിഎല്ലിൽ ഹൈദരാബാദിന് വേണ്ടി അരങ്ങേറിയത് പോലെ ഭാവിയിൽ ഇന്ത്യൻ ജേഴ്സിയിലും അരങ്ങേറുന്നത് കാണാൻ കഴിയുമെന്ന പ്രതീക്ഷ ഉമ്രാന്റെ കുടുംബം പറഞ്ഞു. താരത്തിന്റെ ഈ വീഡിയോ ഹൈദരാബാദ് അവരുടെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ചിട്ടുണ്ട്. ഇംഗ്ലണ്ടിന്റെ ഹൈദരാബാദ് താരം ജോണി ബെയര്‍സ്‌റ്റോ, മുന്‍ ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ എന്നിവരെല്ലാം ഈ വീഡിയോയോയ്ക്ക് താഴെ താരത്തിന് ആശംസ നേർന്നിട്ടുണ്ട്.
കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ അരങ്ങേറിയ താരം രണ്ട് തവണ 150 കിലോമീറ്ററിലധികം വേഗത്തിൽ പന്തെറിയുകയും ഒപ്പം ഐപിഎല്ലിൽ ഇന്ത്യൻ താരത്തിന്റെ വേഗമേറിയ പന്ത് എറിഞ്ഞതിനുള്ള റെക്കോർഡ് സ്വന്തം പേരിലേക്ക് എഴുതി ചേർക്കുകയുമാണ് ചെയ്തത്. വിക്കറ്റ് ലഭിച്ചില്ലെങ്കിലും വേഗത കൊണ്ട് ആദ്യ മല്‍സരത്തില്‍ തന്നെ താരം ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. നാലോവറില്‍ 27 റണ്‍സാണ് ഉമ്രാന്‍ വിട്ടുകൊടുത്തത്. ആദ്യ ഓവറില്‍ തന്നെയായിരുന്നു ഉമ്രാന്റെ 150 കി.മി വേഗതയിലുള്ള പന്ത് പിറന്നത്.
Published by:Naveen
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.