അഫ്ഗാനിസ്ഥാനിൽ ഐപിഎല്ലിന് വിലക്കേർപ്പെടുത്തി താലിബാൻ. അഫ്ഗാനിസ്ഥാനിൽ ഭരണമേറ്റെടുത്തതിന് ശേഷം സ്ത്രീകൾക്ക് കായികമത്സരങ്ങളിൽ പങ്കെടുക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഐപിഎൽ സംപ്രേക്ഷണം രാജ്യത്ത് വിലക്കുന്നതായി താലിബാൻ അറിയിച്ചത്. മതവിരുദ്ധമായ ഘടകങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഐപിഎല്ലിന്റെ പതിനാലാം സീസണിന്റെ രണ്ടാം പാദ മത്സരങ്ങൾ സംപ്രേക്ഷണം ചെയ്യുന്നതിന് താലിബാൻ വിലക്ക് ഏർപ്പെടുത്തിയത്.
ഐപിഎലിനിടെ വനിതകൾ നൃത്തം ചെയ്യുന്നതും പൊതു സ്ഥലമായ സ്റ്റേഡിയങ്ങളിൽ മുടി മറയ്ക്കുന്നില്ലെന്നത് ഉൾപ്പെടെയുള്ള മത വിരുദ്ധമായ ദൃശ്യങ്ങൾ സംപ്രേക്ഷണം ചെയ്യുന്നതിന്റെ അടിസ്ഥാനത്തിലാണ് താലിബാന്റെ ഈ നീക്കം. താലിബാൻ അഫ്ഗാനിൽ ഭരണത്തിലേറുന്നതിന് മുൻപ് രാജ്യത്ത് ഐപിഎൽ മത്സരങ്ങൾ സംപ്രേക്ഷണം ചെയ്തിരുന്നു. എന്നാൽ ഇത് നിർത്തലാക്കിക്കൊണ്ടുള്ള ഇടപെടലാണ് ഇപ്പോൾ താലിബാൻ നടത്തിയിരിക്കുന്നതെന്ന് അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ മുൻ മീഡിയ ചെയർമാനും മാധ്യമപ്രവർത്തകനുമായ എം ഇബ്രാഹിം മൊമന്ദ് ട്വീറ്റ് ചെയ്തു.
ക്രിക്കറ്റ് ഉൾപ്പെടെയുള്ള കായിക ഇനങ്ങളിൽ നിന്നും വനിതകളെ വിലക്കിയെങ്കിലും പുരുഷന്മാരുടെ കായിക മത്സരങ്ങൾക്ക് താലിബാൻ നിയന്ത്രങ്ങൾ ഏർപ്പെടുത്തിയിരുന്നില്ല. താലിബാൻ വനിതകളെ ക്രിക്കറ്റിൽ നിന്നും വിലക്കിയാൽ അഫ്ഗാനിസ്ഥാൻ പുരുഷ ടീമുമായി നവംബറിൽ നടത്താൻ നിശ്ചയിച്ചിരിക്കുന്ന ടെസ്റ്റ് പരമ്പരയിൽ നിന്നും പിന്മാറുമെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ അറിയിച്ചിരുന്നു. എന്നാൽ ഈ സമ്മർദ്ദ തന്ത്രങ്ങൾ ഒന്നും തങ്ങളുടെ തീരുമാനങ്ങൾ പിൻവലിക്കുവാൻ കാരണമാവില്ല എന്നത് കൂടിയാണ് രാജ്യത്ത് ഐപിഎൽ വിലക്കുന്നതിലൂടെ താലിബാൻ വ്യക്തമാക്കുന്നത്.
അതേസമയം, അഫ്ഗാനിൽ നിന്നും ഒരുപിടി താരങ്ങൾ ഇത്തവണയും ഐപിഎല്ലിൽ കളിക്കുന്നുണ്ട്. സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ താരങ്ങളായ റാഷിദ് ഖാൻ, മുഹമ്മദ് നബി, പഞ്ചാബ് കിങ്സിന്റെ മുജീബുർ റഹ്മാൻ എന്നിവർ ഐപിഎല്ലിലെ അഫ്ഗാൻ താരങ്ങൾ.
Also read- IPL 2021 | ചരിത്രനേട്ടത്തിനരികെ കോഹ്ലി; ആർസിബി - കെകെആർ മത്സരത്തിൽ താരങ്ങളെ കാത്തിരിക്കുന്ന റെക്കോർഡുകൾ അറിയാംകോവിഡ് വ്യാപനത്തിന്റെ പ്രതിസന്ധിയിൽ പെട്ട് നിർത്തിവെക്കേണ്ടി വന്ന ഐപിഎല്ലിന്റെ പതിനാലാം സീസൺ ഇന്നലെ വീണ്ടും ആരംഭിച്ചു. യുഎഇയിൽ നടക്കുന്ന രണ്ടാം പാദത്തിന്റെ ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിങ്‌സുമാണ് ഏറ്റുമുട്ടിയത്. മത്സരത്തിൽ മുംബൈയെ 20 റൺസിന് തോൽപ്പിച്ചു. ഇന്ന് നടക്കുന്ന മത്സരത്തിൽ വിരാട് കോഹ്‌ലിയുടെ നേതൃത്വത്തിൽ ഇറങ്ങുന്ന ആർസിബി ഓയിൻ മോർഗന്റെ കെകെആറുമായി ഏറ്റുമുട്ടും. ഇന്ന് വൈകീട്ട് 7.30 ന് അബുദാബിയിലാണ് മത്സരം നടക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.