ഐപിഎല്‍ പതിനഞ്ചാം സീസണിന് (IPL 2022) മുന്നോടിയായുള്ള മെഗാ താരലേല൦ (Mega Auction) ആഴ്ചകളുടെ അകലത്തിൽ നിൽക്കെ ആരാധകർക്ക് ഇടയിലും ക്രിക്കറ്റ് പണ്ഡിതർക്കിടയിലും ലേലത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായിക്കഴിഞ്ഞു. വരും സീസൺ ഐപിഎല്ലിൽ രണ്ട് പുതിയ ഫ്രാഞ്ചൈസികള്‍ ഉൾപ്പെടെ 10 ടീമുകൾ മത്സരിക്കാൻ ഇറങ്ങുന്നുണ്ട് എന്നതിന് പുറമെ ഓരോ ടീമും സമ്പൂർണമായ അഴിച്ചുപണിക്ക് തയാറെടുക്കുന്നു എന്നതും ഇത്തവണത്തെ മെഗാ താരലേലത്തെ ആവേശകരമാക്കുന്നുണ്ട്. ഇപ്പോഴിതാ ലേലത്തിൽ മുഖ്യാകർഷണം ആയേക്കാവുന്ന താരത്തെ കുറിച്ച് പ്രവചനം നടത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്‍റേറ്ററുമായ ആകാശ് ചോപ്ര (Aakash Chopra). ലേലത്തിൽ പങ്കെടുക്കുന്ന 10 ടീമുകളും ഈ താരത്തിന് വേണ്ടി പണമെറിയുമെന്നാണ് ചോപ്ര പ്രവചിക്കുന്നത്.
നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്സ് (CSK) റിലീസ് ചെയ്ത അവരുടെ മീഡിയം പേസറായ യുവതാരം ദീപക് ചാഹറിനെ (Deepak Chahar) കുറിച്ചാണ് ചോപ്ര പറയുന്നത്. ന്യൂബോളിൽ മൂന്ന് ഓവർ മികവോടെ എറിയുമെന്ന് ഉറപ്പു നൽകാവുന്ന താരമെന്ന നിലയിലും വിക്കറ്റെടുക്കാനുള്ള താരത്തിന്റെ മികവ് പരിഗണിച്ചും താരലേലത്തിൽ 10 ടീമും ചാഹറിനായി രംഗത്തുണ്ടാകുമെന്നാണ് ചോപ്ര പ്രവചിക്കുന്നത്. ഇന്ത്യൻ ജഴ്സിയിൽ ബാറ്റുകൊണ്ട് പുറത്തെടുത്ത മിന്നുന്ന പ്രകടനങ്ങൾ ഇത്തവണ ചാഹറിന്റെ മൂല്യം വർധിപ്പിക്കുമെന്നും ചോപ്ര വിലയിരുത്തി.
'ന്യൂ ബോളില്‍ സ്ഥിരതയോടെ വിക്കറ്റ് നേടാന്‍ ദീപക് ചാഹറിനാകുന്നു. ഇക്കാര്യത്തിൽ ചാഹറുമായി താരതമ്യം ചെയ്യാവുന്ന മറ്റ് ഇന്ത്യൻ ബോളർമാർ തീരെ വിരളമാണ്. ആദ്യ മൂന്ന് ഓവറിൽ ദീപക് ചാഹർ ടീമിന്റെ ഏറ്റവും വിശ്വസ്തനായ ബൗളറാണ്. പവര്‍പ്ലേ ഓവറുകളില്‍ വിക്കറ്റ് നേടിയെടുത്ത് എതിർ ടീമുകളുടെ നട്ടെല്ല് തകർക്കാൻ കഴിയുന്ന ബൗളറാണ് ചാഹർ. ഡെത്ത് ഓവറുകളിൽ അസാമാന്യ മികവ് പുലർത്തുന്ന ബൗളർ എന്ന് വിശേഷിപ്പിക്കാൻ കഴിയില്ലെങ്കിലും പരീക്ഷിക്കാം. ചെന്നൈ അദ്ദേഹത്തിനായി രംഗത്തുണ്ടാകും ഒപ്പം പുതിയ ടീമുകളായ അഹമ്മദാബാദും ലക്‌നൗവും. എല്ലാ ടീമിനും ചാഹറിൽ ഒരു നോട്ടമുണ്ടാകുമെന്ന് തീർച്ച.' - ചോപ്ര പറഞ്ഞു.
