IPL 2021| രാജസ്ഥാന് ഇന്ന് നിർണായക മത്സരം; ആശ്വാസ ജയം തേടി ഹൈദരാബാദ്
IPL 2021| രാജസ്ഥാന് ഇന്ന് നിർണായക മത്സരം; ആശ്വാസ ജയം തേടി ഹൈദരാബാദ്
ഇതുവരെ ഏറ്റുമുട്ടിയ 14 മത്സരങ്ങളിൽ ഇരു ടീമുകളും ഏഴ് വീതം മത്സരങ്ങൾ ജയിച്ച് നിൽക്കുകയാണ്. അവസാനം നേർക്കുനേർ വന്ന മത്സരത്തിൽ വിജയം രാജസ്ഥാന് ഒപ്പമായിരുന്നു.
ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ഇന്ന് നിർണായക പോരാട്ടത്തിന് ഇറങ്ങുന്നു. നിലവില്‍ പോയിന്റ് പട്ടികയില്‍ ആറാമതുള്ള രാജസ്ഥാണ് പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്താന്‍ ഇന്ന് വിജയം അനിവാര്യമാണ്. നെറ്റ് റണ്‍റേറ്റ് കുറവായതിനാല്‍ ഹൈദരാബാദിനെതിരെ മികച്ച വിജയം കൂടി നേടണം എന്നതാണ് രാജസ്ഥാന് മുകളിലുള്ള വെല്ലുവിളി. അതേസമയം ഇതുവരെ ടൂർണമെന്റിൽ ഒരു മത്സരത്തിൽ മാത്രം ജയിക്കുകയും ബാക്കി എട്ട് മത്സരങ്ങളിലും തോറ്റ് പ്ലേഓഫ് സാധ്യതകൾ അസ്തമിച്ച സൺറൈസേഴ്സ് ഹൈദരാബാദ് ഇന്നത്തെ മത്സരത്തിൽ ഇറങ്ങുന്നത് ആശ്വാസ ജയം പ്രതീക്ഷിച്ചാണ്.
ഇംഗ്ലീഷ് താരങ്ങളുടെ പിന്മാറ്റത്തിനുപിന്നാലെ, ക്രിസ് മോറിസിനും പകരക്കാരനായി എത്തിയ എവിന്‍ ലൂയിസിനും പരിക്കേറ്റതോടെ പ്രഹരശേഷി നഷ്ടപ്പെട്ട നിലയിലാണ് രാജസ്ഥാന്. ടീമിലെ യുവ ബാറ്റ്സ്മാന്മാര്ക്കൊന്നും തന്നെ കാര്യമായ സ്വാധീനം ചെലുത്താന്‍ ആകുന്നില്ല. ഡൽഹിക്കെതിരെ ഇറങ്ങിയ ദക്ഷണാഫ്രിക്കൻ താരം ഡേവിഡ് മില്ലർക്കും പ്രതീക്ഷക്കൊത്ത് ഉയരാൻ കഴിഞ്ഞില്ല.
ബാറ്റിങ് നിര മെച്ചപ്പെടാത്തപക്ഷം ടീമിന്റെ തിരിച്ചുവരവ് പ്രയാസമാവും. അതേ സമയം ബൗളര്‍മാരെല്ലാം ഒന്നിനൊന്ന് മികച്ച പ്രകടനം കാഴ്ചവെക്കുന്നു. ചേതന്‍ സക്കറിയ പക്വതയോടെ പന്തെറിയുമ്പോള്‍ മുസ്തഫിസുര്‍ റഹ്മാന് അനുഭവസമ്പത്തിന്റെ മികവ് കാട്ടുന്നു. കാര്‍ത്തിക് ത്യാഗിയും അവസരത്തിനൊത്ത് ഉയരുന്നുണ്ട്.
