ഐപിഎൽ 2022 (IPL 2022) മെഗാ ലേലത്തിന് (Mega Auction) മുന്നോടിയായി തങ്ങളുടെ ടീമിലെ ആരേയും പഞ്ചാബ് കിങ്സ് (Punjab Kings) നിലനിർത്തിയേക്കില്ല എന്ന് റിപ്പോർട്ട്. കഴിഞ്ഞ സീസണിൽ പേര് മാറ്റുകയും ഒപ്പം തന്നെ ലേലത്തിൽ വലിയ തുക മുടക്കി താരങ്ങളെ സ്വന്തമാക്കിയിട്ടും നിരാശ പകരുന്ന പ്രകടനം മാത്രമാണ് ടീം കാഴ്ചവെച്ചത്. വരും സീസണിൽ ഒരു മികവുറ്റ ടീമിനെ അണിനിരത്തുക എന്നത് ലക്ഷ്യമിട്ടാണ് ടീം ഉടമകൾ സമ്പൂർണ അഴിച്ചുപണിക്കായി ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ട്.
ഫ്രാഞ്ചൈസിക്ക് വിജയങ്ങൾ നേടാൻ കഴിയുന്നില്ലെന്ന കാര്യം കണക്കിലെടുത്ത് ടീമിന്റെ ക്യാപ്റ്റനും സ്റ്റാർ ബാറ്ററുമായ കെ എൽ രാഹുൽ (K L Rahul) പഞ്ചാബ് വിട്ടേക്കുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. അങ്ങനെയിരിക്കെ രാഹുൽ പുതിയ തട്ടകം തേടുന്ന സാഹചര്യം കൂടി കണക്കിലെടുത്ത് കൊണ്ടാണ് ആരെയും നിലനിര്‍ത്തുന്നില്ലെന്ന തീരുമാനത്തിലേക്ക് പഞ്ചാബ് കിങ്സ് എത്തിയത്. രാഹുല്‍ അടുത്ത സീസണില്‍ ഐപിഎല്ലിൽ പുതുതായി എത്തുന്ന ലക്നൗ ഫ്രാഞ്ചൈസിയുടെ ക്യാപ്റ്റൻ ആയേക്കും എന്ന തരത്തിൽ സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
മറ്റു ടീമുകളെല്ലാം പ്രധാന താരങ്ങളെ നിലനിര്‍ത്താന്‍ തലപുകയ്ക്കുമ്പോഴാണ് ആരേയും നിലനിർത്തുന്നില്ല എന്ന വിപ്ലവകരമായ തീരുമാനവുമായി പഞ്ചാബ് കിങ്സിന്റെ വരവ്. ഒരാളെ പോലും നിലനിര്‍ത്തിയില്ലെങ്കില്‍ മെഗാ താരലേലത്തില്‍ ഉപയോഗിക്കാവുന്ന മൊത്തം തുകയായ 90 കോടി രൂപയുമായാകും പഞ്ചാബ് എത്തുക. പുതിയ സീസണിനു മുന്നോടിയായി നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടിക ഈ മാസം 30നു മുന്‍പ് കൈമാറണമെന്നാണ് ഐപിഎല്‍ അധികൃതര്‍ (IPL Governing Council) നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. എന്നാൽ ഇതുവരെയായിട്ടും പഞ്ചാബിന്റെ ഭാഗത്ത് നിന്നും ഇതിനെ സംബന്ധിച്ചുകൊണ്ടുള്ള നീക്കങ്ങൾ ഒന്നും നടന്നിട്ടില്ല എന്നതാണ് അറിയാൻ കഴിയുന്നത്.
ഐപിഎല്ലിൽ പുതുതായി എത്തുന്ന ലക്നൗ, അഹമ്മദാബാദ് ടീമുകള്‍ക്ക് ലേലപ്പട്ടികയില്നിന്ന് ലേലത്തിനു മുന്‍പേ ഇഷ്ടമുള്ള രണ്ടു താരങ്ങളെ വീതം തിരഞ്ഞെടുക്കാനുള്ള അവസരമുള്ളതിനാല്‍ ഇവരിലാരെങ്കിലും രാഹുലിനെ സ്വന്തമാക്കാനാണ് സാധ്യത. ഇതില്‍ത്തന്നെ ലക്നൗ ടീം രാഹുലുമായി ധാരണയിലെത്തിയതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
ദ ടെലിഗ്രാഫ് ഇന്ത്യ പുറത്തുവിടുന്ന റിപ്പോർട്ട് അനുസരിച്ച്, രവി ബിഷ്ണോയ് (Ravi Bishnoi), അർഷ്ദീപ് സിംഗ് (Arshdeep Singh) എന്നിവരെ പോലെയുള്ള അൺക്യാപ്ഡ് കളിക്കാരെ പഞ്ചാബ് നിലനിർത്തിയേക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാൽ ഇക്കാര്യത്തിൽ ടീം ഉടമകൾ തീരുമാനം എടുത്തിട്ടില്ല.
"ഒരു അൺക്യാപ്പ്ഡ് താരത്തെ നിലനിർത്താൻ ഫ്രാഞ്ചൈസിക്ക് നാല് കോടി രൂപയാണ് ചെലവാക്കേണ്ടി വരികയെന്നതിനാൽ, അർഷ്ദീപ്, ബിഷ്ണോയ് എന്നിവരിൽ ഒരാളെ ടീം നിലനിർത്തിയേക്കും" റിപ്പോർട്ടിൽ പറയുന്നു.
എല്ലാ സീസണിലും ടീമിൽ കാര്യമായ അഴിച്ചുപണി നടത്തി പുത്തൻ താരങ്ങളെയും പരിശീലക സംഘത്തെയും കൊണ്ടുവന്നിട്ടും കുട്ടിക്രിക്കറ്റിലെ ഏറ്റവും ഗ്ലാമറസ് ലീഗ് എന്ന് വിളിപ്പേരുള്ള ഐപിഎല്ലിൽ വിജയം കൈവരിക്കാൻ പഞ്ചാബിന് ഇനിയും കഴിഞ്ഞിട്ടില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.