ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2022(IPL 2022) അടുത്ത സീസണിലെ മത്സരങ്ങള്‍ ഏപ്രില്‍ രണ്ടിന് ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. ക്രിക് ബസ് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം ഉദ്ഘാടന മത്സരത്തിന് ചെന്നൈ(Chennai) ആയിരിക്കും വേദി(venue). ഐപിഎല്ലിന്റെ പുതിയ സീസണ് ഇന്ത്യയില്‍ തന്നെ നടത്തുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ നേരത്തെ സ്ഥിരീകരിച്ചിരുന്നു.
ഇത്തവണ പത്ത് ടീമുകളാണ് ഐപിഎല്ലില്‍ മാറ്റുരയ്ക്കുന്നത്. അഹമ്മദാബാദ്, ലഖ്നൗ എന്നീ നഗരങ്ങളില്‍ നിന്നാണ് പുതിയ രണ്ട് ടീമുകള്‍ ഐപിഎല്ലിലേക്ക് വന്നത്. അതുകൊണ്ടുതന്നെ മത്സരങ്ങളുടെയും ദിവസങ്ങളുടെയും എണ്ണം വര്‍ധിക്കും. നിലവിലെ സാഹചര്യത്തില്‍ അറുപതിലധികം ദിവസങ്ങള്‍ എടുത്താല്‍ മാത്രമേ ടൂര്‍ണമെന്റ് പൂര്ത്തിയാക്കാനാകൂ. അങ്ങനെ വരുമ്പോള്‍ ജൂണ്‍ ആദ്യവാരമായിരിക്കും ഫൈനല്‍.
പുതിയ സീസണിന് മുന്നോടിയായി മെഗാ താരലേലം നടക്കാനുണ്ട്. ലഭിക്കുന്ന വിവരം അനുസരിച്ച് അടുത്ത മാസമാവും താരലേലം നടക്കുക. ലേല നിയമങ്ങള്‍ നേരത്തെ തന്നെ ബിസിസി ഐ പ്രഖ്യാപിച്ചതാണ്. നിലവിലെ എട്ട് ടീമുകള്‍ക്ക് നാല് താരങ്ങളെ വീതം നിലനിര്‍ത്താം.
നിലവിലെ ചാമ്പ്യന്മാര് എംഎസ് ധോണി നായകനായുള്ള ചെന്നൈ സൂപ്പര്‍ കിങ്സാണ് (സിഎസ്കെ). അവസാന സീസണിന്റെ ആദ്യ പാദം ഇന്ത്യയില്‍ നടന്നെങ്കിലും കോവിഡിന്റെ സാഹചര്യത്തെത്തുടര്‍ന്ന് രണ്ടാം പാദം യുഎഇയിലാണ് നടത്തിയത്. അടുത്ത സീസണില്‍ ഇന്ത്യയിലേക്ക് ഐപിഎല്‍ തിരിച്ചെത്തുമെന്ന് ഉറപ്പായിക്കഴിഞ്ഞു. ന്യൂസിലന്‍ഡും ഇന്ത്യയും തമ്മിലുള്ള ടി20 പരമ്പര മുഴുവന്‍ കാണികളെയും പ്രവേശിപ്പിച്ച് നടത്താന്‍ ബിസിസിഐക്കായിരുന്നു.
