നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • Hardik Pandya | 'മറക്കില്ലൊരിക്കലും'; മുംബൈ ഇന്ത്യൻസിനോട് വിടപറഞ്ഞ് ഹാർദിക് പാണ്ഡ്യ

    Hardik Pandya | 'മറക്കില്ലൊരിക്കലും'; മുംബൈ ഇന്ത്യൻസിനോട് വിടപറഞ്ഞ് ഹാർദിക് പാണ്ഡ്യ

    2015ലെ ഐപിഎൽ താരലേലത്തിലാണ് ഹാർദിക് പാണ്ഡ്യ ആദ്യമായി മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമാകുന്നത്.

    Hardik Pandya (Image: Twitter)

    Hardik Pandya (Image: Twitter)

    • Share this:
      ഐപിഎല്‍ 15-ാ൦ (IPL 2022) സീസണിന് മുന്നോടിയായി മുംബൈ ഇന്ത്യൻസിനോട് (Mumbai Indians) വിടപറഞ്ഞ് ഹാർദിക്‌ പാണ്ഡ്യയുടെ (Hardik Pandya) വികാരനിർഭരമായ കുറിപ്പ്. മെഗാ താരലേലം നടക്കുന്ന അടുത്ത സീസണിന് മുന്നോടിയായി മുംബൈ നിലനിർത്തിയ താരങ്ങളുടെ പട്ടികയിൽ ഇടം നേടിയിട്ടില്ലെന്നത് വ്യക്തമായതിന് പിന്നാലെയാണ് താൻ ദീർഘകാലം കളിച്ച ടീമിനോട് വിടപറഞ്ഞുകൊണ്ടുള്ള കുറിപ്പ് ഹാർദിക് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്. മുംബൈ ഇന്ത്യൻസിന് ഒപ്പമുള്ള ഓർമകൾ എക്കാലവും തന്റെ ഹൃദയത്തിലുണ്ടാകുമെന്നും അവ ഒരിക്കലും മറക്കാൻ കഴിയുന്നതല്ല എന്നും ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പോസ്റ്റിൽ ഹാർദിക് കുറിച്ചു.

      അടുത്ത സീസണിൽ നടക്കാനിരിക്കുന്ന ലേലത്തിന് മുന്നോടിയായി ക്യാപ്റ്റൻ രോഹിത് ശർമ, ജസ്പ്രീത് ബുംറ, സൂര്യകുമാർ യാദവ്, കിറോൺ പൊള്ളോർഡ് എന്നീ നാല് താരങ്ങളെയാണ് മുംബൈ നിലനിർത്തിയത്. ഇതോടെ മുംബൈക്കൊപ്പം വർഷങ്ങളായി കളിച്ചിരുന്ന താരങ്ങളായ ഹാർദിക് പാണ്ഡ്യ, ക്രുനാൽ പാണ്ഡ്യ, ഇഷാൻ കിഷൻ എന്നിവർ ടീമിനൊപ്പം തുടരാനുള്ള സാധ്യത മങ്ങുകയായിരുന്നു. താരലേലത്തിലൂടെ ഇവരെ തിരികെ എത്തിക്കാൻ അവസരമുണ്ടെങ്കിലും ടീമിനൊപ്പം തുടർന്നുണ്ടാകില്ല എന്ന സൂചനയാണ് ഹാർദിക്കിന്റെ പോസ്റ്റിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നത്.

      മുംബൈ ഇന്ത്യൻസിനൊപ്പമുള്ള എന്റെ യാത്ര എന്ന് പറഞ്ഞുകൊണ്ടാണ് ഹാർദിക് പാണ്ഡ്യയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ് ആരംഭിക്കുന്നത്. ടീമിനൊപ്പം ചിലവിട്ട നിമിഷങ്ങളും നേടിയ നേട്ടങ്ങളും, ഇക്കാലയളവിൽ സംഭവിച്ച ഉയർച്ചകളും താഴ്ചകളും, അങ്ങനെ മുംബൈക്കൊപ്പമുള്ള ഓരോ നിമിഷങ്ങളും എന്റെ ഹൃദയത്തിലാണ് സൂക്ഷിക്കുന്നതെന്നും പാണ്ഡ്യ കുറിച്ചു.



      ‘ഈ ഓർമകൾ എക്കാലവും എന്നോടൊപ്പമുണ്ടാകും, അവ എന്റെ ഹൃദയത്തിലാണ് ഞാൻ സൂക്ഷിക്കുന്നത്. ഇവിടെ എത്തിയതിന് ശേഷം ഞാനുണ്ടാക്കിയ സൗഹൃദങ്ങൾ, രൂപപ്പെടുത്തിയ ബന്ധങ്ങൾ, മുംബൈ ഇന്ത്യൻസിലെ അംഗങ്ങൾ, ആരാധകർ; എല്ലാവരോടും ഞാൻ വളരെയധികം കടപ്പെട്ടിരിക്കുന്നു. ഒരു കളിക്കാരൻ എന്നതിലുപരി ഒരു വ്യക്തി എന്ന നിലയിലുള്ള എന്റെ വളർച്ചയിലും മുംബൈക്കുള്ള പങ്ക് വളരെ വലുതാണ്. ഒരുപാട് സ്വപ്നങ്ങളുമായാണ് വർഷങ്ങൾക്ക് മുൻപ് ഞാൻ ഇവിടെയെത്തിയത്. നമ്മൾ ഒരുമിച്ചു കളിച്ചു, ഒരുമിച്ചു ജയിച്ചു, ഒരുമിച്ചു തോറ്റു, ഒരുമിച്ചു പൊരുതി. ഈ ടീമിനൊപ്പമുള്ള ഓരോ നിമിഷത്തിനും എന്റെ ജീവിതത്തിൽ വലിയ സ്ഥാനമുണ്ട്. എല്ലാ നല്ല കാര്യങ്ങൾക്കും ഒരു അവസാനമുണ്ടാകുമല്ലോ. മുംബൈ ഇന്ത്യൻസ് എക്കാലവും എന്റെ ഹൃദയത്തിലുണ്ടാകും’ – പാണ്ഡ്യ കുറിച്ചു.

      2015 സീസണിലെ ഐപിഎൽ താരലേലത്തിലൂടെയാണ് ഹാർദിക് പാണ്ഡ്യയെ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയത്. അന്ന് അടിസ്ഥാന വിലയായ 10 ലക്ഷം രൂപയ്ക്ക് മുംബൈ സ്വന്തമാക്കിയ താരം പിന്നീട് ടീമിലെ പ്രധാന താരങ്ങളിൽ ഒരാളായി മാറുകയായിരുന്നു. മുംബൈ ഇന്ത്യൻസിനൊപ്പം കളിച്ച ഏഴ് സീസണുകളിൽ, നാല് തവണ കിരീടം ചൂടാനുള്ള അവസരവും ഹാർദിക്കിന് ലഭിച്ചു. അരങ്ങേറ്റ സീസണിൽ തന്നെ മുംബൈക്കൊപ്പം കിരീടം ചൂടിയ താരം, പിന്നീട് 2017, 2019, 2020 എന്നീ വർഷങ്ങളിലായാണ് മുംബൈക്കൊപ്പം കിരീട൦ ചൂടിയത്. മുംബൈയുടെ കിരീട നേട്ടങ്ങളിൽ ഹാർദിക് വഹിച്ച പങ്കും വളരെ വലുതായിരുന്നു.
      Published by:Naveen
      First published: