• HOME
 • »
 • NEWS
 • »
 • sports
 • »
 • IPL 2021| സഞ്ജുവിന്റെ അർധസെഞ്ചുറി വിഫലം; രാജസ്ഥാനെ ഏഴ് വിക്കറ്റിന് തോൽപ്പിച്ച് ഹൈദരാബാദ്

IPL 2021| സഞ്ജുവിന്റെ അർധസെഞ്ചുറി വിഫലം; രാജസ്ഥാനെ ഏഴ് വിക്കറ്റിന് തോൽപ്പിച്ച് ഹൈദരാബാദ്

സൺറൈസേഴ്‌സ് ഹൈദരാബാദിന് വേണ്ടി അരങ്ങേറിയ ജേസൺ റോയ്, ക്യാപ്റ്റൻ കെയ്ൻ വില്യംസൺ എന്നിവരുടെ അർധസെഞ്ചുറി പ്രകടനങ്ങളുടെ ബലത്തിലാണ് ഹൈദരാബാദ് രാജസ്ഥാനെ കീഴടിക്കിയത്.

Image: Twitter

Image: Twitter

 • Share this:
  ഒടുവിൽ ആശ്വാസ ജയം നേടി സൺറൈസേഴ്‌സ് ഹൈദരാബാദ്. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരെ ബാറ്റിംഗ് നിര അവസരത്തിനൊത്ത് ഉയർന്നപ്പോൾ സൺറൈസേഴ്‌സ് ഹൈദരാബാദിന് സ്വന്തമായത് ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയം. രാജസ്ഥാൻ ഉയർത്തിയ 165 റൺസ് വിജയലക്ഷ്യം ഒമ്പത് പന്തുകൾ ബാക്കി നിർത്തിയാണ് ഹൈദരാബാദ് മറികടന്നത്. ഡേവിഡ് വാർണർക്ക് പകരം ജേസൺ റോയെ ഉൾപ്പെടുത്തിയ ഹൈദരാബാദ് നീക്കം ഫലം കാണുകയായിരുന്നു. സൺറൈസേഴ്‌സ് ഹൈദരാബാദിന് വേണ്ടി അരങ്ങേറിയ ജേസൺ റോയ്, ക്യാപ്റ്റൻ കെയ്ൻ വില്യംസൺ എന്നിവരുടെ അർധസെഞ്ചുറി പ്രകടനങ്ങളുടെ ബലത്തിലാണ് ഹൈദരാബാദ് രാജസ്ഥാനെ കീഴടിക്കിയത്. സ്‌കോര്‍: രാജസ്ഥാന്‍ 20 ഓവറില്‍ അഞ്ചിന് 164. സണ്‍റൈസേഴ്‌സ് 18.3 ഓവറില്‍ മൂന്നിന് 167.

  രാജസ്ഥാൻ റോയൽസിന് വേണ്ടി ക്യാപ്റ്റൻ സഞ്ജു സാംസൺ നേടിയ അർധസെഞ്ചുറി (57 പന്തില്‍ 82) ഇതോടെ വിഫലമാവുകയായിരുന്നു. മത്സരത്തിൽ തോറ്റതോടെ രാജസ്ഥാന്റെ പ്ലേഓഫ് യോഗ്യത സങ്കീർണമായി. 10 മത്സരങ്ങളിൽ നിന്നും എട്ട് പോയിന്റോടെ പോയിന്റ് ടേബിളിൽ ആറാം സ്‌ഥാനത്താണ് രാജസ്ഥാൻ നിൽക്കുന്നത്. ഇന്നലെ ജയിച്ചിരുന്നെങ്കിൽ നാലാം സ്ഥാനത്തേക്ക് ഉയരാൻ അവർക്ക് കഴിഞ്ഞേനെ. അതേസമയം, പ്ലേഓഫ് പ്രതീക്ഷകൾ എല്ലാം തന്നെ അസ്തമിച്ച ഹൈദരാബാദ് ടൂർണമെന്റിലെ അവരുടെ രണ്ടാം ജയത്തോടെ 10 മത്സരങ്ങളിൽ നിന്നും നാല് പോയിന്റുമായി അവസാന സ്ഥാനത്താണ്.

  165 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ സണ്‍റൈസേഴ്‌സിന് വേണ്ടി തകര്‍പ്പന്‍ തുടക്കമാണ് ഓപ്പണര്‍മാരായ ജേസണ്‍ റോയിയും വൃദ്ധിമാന്‍ സാഹയും ചേര്‍ന്ന് നല്‍കിയത്. മുൻ മത്സരങ്ങളിൽ നിന്നും വ്യത്യസ്തമായി ഹൈദരാബാദിന്റെ സ്കോർബോർഡിലേക്ക് റൺസ് വേഗത്തിൽ എത്തിക്കൊണ്ടിരുന്നു. കിട്ടിയ അവസരം പരമാവധി മുതലാക്കിയ ജേസൺ റോയ് തന്നെയായിരുന്നു കൂടുതൽ അപകടകാരി. റോയ് തകർത്തടിച്ചതോടെ അഞ്ചാം ഓവറിൽ തന്നെ ഹൈദരാബാദ് സ്കോർ 50 കടന്നു.