Also read-
IND vs WI | വെസ്റ്റിൻഡീസിനെതിരായ പരമ്പര; മലയാളി താരം മിഥുൻ റിസർവ് ടീമിൽ'ലേലത്തിൽ ചാഹറിനെ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർ കാര്യമായി തന്നെ പണം ചിലവാക്കേണ്ടതായി വരും. അടുത്തിടെ നടന്ന പരമ്പരകളിൽ ബാറ്റ് കൊണ്ടും തന്റെ മികവ് അദ്ദേഹം തെളിയിച്ചു കാണിച്ചതിനാൽ ബാറ്റിങ്ങിലും താരം ഒരു മുതൽക്കൂട്ടായിരിക്കും. അതിനാൽ ചാഹറിന് മികച്ച പ്രതിഫലം ലഭിക്കുമെന്ന് തീർച്ച.' - ചോപ്ര കൂട്ടിച്ചേർത്തു.
ഈ വർഷത്തെ ഐപിഎൽ താരലേലത്തിനു മുന്നോടിയായി ചെന്നൈ സൂപ്പർ കിങ്സ് റിലീസ് ചെയ്ത താരങ്ങളിൽ പ്രമുഖനാണ് ചാഹർ. താരലേലത്തിനു മുന്നോടിയായി ഐപിഎൽ ചട്ടപ്രകാരം നാലു താരങ്ങളെയാണ് ചെന്നൈ സൂപ്പർ കിങ്സ് നിലനിർത്തിയിരിക്കുന്നത്. ഇന്ത്യയുടെ സ്റ്റാർ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയെയാണ് (16 കോടി രൂപ) ഒന്നാമനായി ചെന്നൈ നിലനിർത്തിയത്. ക്യാപ്റ്റൻ കൂടിയായ മഹേന്ദ്രസിങ് ധോണിയെ 12 കോടി രൂപയ്ക്കും വിദേശ താരമായി ഇംഗ്ലണ്ടിന്റെ മോയിൻ അലിയെ 8 കോടി രൂപയ്ക്കും യുവതാരം ഋതുരാജ് ഗെയ്ക്‌വാദിനെ ആറു കോടി രൂപയ്ക്കുമായിരുന്നു ചെന്നൈ നിലനിർത്തിയത്.
Also read -
MS Dhoni | ഐപിഎൽ താരലേലം ആഴ്ചകൾ അകലെ; 'തലയെടുപ്പുള്ള' തന്ത്രങ്ങൾ ഒരുക്കാൻ ധോണി ചെന്നൈയിലെത്തി2018 മുതൽ ചെന്നൈയുടെ ഒപ്പമുണ്ടായിരുന്ന ചാഹറിനെ തുടർച്ചയായ അഞ്ചാം സീസണിലും നിലനിർത്താൻ തന്നെയാകും ചെന്നൈ ലക്ഷ്യമിടുന്നത്. ചെന്നൈ ക്യാപ്റ്റൻ എം എസ് ധോണി ന്യൂബോളിൽ ഏറ്റവും കൂടുതൽ വിശ്വാസം അർപ്പിച്ചിരുന്ന താരം കൂടിയാണ് ചാഹർ എന്ന് പരിഗണിക്കുമ്പോൾ ഈ സീസണിലും താരത്തെ ചെന്നൈ മഞ്ഞ ജേഴ്സിയിൽ കാണാനായേക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഐപിഎല്ലിൽ ഇതുവരെ 63 മത്സരങ്ങൾ കളിച്ച ചാഹർ, 59 വിക്കറ്റുകൾ നേടിയിട്ടുണ്ട്. 2019 സീസണില്‍ 22 വിക്കറ്റുകള്‍ നേടിയതാണ് മികച്ച പ്രകടനം.
ഈ വർഷത്തെ ഐപിഎൽ താരലേലം ഫെബ്രുവരി 12, 13 തീയതികളിലായി ബെംഗളൂരുവിലാണ് നടക്കുന്നത്. താരലേലത്തിനായി ആകെ 1214 താരങ്ങളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ പുതുതായി ഐപിഎല്ലിന്റെ ഭാഗമായ രണ്ടു ടീമുകൾ ഉൾപ്പെടെ 10 ടീമുകളും താത്പര്യം പ്രകടിപ്പിക്കുന്ന താരങ്ങളെ ഉൾപ്പെടുത്തിയുള്ള ചുരുക്കപ്പട്ടിക തയാറാക്കിയ ശേഷമാകും ലേലം നടക്കുക.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.