ഐപിഎല്ലിൽ അടുത്ത സീസണിന് മുന്നോടിയായി സ്വന്തം ടീമുകളിൽ വമ്പൻ അഴിച്ചുപണിക്ക് ഒരുങ്ങുകയാണ് ഐപിഎൽ ഫ്രാഞ്ചൈസികൾ. അടുത്ത സീസണിൽ മെഗാ താരലേലം നടക്കുന്നതിനാൽ ടീമുകളെല്ലാം അവരുടെ ആവനാഴിയിലേക്ക് പുത്തൻ കോപ്പുകൾ ഒരുക്കാൻ പോവുകയാണ്. മെഗാ താരലേലം ആയതിനാൽ കഴിഞ്ഞ സീസണിൽ ഒരേ ടീമിൽ കളിച്ച താരങ്ങൾ വരും സീസണിലും അതേ ടീമിൽ ഉണ്ടാവുമോ എന്നത് സംശയമാണ്. മെഗാ താരലേലത്തിന് മുൻപായി ചുരുക്കം കളിക്കാരെ മാത്രമേ ടീമുകൾക്ക് അടുത്ത സീസണിലേക്ക് നിലനിർത്താൻ കഴിയുകയുള്ളൂ എന്നതിനാലാണ് ഇത്. ഇപ്പോഴിതാ അടുത്ത സീസണിൽ ലേലത്തിന് മുന്നോടിയായി എത്ര കളിക്കാരെ ടീമുകൾക്ക് നിലനിർത്താം എന്നതിൽ വ്യക്തത വരുത്തിയിരിക്കുകയാണ് ഐപിഎൽ ഭരണസമിതി.
അടുത്ത സീസണിൽ പുതുതായി രണ്ട് ടീമുകൾ കൂടി വരുന്നതോടെ മൊത്തം 10 ടീമുകൾ ആവുന്ന ലീഗിൽ നാല് താരങ്ങളെ വീതം നിലനിർത്താം എന്നതാണ് ഭരണസമിതി അറിയിച്ചിരിക്കുന്നത്. നാല് താരങ്ങളിൽ രണ്ട് പേരെങ്കിലും ഇന്ത്യക്കാരായിരിക്കണം എന്നത് നിർബന്ധമാണ്. അതിനാൽ ടീമുകൾക്ക് ഒന്നുകിൽ മൂന്ന് ഇന്ത്യൻ താരങ്ങൾ, ഒരു വിദേശ താരം എന്ന വ്യവസ്ഥയോ അല്ലെങ്കിൽ രണ്ട് ഇന്ത്യൻ, രണ്ട് വിദേശ താരങ്ങൾ എന്നീ വ്യവസ്ഥയോ പിന്തുടരാമെന്ന് ക്രിക്ഇൻഫൊ വ്യക്തമാക്കി.
Also read- IPL 2022 | ഐപിഎല്ലില്‍ പുതിയ ടീമുകള്‍ അഹമ്മദാബാദും ലക്നൗവും; അടുത്ത വര്‍ഷം മുതല്‍ പത്ത് ടീമുകള്‍
അടുത്ത സീസണിൽ പുതുതായി എത്തുന്ന രണ്ട് ടീമുകൾക്ക് താരലേലത്തിന് മുൻപ് മൂന്ന് താരങ്ങളെ ഡ്രാഫ്റ്റിലൂടെ സ്വന്തമാക്കാം. ഇതിൽ രണ്ട് ഇന്ത്യൻ താരങ്ങളും ഒരു വിദേശ താരവുമാണ് ഉണ്ടാവുക. ഓരോ ടീമിനും ലേലത്തില്‍ ചെലവഴിക്കാവുന്ന പരമാവധി തുക 90 കോടിയായി ഉയർത്തിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ ഇത് 85 കോടി ആയിരുന്നു. അതേസമയം, 2018ലെ മെഗാ താരലേലത്തിലേതുപോലെ ടീമുകള്‍ക്ക് റൈറ്റ് ടു മാച്ച് കാര്‍ഡ് (RTM) ഇത്തവണ ഉപയോഗിക്കാനാവില്ല. ടീമുകൾക്ക് നിലനിർത്താൻ കഴിയുന്ന താരങ്ങളുടെ എണ്ണത്തിൽ വർദ്ധനവ് വരുത്തിയതിനാലാണ് റൈറ്റ് ടു മാച്ച് കാര്‍ഡ് സമ്പ്രദായം ഒഴിവാക്കിയത്.
നിലനിര്‍ത്തുന്ന താരങ്ങളില്‍ ക്യാപ്ഡ്, അണ് ക്യാപ്ഡ് വ്യത്യാസം ഉണ്ടാവില്ല. അതേസമയം, ടീമുകൾ നിലനിർത്തിയാലും ലേലത്തിൽ പങ്കെടുക്കണോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം കളിക്കാരന്റേത് ആയിരിക്കും. ലേലത്തിൽ നിന്നും കൂടുതൽ പ്രതിഫലം ലഭിക്കാൻ സാധ്യതയുണ്ടെന്ന് കളിക്കാരന് തോന്നിയാൽ ടീം നിലനിർത്തിയാലും അതിൽ നിന്നും ഒഴിവായി താരത്തിന് ലേലത്തിൽ പങ്കെടുക്കാവുന്നതാണ്.
ടീമുകൾ നിലനിർത്താൻ ഉദ്ദേശിക്കുന്ന താരങ്ങളുടെ പട്ടിക നവംബർ അവസാനത്തോടെ പുറത്തുവിടണമെന്ന് റിപ്പോർട്ടിൽ അനൗദ്യോഗികമായി പറയുന്നു. നാല് കളിക്കാരെ നിലനിർത്താം എന്ന വ്യവസ്ഥ വന്നതോടെ അടുത്ത സീസണിലും ചെന്നൈ സൂപ്പർ കിങ്സിനൊപ്പം അവരുടെ ക്യാപ്റ്റനായ എം എസ് ധോണി ഉണ്ടാകുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് പടിയിറങ്ങിയെങ്കിലും വിരമിക്കുന്നത് വരെ ബാംഗ്ലൂരിനോപ്പം തുടരുമെന്ന് കോഹ്ലി വ്യക്തമാക്കിയിട്ടുള്ളതിനാൽ താരവും ലേലത്തിന് ഉണ്ടാവുകയില്ല. രോഹിത് ശർമയെ മുംബൈ ഇന്ത്യൻസ് നിലനിർത്തും എന്നതിനാൽ രോഹിതും ലേലത്തിന് ഉണ്ടാവുകയില്ല.
അതേസമയം, പഞ്ചാബ് കിങ്സിന്റെ ക്യാപ്റ്റനായ കെ എൽ രാഹുൽ, സൺറൈസേഴ്സ് ഹൈദരാബാദിന്റെ മുൻ ക്യാപ്റ്റൻ ഡേവിഡ് വാർണർ എന്നിവർ അവരുടെ ടീമുകൾ വിട്ടേക്കും എന്ന സൂചനയുള്ളതിനാൽ മെഗാ താരലേലത്തിൽ നിർണായക സാന്നിധ്യങ്ങളായി ഇവർ ഉണ്ടാകുമെന്നാണ് വിവരം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.