• HOME
  • »
  • NEWS
  • »
  • sports
  • »
  • Delhi Capitals | മുംബൈയിൽ ഡൽഹി ക്യാപിറ്റൽസിന്റെ ബസിന് നേരെ ആക്രമണ൦; അഞ്ച് പേർ അറസ്റ്റിൽ

Delhi Capitals | മുംബൈയിൽ ഡൽഹി ക്യാപിറ്റൽസിന്റെ ബസിന് നേരെ ആക്രമണ൦; അഞ്ച് പേർ അറസ്റ്റിൽ

സംഭവത്തിൽ അറസ്റ്റിലായ മഹാരാഷ്ട്ര നവനിർമാൺ സേനയുടെ അഞ്ച് മുതിർന്ന നേതാക്കൾക്കെതിരെ ഐപിസി 143,147,149,427 വകുപ്പുകള്‍ പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

Image: ANI, Twitter

Image: ANI, Twitter

  • Share this:
    മുംബൈ: ഡല്‍ഹി ക്യാപിറ്റല്‍സിന്റെ (Delhi Capitals) ടീം ബസിന് നേരെ ആക്രമണം. രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിർമാൺ സേനയിലെ (Maharashtra Navnirman Sena) പ്രവർത്തകരാണ് വരും സീസണിൽ താരങ്ങളെ കൊണ്ടുപോകാനായി മുംബൈയിലെ ഒരു പഞ്ച നക്ഷത്ര ഹോട്ടലിന് പുറമെ പാർക്ക് ചെയ്തിരുന്ന ബസിന്റെ ചില്ലുകൾ തകർത്തത്.

    സംഭവത്തെ തുടർന്ന് സ്ഥലത്തെത്തിയ കൊളാബോ പോലീസ് ആക്രമണവുമായി ബന്ധമുള്ള അഞ്ച് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 15ന് അർധരാത്രിയോടെയായിരുന്നു സംഭവം. ബസിന് സമീപത്തേക്ക് എത്തിയ അരഡസനോളം പാർട്ടി പ്രവർത്തകർ ബസിന്റെ മുൻവശത്ത് അവരുടെ ആവശ്യങ്ങൾ ഉന്നയിച്ചുള്ള പോസ്റ്ററുകൾ പതിപ്പിക്കുകയും മുദ്രാവാക്യങ്ങൾ വിളിക്കുകയും പിന്നാലെ ബസിന്റെ ചില്ലുകൾ അടിച്ച് തകർക്കുകയുമായിരുന്നു.


    സംസ്ഥാനത്തിന് പുറത്ത് നിന്ന് ബസുകള്‍ കൊണ്ടുവരുന്നതിലൂടെ പ്രദേശവാസികളായ ബസ് ജീവനക്കാർക്ക് ലഭിക്കേണ്ട അവസരങ്ങൾ നഷ്ടമാകുന്നുവെന്ന് ആരോപിച്ചായിരുന്നു ആക്രമണം.


    സംഭവത്തിൽ പ്രശാന്ത് ഗാന്ധി, സന്തോഷ് ജാദവ്, ഭർമ്മു നന്ദൂർക്കർ എന്നിവരുൾപ്പെടെ നവനിർമാൺ സേനയുടെ അഞ്ച് മുതിർന്ന നേതാക്കൾക്കെതിരെ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് കേസ് എടുത്തിട്ടുണ്ട്. ഐപിസി 143,147,149,427 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

    മുംബൈയിലെ കൊളാബോയിൽ സ്ഥിതി ചെയുന്ന താജ് പാലസ് ഹോട്ടലിലാണ് ഡൽഹി ക്യാപിറ്റൽസ് അവരുടെ കളിക്കാർക്കായി താമസമൊരുക്കിയിരിക്കുന്നത്. മാര്‍ച്ച് 26 ന് ആരംഭിക്കുന്ന ഐപിഎല്ലിന്റെ 15-ാ൦ സീസണിൽ ഋഷഭ് പന്തിന്റെ നേതൃത്വത്തിൽ ഡൽഹി ഇറങ്ങുന്നത്. സീസണിൽ ഡല്‍ഹിയുടെ ആദ്യ മത്സരം അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിനെതിരെയാണ് മാര്‍ച്ച് 27ന് ബ്രാബോൺ സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം നടക്കുന്നത്.

    Also read- IPL 2022 |പുതിയ സീസണിലെ ജേഴ്‌സി പുറത്തുവിട്ട് രാജസ്ഥാന്‍; അഭിനയിച്ചുതകര്‍ത്ത് സഞ്ജുവും ചഹലും

    ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹി ക്യാപിറ്റൽസ് ടീം താമസിക്കുന്ന ഹോട്ടലിന് ചുറ്റും സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.

    കോവിഡ് വ്യാപനം പ്രതിസന്ധി സൃഷ്ടിച്ചത് മൂലം ഇത്തവണത്തെ ഐപിഎൽ മുംബൈയിലും പുണെയിലും മാത്രമായിട്ടാണ് നടക്കുന്നത്. വാങ്കഡെ സ്റ്റേഡിയം, ഡി വൈ പാട്ടീല്‍ സ്റ്റേഡിയ൦, ബ്രാബോൺ സ്റ്റേഡിയം, മുംബൈ ക്രിക്കറ്റ് അസോസിയേഷൻ ഗ്രൗണ്ട് എന്നിങ്ങനെ നാല് വേദികളിലായാണ് മത്സരങ്ങൾ നടക്കുക. ഇതിൽ വാങ്കഡെയിലും ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തിലുമായി 20 മത്സരങ്ങൾ വീതവും ബ്രാബോൺ സ്റ്റേഡിയം, മുംബൈ ക്രിക്കറ്റ് അസോസിയേഷൻ ഗ്രൗണ്ട് എന്നിവിടങ്ങളിലായി 15 വീതം മത്സരങ്ങളും നടക്കും. മെയ് 29ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് കലാശപ്പോര്.
    Published by:Naveen
    First published: