ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ എട്ട് വിക്കറ്റിന് കീഴടക്കി ഡല്‍ഹി ക്യാപിറ്റല്‍സ് പോയിന്റ് ടേബിളില്‍ ഒന്നാമതെത്തിയിരിക്കുകയാണ്. ഒമ്പത് മത്സരങ്ങളില്‍ ഏഴ് ജയവുമായി 14 പോയന്റ് നേടിയാണ് ഡല്‍ഹി ഒന്നാം സ്ഥാനം തിരിച്ചു പിടിച്ചത്. മത്സരത്തില്‍ ടോസ്സ് നേടി ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദിനെതിരെ കാഗിസോ റബാഡ മൂന്നും ആന്റിച്ച് നോര്‍ക്കിയെ, അക്സര്‍ പട്ടേല്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തികൊണ്ടാണ് 134 എന്ന ചെറിയ സ്കോറില്‍ തളച്ചത്.
അതേസമയം മത്സരത്തില്‍ ദക്ഷിണാഫ്രിക്കന്‍ സ്റ്റാര്‍ പേസര്‍ ആന്റിച്ച് നോര്‍ക്കിയെ ഒരു തകര്‍പ്പന്‍ നേട്ടവും പോക്കറ്റിലാക്കിയിട്ടുണ്ട്. ഐപിഎല്ലില്‍ ഈ സീസണിലെ വേഗതയേറിയ പത്ത് പന്തുകളില്‍ എട്ടും എറിഞ്ഞിട്ടുള്ളത് നോര്ക്കിയെയാണ്. അതും ഐപിഎല്‍ രണ്ടാം ഘട്ടത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ആദ്യ മത്സരത്തില്‍.
മണിക്കൂറില്‍ 151.71 കിലോമീറ്ററാണ് ഈ സീസണില്‍ നോര്‍ക്കിയെ എറിഞ്ഞ ഏറ്റവും വേഗമേറിയ പന്ത്. അങ്ങനെ 150ന് മുകളില്‍ നാല് പ്രാവശ്യം അദ്ദേഹം പന്തെറിഞ്ഞിട്ടുണ്ട്. പട്ടികയില്‍ അദ്ദേഹത്തിന്റെ ഏറ്റവും കുറഞ്ഞ വേഗം 148.76 ആണ്. പട്ടികയില്‍ ഒമ്പതാം സ്ഥാനത്ത് ഡല്‍ഹിയുടെ തന്നെ കഗിസോ റബാഡയാണ്. 148.73 ആണ് റബാഡ എറിഞ്ഞ ഏറ്റവും വേഗമേറിയ പന്ത്.
ഹൈദരാബാദിനെതിരെ നാലോവറില്‍ 12 റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് വീഴ്ത്തിയ നോര്ക്കിയെയുടെ പന്തുകളുടെ വേഗം 151.71, 151.37, 150.83, 150.21, 149.97, 149.29, 149.15,148.76 കിലോ മീറ്ററായിരുന്നു. 14 ഡോട്ട് ബോളുകളാണ് നോര്‍ക്കിയെ ഹൈദരാബാദിനെതിരെ എറിഞ്ഞത്.
കഴിഞ്ഞ സീസണിലും ആന്റിച്ച് നോര്‍ക്കിയെ തന്നെയായിരുന്നു ഏറ്റവും വേഗമേറിയ പന്തെറിഞ്ഞത്. 156.22 ആയിരുന്നു അന്ന് അദ്ദേഹം കണ്ടെത്തിയ വേഗം. കഴിഞ്ഞ സീസണില്‍ ഏറ്റവും വേഗതയേറിയ ആറ് പന്തുകളില്‍ അഞ്ചും അദ്ദേഹത്തിന്റേത് തന്നെയായിരുന്നു.
സീസണില്‍ ഡല്‍ഹിക്കായുള്ള നോര്ക്കിയെയുടെ രണ്ടാം മത്സരം മാത്രമാണിത്. നോര്ക്കിയെയുടെ വേഗം കണ്ട് അമ്പരന്ന മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര ട്വീറ്റ് ചെയ്തത് നോര്ക്കിയെക്ക് അമിതവേഗത്തിന് പിഴ അടപ്പിക്കണമെന്നായിരുന്നു.
അതേസമയം, മത്സരത്തില്‍ 135 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹി ക്യാപിറ്റല്‍സ് ശിഖര്‍ ധവാന്റെയും ശ്രേയസ് അയ്യരുടെയും റിഷഭ് പന്തിന്റെയും ബാറ്റിംഗ് മികവിലാണ് അനായാസം ലക്ഷ്യം മറികടന്നത്.
സ്കോര്‍: ഹൈദരാബാദ് 9-134, ഡല്‍ഹി 2-139 (17.5).
ഓപ്പണര്‍ പൃഥ്വി ഷായെ(11) തുടക്കത്തിലേ നഷ്ടമായെങ്കിലും ഡല്‍ഹിയുടെ കുതിപ്പ് തടയാന്‍ ഹൈദരാബാദ് ബൗളര്‍മാര്‍ക്കായില്ല. തകര്‍ത്തടിച്ച് മുന്നേറിയ ശിഖര്‍ ധവാന്(37 പന്തില്‍ 42) ടീം സ്കോര്‍ 72ല്‍ നില്‍ക്കെ മടങ്ങിയെങ്കിലും ആക്രമണ ചുമതല ഏറ്റെടുത്ത ശ്രേയസ് അയ്യരും(41 പന്തില്‍ 47*) അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച റിഷഭ് പന്തും(21 പന്തില്‍ 35*) ചേര്‍ന്ന് ഡല്‍ഹിയെ അനായാസം ലക്ഷ്യത്തിക്കുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.