  ആറാം ഓവറിൽ മഹിപാൽ ലോംറോറിനെ പന്തേൽപ്പിച്ച സഞ്ജുവിന്റെ തീരുമാനം തെറ്റിയില്ല. ലോംറോറിന്റെ പന്തിൽ വമ്പനടിക്ക് ശ്രമിച്ച സാഹയെ സഞ്ജു സ്റ്റമ്പ് ചെയ്ത് പുറത്താക്കി. 11 പന്തിൽ 18 റൺസെടുത്താണ് സാഹ മടങ്ങിയത്. സാഹയും റോയും ചേർന്ന് ഒന്നാം വിക്കറ്റിൽ 57 റൺസാണ് കൂട്ടിച്ചേർത്തത്.

  സാഹ പുറത്തായതിന് ശേഷം ക്രീസിലെത്തിയ ക്യാപ്റ്റൻ വില്യംസൺ പതിയെ താളം കണ്ടെത്തിയതോടെ ഹൈദരാബാദ് ഇന്നിംഗ്സ് മുന്നോട്ട് നീങ്ങി. മറുവശത്ത് റോയ് തന്റെ വമ്പനടികളുമായി മുന്നേറിക്കൊണ്ടിരുന്നു. അരങ്ങേറ്റ മത്സരത്തിൽ 36 പന്തിൽ അർധസെഞ്ചുറി കണ്ടെത്തുകയും ഒപ്പം ടീം സ്കോർ 100 കടത്തുകയും ചെയ്തു. ഇതിനിടെ രാഹുൽ തേവാട്ടിയയുടെ പന്തിൽ റോയ് നൽകിയ ക്യാച്ച് ജയ്‌സ്വാൾ നിലത്തിടുകയും ചെയ്തു.

  എന്നാൽ തൊട്ടടുത്ത ഓവറിൽ സക്കരിയയുടെ സ്ലോ ബോളില്‍ സ്കൂപ്പിന് ശ്രമിച്ച റോയ് (42 പന്തില്‍ 60) വിക്കറ്റ് കീപ്പര്‍ സഞ്ജുവിന്‍റെ കൈകളിൽ ഒതുങ്ങി. തൊട്ടടുത്ത ഓവറില്‍ പ്രിയം ഗാര്‍ഗ് നേരിട്ട ആദ്യ പന്തില്‍ മുസ്‌താഫിസൂറിന്‍റെ റിട്ടേണ്‍ ക്യാച്ചില്‍ മടങ്ങി. ഇത് ഹൈദരാബാദ് ആരാധകർക്കിടയിൽ വീണ്ടും ആശങ്ക നൽകിയെങ്കിലും മറുവശത്ത് നിലയുറപ്പിച്ചിരുന്ന വില്യംസൺ യുവതാരം അഭിഷേക് ശർമയെ കൂട്ടുപിടിച്ച് ഹൈദരാബാദിനെ വിജയതീരം കടത്തുകയായിരുന്നു. ടീമിന്റെ വിജയറൺ നേടുന്നതിനൊപ്പം ഹൈദരാബാദ് ക്യാപ്റ്റൻ തന്റെ അർധസെഞ്ചുറി കൂടി നേടിയെടുത്തു. 41 പന്തിൽ 51 റൺസാണ് വില്യംസൺ നേടിയത്. അഭിഷേക് ശർമ 16 പന്തിൽ 21 റൺസുമായി വില്യംസണിന് മികച്ച കൂട്ടായി നിന്നു.

  രാജസ്ഥാന് വേണ്ടി മുസ്താഫിസുര്‍ റഹ്മാന്‍, മഹിപാല്‍ ലോംറോര്‍, ചേതന്‍ സക്കറിയ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

  ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ ക്യാപ്റ്റൻ സഞ്ജു സാംസണ്‍ (82), യശസ്വി ജെയ്‌സ്വാള്‍ (36), ലോംറോര്‍ (29*), എന്നിവരുടെ മികവിലാണ് 164 റൺസ് കുറിച്ചത്. 57 പന്തില്‍ ഏഴ് ബൗണ്ടറികളും മൂന്ന് സിക്‌സറുകളും സഹിതം 82 റണ്‍സ് നേടിയ സഞ്ജുവിന്റെ ഒറ്റയ്ക്കുള്ള പോരാട്ടമാണ് രാജസ്ഥാന് മികച്ച സ്കോർ നൽകിയത്. ഹൈദരാബാദിനായി സിദ്ദാര്‍ത്ഥ് കൗള്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി.
  Published by:Naveen
  First published: