മുംബൈ: രാജ്യത്ത് ഉയരുന്ന കോവിഡ് കേസുകളുടെ എണ്ണം കായിക രംഗത്തേയും ബാധിക്കുന്നു. കോവിഡ് വ്യാപനം സൃഷ്ടിച്ച പ്രതിസന്ധിമൂലം ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്റായ രഞ്ജി ട്രോഫിയും ഫുട്ബോൾ ലീഗായ ഐ ലീഗും മാറ്റിവെച്ചതിന് പിന്നാലെ ഐപിഎൽ (IPL) നടത്തിപ്പും ഭീഷണിയിൽ. കോവിഡ് വ്യാപനത്തിനിടയിലും ഐപിഎൽ ഇന്ത്യയിൽ തന്നെ നടത്താനുള്ള പദ്ധതികൾ തയ്യാറാക്കുകയാണ് ബിസിസിഐ (BCCI). ഇതിന്റെ ഭാഗമായി ഈ വർഷത്തെ ഐപിഎൽ (IPL 2022) മഹാരാഷ്ട്രയിൽ (Maharashtra) മാത്രമായി നടത്താൻ ഒരുങ്ങുകയാണ് ബിസിസിഐ.
മഹാരാഷ്ട്രയിൽ, പ്രത്യേകിച്ചും മുംബൈയിൽ കോവിഡ് കേസുകൾ വൻ തോതിൽ റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും കർശനമായ ഉപാധികളോടെ കായിക മത്സരങ്ങൾ നടത്തുന്നതിന് സർക്കാർ അനുമതി നൽകിയിരുന്നു. ഈ സാഹചര്യം പരിഗണിച്ചാണ് ഐപിഎൽ പൂർണമായും മഹാരാഷ്ട്രയിൽ നടത്താൻ ബിസിസിഐ ആലോചിക്കുന്നത്. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയം, ബ്രാബോൺ സ്റ്റേഡിയം, നവി മുംബൈയിലെ ഡിവൈ പാട്ടീൽ സ്റ്റേഡിയം, പുണെയ്ക്കു സമീപമുള്ള മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം എന്നിവിടങ്ങളിലായി ഇത്തവണത്തെ ഐപിഎൽ നടത്താനാണ് ബിസിസിഐ ആലോചിക്കുന്നത്. കോവിഡ് വ്യാപനം നിയത്രണാതീതമായാൽ മുൻകരുതലെന്ന നിലയിൽ ‘പ്ലാൻ ബി’ തയ്യാറാക്കുകയാണ് ബിസിസിഐ.
‘മുംബൈയിലെ സ്റ്റേഡിയങ്ങൾ ഐപിഎൽ നടത്തുവാൻ ലഭ്യമാകുമോ എന്നറിയാൻ ബിസിസിഐ സിഇഒ ഹേമങ് അമിൻ കഴിഞ്ഞ ദിവസം മുംബൈ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് വിജയ് പാട്ടീലിനെ ബന്ധപ്പെട്ടിരുന്നു. മുംബൈ ക്രിക്കറ്റ് അസോസിയേഷന്റെ യോഗം നടക്കുന്ന സാഹചര്യത്തിലായിരുന്നു ഇത്. പിന്നീട് അമിനും പാട്ടീലും ചേർന്ന് എൻസിപി അധ്യക്ഷൻ ശരദ് പവാറിനെ കണ്ട് അദ്ദേഹത്തിന്റെ അഭിപ്രായം ചോദിച്ചിട്ടുണ്ട്. ബിസിസിഐ മുന്നോട്ടുവെച്ച നിർദ്ദേശം അദ്ദേഹം അംഗീകരിച്ചിട്ടുണ്ട്’ – ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ‘ടൈംസ് ഓഫ് ഇന്ത്യ’ റിപ്പോർട്ട് ചെയ്തു.
Also read- I
ND VS WI | ഇന്ത്യ - വിൻഡീസ് ടി20 പരമ്പര; തിരുവനന്തപുരത്തെ മത്സരം മാറ്റിയേക്കും; കോവിഡ് വ്യാപനം ആശങ്ക‘ഏതാനും ദിവസങ്ങൾക്കുള്ളിൽ ഹേമങ് അമിനും വിജയ് പാട്ടീലും ചേർന്ന് ഇക്കാര്യം ചർച്ച ചെയ്യാനായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ചീഫ് സെക്രട്ടറി ദേബാശിഷ് ചക്രവർത്തി എന്നിവരെ കാണും. കർശനമായ ബയോ ബബ്ൾ നിയന്ത്രണങ്ങളോടെ ആരാധകറീ പ്രവേശിപ്പിക്കാതെ നടത്തുന്ന മത്സരങ്ങളായതിനാൽ സർക്കാരിന്റെ അനുമതി ലഭിക്കാൻ പ്രയാസമുണ്ടാകില്ലെന്നാണ് കരുതുന്നത്. ടൂർണമെന്റിൽ പങ്കെടുക്കുന്ന കളിക്കാരേയും ഒഫീഷ്യൽസിനെയും സ്ഥിരമായി കോവിഡ് പരിശോധനയ്ക്കും വിധേയരാക്കും’ – റിപ്പോർട്ടിൽ പറയുന്നു.
ഹോം, എവേ മത്സരങ്ങളായാണ് ഐപിഎൽ നടത്താറുള്ളതെങ്കിലും, കോവിഡ് കേസുകളിൽ രേഖപ്പെടുത്തുന്ന വർധനവാണ് ചുരുങ്ങിയ വേദികളിലായി മത്സരം നടത്താൻ ബിസിസിഐ ആലോചിക്കുന്നത്.
മുംബൈയിലെ മൂന്ന് സ്റ്റേഡിയങ്ങളിലും പുണെയിലെ ഒരു സ്റ്റേഡിയത്തിലുമായി ടൂർണമെന്റ് ഒതുങ്ങുമ്പോൾ ടീമുകളുടെ യാത്ര നിയന്ത്രിക്കാമെന്നതാണ് ഏറ്റവും വലിയ ഗുണം. കഴിഞ്ഞ സീസണിൽ കടുത്ത ബയോ ബബ്ൾ നിയന്ത്രണങ്ങൾക്കിടയിലും ടീമംഗങ്ങൾക്കിടയിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത് വിവിധ സ്റ്റേഡിയങ്ങളിലേക്കുള്ള ടീമുകളുടെ യാത്രകൾ കൂടി കാരണമായി എന്ന വിലയിരുത്തലുമുണ്ടായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.