• HOME
  • »
  • NEWS
  • »
  • sports
  • »
  • IPL 2021 WANINDU HASARANGA IN FOR ADAM ZAMPA SIMON KATICH STEPS DOWN FROM HEAD COACH POSITION KEY CHANGES IN RCB BEFORE IPL SECOND LEG

IPL 2021| ആദം സാംപയ്ക്ക് പകരം വാനിന്ദു ഹസരങ്ക, മുഖ്യ പരിശീലക സ്ഥാനമൊഴിഞ്ഞ്‌ കാറ്റിച്ച്; രണ്ടാം പാദത്തിന് മുൻപ് ആർസിബിയിൽ നിർണായക മാറ്റങ്ങൾ

ശ്രീലങ്കൻ താരങ്ങളായ വാനിന്ദു ഹസരങ്ക, ദുഷ്മന്ത ചമീര, സിംഗപ്പൂർ ക്രിക്കറ്റ് താരമായ ടിം ഡേവിഡ് എന്നിവരെയാണ് ആർസിബി പുതുതായി ടീമിലെടുത്തത്.

Wanindu Hasaranga

Wanindu Hasaranga

  • Share this:
    ഐപിഎൽ രണ്ടാം പാദത്തിന് മുൻപേ നിർണായക മാറ്റങ്ങൾ നടത്തി വിരാട് കോഹ്ലിയുടെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ (ആർസിബി). രണ്ടാം പാദ മത്സരങ്ങൾക്കുള്ള ഒരുക്കങ്ങളുടെ ഭാഗമായി ടീമിൽ വരുത്തിയ മാറ്റങ്ങളെ കുറിച്ച് ആർസിബി അവരുടെ സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെയാണ് പുതിയ വിവരങ്ങൾ പങ്കുവെച്ചത്.

    പുതിയ വിവരങ്ങൾ അനുസരിച്ച് ശ്രീലങ്കൻ താരങ്ങളായ വാനിന്ദു ഹസരങ്ക, ദുഷ്മന്ത ചമീര, സിംഗപ്പൂർ ക്രിക്കറ്റ് താരമായ ടിം ഡേവിഡ് എന്നിവരെയാണ് ആർസിബി പുതുതായി ടീമിലെടുത്തത്. അതേസമയം ആർസിബിയുടെ മുഖ്യ പരിശീലകനായിരുന്ന ഓസ്‌ട്രേലിയക്കാരനായ സൈമൺ കാറ്റിച്ച് ടീമിന്റെ മുഖ്യ പരിശീലക പദവി ഒഴിഞ്ഞതായും അവർ സ്ഥിരീകരിച്ചിട്ടുണ്ട്. സ്ഥാനമൊഴിഞ്ഞ കാറ്റിച്ചിന് പകരമായി ടീമിന്റെ ഡയറക്ടറായിരുന്ന മൈക്ക് ഹെസ്സൺ പരിശീലക സ്ഥാനമേൽക്കും.

    ശ്രീലങ്കൻ താരമായ ഹസരങ്കയെ ഓസ്‌ട്രേലിയൻ സ്പിന്നറായ ആദം സാംപയ്ക്ക് പകരമായാണ് ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അടുത്തിടെ ഇന്ത്യൻ ടീം നടത്തിയ ശ്രീലങ്കൻ പര്യടനത്തിൽ കാഴ്ചവെച്ച മികച്ച പ്രകടനമാണ് ഹസരങ്കയ്ക്ക് ആർസിബിയിലേക്കുള്ള വഴി തുറന്നുകൊടുത്തത്. ടി20 പരമ്പരയിൽ മികച്ച പ്രകടനം നടത്തിയതിന് ശേഷം ഐപിഎല്ലിൽ നിന്നും രണ്ട് ഫ്രാഞ്ചൈസികൾ തന്നെ സമീപിച്ചിരുന്നതായി ഹസരങ്ക വെളിപ്പെടുത്തിയിരുന്നു. താരത്തിന്റെ മികവിൽ ഇന്ത്യയെ തോൽപ്പിച്ച് ശ്രീലങ്ക ടി20 പരമ്പര കൈക്കലാക്കിയിരുന്നു.