സഞ്ജു സാംസണ് നായകനെന്ന നിലയിലും ബാറ്റ്സ്മാനെന്ന നിലയിലും ഭേദപ്പെട്ട് നില്‍ക്കുന്നത് ടീമിന്റെ പ്രതീക്ഷകള്‍ ഉയര്‍ത്തുകയാണ്.എന്നാൽ കുറഞ്ഞ ഓവർ നിരക്കിന് രണ്ട് വട്ടം പിഴ ലഭിച്ചതിനാൽ ഇനി ഒരു വട്ടം കൂടി ഈ കുറ്റം ആവർത്തിച്ചാൽ സഞ്ജുവിന് ഒരു മത്സരത്തിൽ നിന്ന് വിലക്ക് ലഭിക്കുമെന്നതും രാജസ്ഥാനെ ആശങ്കയിലാക്കുന്നുണ്ട്.
അതേസമയം ഒമ്പത് മത്സരങ്ങളിൽ എട്ടിലും തോറ്റ് പ്ലേ ഓഫ് പ്രതീക്ഷ അവസാനിച്ച ഹൈദരാബാദിന് നഷ്ടപ്പെടാന്‍ ഒന്നുമില്ല.വാര്‍ണര്‍,വില്യംസണ്,ജേസണ്‍ ഹോള്‍ഡര്‍,റാഷിദ് ഖാന് എന്നിവരടങ്ങിയ നിര തങ്ങളുടെ ദിവസത്തില്‍ ഏത് ടീമിനെയും തോല്‍പ്പിക്കാന്‍ പോന്നവരാണ്. ബൗളർമാർ ഭേദപ്പെട്ട പ്രകടനം നടത്തുന്നുണ്ടെങ്കിലും ബാറ്റ്സ്മാന്മാരുടെ പ്രകടനം തീര്‍ത്തും നിരാശപ്പെടുത്തുകയാണ്. മുന്‍ നായകനും സൂപ്പര്‍ ഓപ്പണറുമായ ഡേവിഡ് വാര്‍ണറുടെ നിരാശപ്പെടുത്തുന്ന പ്രകടനമാണ് ഹൈദരാബാദിന് തിരിച്ചടിയാവുന്നത്. നായകന് കെയ്ന്‍ വില്യംസണും അവസരത്തിനൊത്ത് ഉയരാനാവുന്നില്ല. അതിവേഗം റണ്‍സുയര്‍ത്താന്‍ കെല്‍പ്പുള്ള ആരും തന്നെ ടീമിലില്ല എന്ന് പറയാം.
വൃദ്ധിമാന്‍ സാഹയും നിരാശപ്പെടുത്തുന്നു. മനീഷ് പാണ്ഡെയും കേദാര്‍ ജാദവും ടെസ്റ്റ് ശൈലിയിലാണ് കളിക്കുന്നത്. ഇത് ടീമിന്റെ സ്കോറിങ് റേറ്റിനെ കാര്യമായി ബാധിക്കുന്നുണ്ട്. മധ്യനിരയില്‍ ജേസന്‍ ഹോള്‍ഡര്‍ മാത്രമാണ് അല്‍പ്പം വമ്പനടിക്ക് മുതിരുന്നത്. വാര്‍ണറും വില്യംസണും ഫോമിലേക്കുയര്‍ന്നാല്‍ ഹൈദരാബാദിന്റെ പ്രശ്നങ്ങള്‍ക്ക് ഏറെക്കുറെ പരിഹാരമാവും. ഇന്നത്തെ മത്സരത്തിൽ അഭിമാനം രക്ഷിക്കാൻ ജയം തേടുന്ന ഹൈദരാബാദ് മികച്ച പ്രകടനം നടത്തി രാജസ്ഥാന്റെ പ്രതീക്ഷകൾ കെടുത്തുമോ എന്നാണ് അറിയാനുള്ളത്.
നേർക്കുനേർ മത്സര കണക്കിൽ ഇരുടീമുകളും തുല്യത പാലിച്ചാണ് നിൽക്കുന്നത്. ഇതുവരെ ഏറ്റുമുട്ടിയ 14 മത്സരങ്ങളിൽ ഇരു ടീമുകളും ഏഴ് വീതം മത്സരങ്ങൾ ജയിച്ച് നിൽക്കുകയാണ്. അവസാനം നേർക്കുനേർ വന്ന മത്സരത്തിൽ വിജയം രാജസ്ഥാന് ഒപ്പമായിരുന്നു.
Published by:Naveen
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.