ഐപിഎൽ 15-ാ൦ (IPL 2022) സീസണിന്റെ മത്സരക്രമം പുറത്തുവിട്ട് ബിസിസിഐ (BCCI). 10 ടീമുകൾ മത്സരിക്കുന്ന ടൂർണമെന്റിൽ മൊത്തം 74 മത്സരങ്ങളാണുള്ളത്. മാർച്ച് 26 ന് ആരംഭിച്ച് 65 ദിവസം നീണ്ടുനിൽക്കുന്ന ടൂർണമെന്റിലെ ഫൈനൽ മെയ് 29 നാണ്. കോവിഡ് വ്യാപനംമൂലം മുംബൈയിലും പുണെയിലുമായിട്ടാണ് ടൂർണമെന്റ് നടക്കുന്ന ഈ സീസണിലെ ഉദ്ഘാടന മത്സരം നിലവിലെ ചാമ്പ്യന്മാരായ എം എസ് ധോണിയുടെ (M S Dhoni) ചെന്നൈ സൂപ്പർ കിങ്സും (Chennai Super Kings, CSK) ശ്രേയസ് അയ്യർ (Shreyas Iyer) നയിക്കുന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്സും (Kolkata Knight Riders, KKR) തമ്മിലാണ്. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.
കഴിഞ്ഞ സീസണിൽ നിന്നും വ്യത്യസ്തമായാണ് ഇത്തവണ പോരാട്ടങ്ങൾ നടക്കുന്നത്. സ്ഥിരം ഘടനമാറ്റി രണ്ടു ഗ്രൂപ്പായി തിരിഞ്ഞാണ് ഇത്തവണ ലീഗ് റൗണ്ട് മത്സരങ്ങള്‍ നടക്കുക. രണ്ടു ഗ്രൂപ്പുകളായി തിരിഞ്ഞാണ് മത്സരമെങ്കിലും എല്ലാ ടീമുകള്‍ തമ്മിലും മത്സരം നടക്കും. പക്ഷേ ചില ടീമുകള്‍ക്കെതിരേ ഹോം ആന്‍ഡ് എവേ രീതിയില്‍ രണ്ടു മത്സരങ്ങള്‍ കളിക്കുമ്പോള്‍ മറ്റു ചില ടീമുകള്‍ക്കെതിരേ ഒരു മത്സരം മാത്രമാണ് ഉണ്ടാവുക. പത്ത് ടീമുകള്‍ ഐപിഎലിന്റെ ഭാഗമായിരുന്ന 2011ലെ രീതിയുമായി സാമ്യമുള്ളതാണ് ഇത്തവണത്തെ മത്സരക്രമവും. ഓരോ ടീമുകളും എത്ര തവണ ഐപിഎല്‍ ചാമ്പ്യന്മാരായി, എത്ര തവണ ഫൈനല്‍ കളിച്ചു എന്നീ ഘടകങ്ങള്‍ പരിഗണിച്ച് പ്രത്യേകം സീഡിങ് തയാറാക്കിയാണ് ടീമുകളെ രണ്ടു ഗ്രൂപ്പുകളാക്കി തിരിച്ചത്. ഇതുപ്രകാരം, അഞ്ച് തവണ ഐപിഎല്‍ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിന്റെ നേതൃത്വത്തില്‍ ഒരു ഗ്രൂപ്പും നാല് തവണ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്സിന്റെ നേതൃത്വത്തിലുള്ള ഒരു ഗ്രൂപ്പുമാണ് ഇത്തവണയുള്ളത്.
ആദ്യത്തെ ഗ്രൂപ്പിൽ മുംബൈ ഇന്ത്യന്‍സിനൊപ്പം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, രാജസ്ഥാന് റോയല്‍സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, ലക്നൗ സൂപ്പര്‍ ജയന്റ്സ് എന്നിവര്‍ അണിനിരക്കുമ്പോൾ രണ്ടാമത്തെ ഗ്രൂപ്പിൽ ചെന്നൈ സൂപ്പര്‍ കിങ്സിനൊപ്പം സണ്‍റൈസേഴ്സ് ഹൈദരാബാദ്, റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍, പഞ്ചാബ് കിങ്സ്, ഗുജറാത്ത് ടൈറ്റന്‍സ് എന്നീ ടീമുകളാണ് ഉൾപ്പെടുന്നത്.
10 ടീമുകളും 14 മത്സരങ്ങള്‍ വീതമാണ് കളിക്കുക. അതില്‍ ഏഴ് ഹോം മത്സരങ്ങളും ഏഴ് എവേ മത്സരങ്ങളുമാണ് ഉണ്ടാകുക. അങ്ങനെ 10 ടീമുകള്‍ക്കുമായി ആകെ 70 മത്സരങ്ങള്‍. ഓരോ ഗ്രൂപ്പിലെയും ടീമുകള്‍ പരസ്പരം രണ്ട് മത്സരങ്ങള്‍ വീതം കളിക്കും. രണ്ടാമത്തെ ഗ്രൂപ്പിലെ ഒരു ടീമുമായി രണ്ട് മത്സരങ്ങളും ബാക്കി ടീമുകളുമായി ഓരോ മത്സരങ്ങളുമാണ് കളിക്കേണ്ടത്.
Also read-
IPL 2022 |സഞ്ജുവിന് കാര്യങ്ങള്‍ എളുപ്പമാകില്ല; ഗ്രൂപ്പില്‍ ഒപ്പമുള്ളത് മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത, ലക്നൗ ടീമുകള്‍
70 ലീഗ് മത്സരങ്ങളുടെ ക്രമമാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. ഫൈനൽ മത്സരത്തിന്റെ തീയതി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും മറ്റ് പ്ലേ ഓഫ് മത്സരങ്ങളുടെ കാര്യം തീരുമാനമായിട്ടില്ല.
വാങ്കഡെ സ്റ്റേഡിയം, ഡി വൈ പാട്ടീല്‍ സ്റ്റേഡിയ൦, ബ്രാബോൺ സ്റ്റേഡിയം, മുംബൈ ക്രിക്കറ്റ് അസോസിയേഷൻ ഗ്രൗണ്ട് എന്നിങ്ങനെ നാല് വേദികളിലായാണ് മത്സരങ്ങൾ നടക്കുക. ഇതിൽ വാങ്കഡെയിലും ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തിലുമായി 20 മത്സരങ്ങൾ വീതവും ബ്രാബോൺ സ്റ്റേഡിയം, മുംബൈ ക്രിക്കറ്റ് അസോസിയേഷൻ ഗ്രൗണ്ട് എന്നിവിടങ്ങളിലായി 15 വീതം മത്സരങ്ങളും നടക്കും. മെയ് 29ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് കലാശപ്പോര്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.