    ഹസരങ്കയ്ക്ക് പുറമെ ടീമിലെത്തിയ ശ്രീലങ്കയുടെ തന്നെ ദുഷ്മന്ത ചമീര, സിംഗപ്പൂർ ക്രിക്കറ്റ് താരമായ ടിം ഡേവിഡ് എന്നിവരും ടീമിലെ മറ്റ് താരങ്ങൾക്ക് പകരക്കാരായി വന്നവരാണ്. ന്യൂസിലന്‍ഡിന്റെ ഫിന്‍ അലന്‍, സ്‌കോട്ട് കുഗ്ലൈൻ എന്നിവര്‍ക്ക് പകരമാണ് ഇരുവരെയും ആർസിബി ടീമിലെടുത്തിരിക്കുന്നത്. കിവീസ് താരങ്ങളായ ഇരുവരും ബംഗ്ലാദേശിനെതിരായുള്ള പരമ്പരയ്ക്കുള്ള ടീമിൽ ഉൾപ്പെട്ടതുകൊണ്ട് ഐപിഎല്ലില്‍ നിന്ന് പിന്മാറുകയായിരുന്നു. ആർസിബിയുടെ മറ്റൊരു താരമായ കെയ്ൻ റിച്ചാർഡ്സൺ ഐപിഎല്ലിൽ പങ്കെടുക്കുന്നില്ല.

    ഐപിഎൽ രണ്ടാം പാദത്തിനായി ആർസിബി താരങ്ങൾ ഓഗസ്റ്റ് 29ന് യുഎഇയിലേക്ക് തിരിക്കുമെന്ന് മൈക്ക് ഹെസ്സൺ വ്യക്തമാക്കി. യുഎഇയിൽ ചെന്ന ശേഷം ഏഴ് ദിവസത്തെ നിർബന്ധിത ക്വാറന്റീൻ പൂർത്തിയാക്കിയ ശേഷമാകും ടീം പരിശീലനത്തിന് ഇറങ്ങുന്നത്. ഐപിഎല്ലിൽ തങ്ങളുടെ ആദ്യ കിരീടം ലക്ഷ്യമിടുന്ന ആർസിബി ഇക്കുറി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

    Also read- ഐപിഎല്‍ രണ്ടാം പാതി സ്‌റ്റൈല്‍ ആകുമെന്ന് ധോണി; കളര്‍ഫുള്‍ പ്രൊമോ വീഡിയോ പുറത്തിറക്കി സ്റ്റാര്‍സ്‌പോര്‍ട്‌സ്

    കോവിഡ് വ്യാപനം മൂലം ടൂർണമെന്റ് നിർത്തിവെക്കേണ്ടി വന്നപ്പോൾ എഴ്സ് മത്സരങ്ങളിൽ നിന്നും 10 പോയിന്റുമായി മൂന്നാം സ്ഥാനത്ത് തന്നെയുണ്ട് ആർസിബി. ടീമിലെ താരങ്ങൾ എല്ലാം തന്നെ മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ട് എന്നത് അവർക്ക് വലിയ ആത്മവിശ്വാസമാണ് നൽകുന്നത്. സെപ്റ്റംബർ 20ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സുമായാണ് രണ്ടാം പാദത്തിലെ അവരുടെ ആദ്യ മത്സരം.

    രണ്ടാം പാദ മത്സരങ്ങൾക്ക് ഒരുങ്ങുന്നതിനായി ചെന്നൈ, മുംബൈ ടീമുകൾ നേരത്തെ തന്നെ യുഎഇയിൽ എത്തിയിട്ടുണ്ട്. ക്വാറന്റീൻ പൂർത്തിയാക്കിയ ഇരുടീമുകളും പരിശീലനവും നടത്തുന്നുണ്ട്.
    Published by:Naveen
    First published:
    )}