India vs Pakistan |ഇന്ത്യ- പാകിസ്ഥാന് ക്രിക്കറ്റ് പരമ്പരയ്ക്ക് വേദിയാകാന്‍ തയ്യാറാണ്: ദുബായ് ക്രിക്കറ്റ് കൗണ്‍സില്‍
ഇന്ത്യ- പാകിസ്ഥാന് ഉഭയകക്ഷി ക്രിക്കറ്റ് പരമ്പരകള്‍ക്ക് വേദിയാകാന്‍(host) തയ്യാറാണെന്ന് അറിയിച്ച് ദുബായ് ക്രിക്കറ്റ് കൗണ്‍സില്‍ ചെയര്മാന് അബ്ദുള്‍ റഹ്മാന് ഫലക്നാസ്. 2006ലാണ് ഇന്ത്യ അവസാനമായി പാകിസ്ഥാനില്‍ ഒരു ടെസ്റ്റ് പരമ്പര കളിക്കുന്നത്. മൂന്ന് ടെസ്റ്റുകളടങ്ങിയ പരമ്പര അന്ന് 1-0ന് പാകിസ്ഥാന് നേടുകയായിരുന്നു. അതിനു ശേഷം മൂന്ന് തവണ ഇരു രാജ്യങ്ങളും തമ്മില്‍ പരമ്പരകള്‍ കളിച്ചുവെങ്കിലും രണ്ട് തവണ ഇന്ത്യയിലും ഒരിക്കല്‍ യു എ ഇയിലും വച്ചായിരുന്നു മത്സരങ്ങള്‍.
ഇപ്പോഴിതാ ഇന്ത്യ- പാകിസ്ഥാന് മത്സരങ്ങള്‍ക്ക് വേദിയാകാന്‍ തയ്യാറാണെന്ന് ദുബായ് ക്രിക്കറ്റ് കൗണ്‍സില്‍ അറിയിച്ചിരിക്കുകയാണ്. 'വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യ- പാകിസ്ഥാന് മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിച്ചിരുന്നപ്പോള്‍ അത് ഒരു യുദ്ധം പോലെയായിരുന്നു. പക്ഷേ അത് നല്ല യുദ്ധമായിരുന്നു. അതൊരു കായികയുദ്ധമായിരുന്നു. അതിമനോഹരവുമായിരുന്നു. അതിനാല്‍, ഇതാണ് ഞങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നത്. വര്‍ഷത്തിലൊരിക്കലോ വര്‍ഷത്തില്‍ രണ്ടോ തവണ പാകിസ്ഥാനെതിരെ ഇവിടെ വന്ന് കളിക്കാന്‍ ഇന്ത്യ തയ്യാറാവുകയാണെങ്കില്‍, അത് അതിശയകരമായിരിക്കും.'- ദുബായ് ക്രിക്കറ്റ് കൗണ്‍സില്‍ ചെയര്മാന് ഫലക്നാസ് പറഞ്ഞതായി ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ചിരവൈരികളായ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ പ്രശ്നങ്ങള്‍ കാരണം ഇരുവരും ഐസിസി ടൂര്‍ണമെന്റുകളില്‍ മാത്രമാണ് നേര്‍ക്കുനേര്‍ വരാറുള്ളത്. ഇരു ടീമുകളുടെയും പോരാട്ടങ്ങള്‍ ഇതുവരെയും ആരാധകര്‍ക്ക് ആവേശ മുഹൂര്‍ത്തങ്ങളാണ് സമ്മാനിച്ചിട്ടുള്ളത് എന്നതിനാല്‍ ഇരുവരും തമ്മില്‍ നേര്‍ക്കുനേര്‍ വരുന്ന മത്സരങ്ങള്‍ക്കായി ആരാധകര്‍ ആവേശത്തോടെയാണ് കാത്തിരിക്കാറുള്ളത്. ഇത്തവണത്തെ ടി20 ലോകകപ്പ് മത്സരത്തിനും ഈ ആവേശത്തിന് തെല്ലും കുറവുണ്ടായിരുന്നില്ല.
സൂപ്പര്‍ 12ലെ ആദ്യ മത്സരത്തില്‍ പാകിസ്ഥാനെതിരെ 10 വിക്കറ്റിന്റെ തോല്‍വിയാണ് ഇന്ത്യ വഴങ്ങിയത്. ഇന്ത്യയെ തോല്‍പ്പിച്ച പാകിസ്ഥാന് ലോകകപ്പ് വേദിയില്‍ ഇന്ത്യക്കെതിരെ അവരുടെ ആദ്യ ജയം കൂടിയാണ് കുറിച്ചത്.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.