• HOME
 • »
 • NEWS
 • »
 • sports
 • »
 • IPL 2022 | ലക്‌നൗ ഒരുങ്ങിത്തന്നെ; താരലേലത്തിന് മുന്നോടിയായി ടീം ലോഗോ പുറത്തുവിട്ടു

IPL 2022 | ലക്‌നൗ ഒരുങ്ങിത്തന്നെ; താരലേലത്തിന് മുന്നോടിയായി ടീം ലോഗോ പുറത്തുവിട്ടു

മെഗാ താരലേലത്തിന് മുന്നോടിയായി ഡ്രാഫ്റ്റിലൂടെ ലക്‌നൗ ടീം കെ എൽ രാഹുൽ, മാർക്കസ് സ്റ്റോയിനിസ്, സ്പിന്നർ രവി ബിഷ്‌ണോയ് എന്നിവരെ സ്വന്തമാക്കിയിരുന്നു.

Image : Lucknow Super Giants, Twitter

Image : Lucknow Super Giants, Twitter

 • Share this:
  ഐപിഎല്ലിലെ അരങ്ങേറ്റ സീസൺ കൊഴുപ്പിക്കാൻ ഉറച്ച് ലീഗിലെ പുതുമുഖ ഫ്രാഞ്ചൈസിയായ ലക്‌നൗ. ഐപിഎൽ 15–ാം സീസണിൽ (IPL 2022) നടക്കാനിരിക്കുന്ന മെഗാ താരലേലത്തിന് മുന്നോടിയായി തങ്ങളുടെ ടീം ലോഗോ പുറത്തുവിട്ടുകൊണ്ടാണ് വരും സീസണിലെ കിരീടപ്പോരാട്ടത്തിലേക്കുള്ള ആദ്യ ചുവടുവയ്പ്പ് അവർ നടത്തിയത്. ടീമിന്റെ പേര് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ലക്‌നൗ സൂപ്പർ ജയൻറ്സ് എന്ന പേരിൽ സീസണിൽ മത്സരിക്കാൻ എത്തുന്ന ഫ്രാഞ്ചൈസിയുടെ ഗരുഡരൂപത്തിലുള്ള ലോഗോ ഇന്ത്യൻ പുരാണങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് രൂപകൽപ്പന ചെയ്തതെന്ന് ടീം വക്താവ് വ്യക്തമാക്കി.

  പുരാണ കഥകളിൽ കരുത്തോടെ ഉയരത്തില്‍ അതിവേഗത്തിൽ പരുക്കുന്നതിനൊപ്പം സംരക്ഷകൻ കൂടിയായെത്തുന്ന ഗരുഡനെ നമുക്ക് കാണാൻ കഴിയും. ചിറക് വിരിച്ചു പറക്കുന്ന ഗരുഡ സമാനമായ ചിത്രത്തിന് നടുവിലായി ക്രിക്കറ്റ് ബാറ്റും ചുവന്ന പന്തും അടങ്ങിയതാണ് ലക്‌നൗവിന്റെ ലോഗോ. ലോഗോയിലെ ചിറകുകളിൽ കാണുന്ന ത്രിവര്‍ണനിറം ടീമിന് രാജ്യമൊട്ടാകെയും സ്വീകാര്യത നല്‍കുമെന്നും ലോഗോക്ക് നടുവിലുള്ള ചുവന്ന പന്ത് വിജയതിലകമായി തീരുമെന്നും ടീം ഉടമകള്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഉയര്‍ന്നു പറക്കുക അതുവഴി മികച്ച നേട്ടങ്ങൾ സ്വന്തമാക്കുക എന്നതാണ് ഗരുഡന്‍റെ ചിത്രമുള്ള ലോഗോ കൊണ്ട് ഉദ്ദേശിക്കുന്നതെന്നും ടീം ഉടമകള്‍ വ്യക്തമാക്കി.


  സീസണിൽ അരങ്ങേറ്റം കുറിക്കുന്ന ടീമായതിനാൽ മെഗാ താരലേലത്തിന് മുന്നോടിയായി ലേലത്തിനുള്ള താരങ്ങളുടെ പൂളിൽ നിന്നും ഡ്രാഫ്റ്റ് വഴി മൂന്ന് താരങ്ങളെ തിരഞ്ഞെടുക്കാനുള്ള സൗകര്യമുപയോഗിച്ച് ലക്‌നൗ ടീം ഇന്ത്യൻ താരം കെ എൽ രാഹുൽ, ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് ബാറ്റർ മാർക്കസ് സ്റ്റോയിനിസ്, ഇന്ത്യയുടെ യുവ ലെഗ് സ്പിന്നർ രവി ബിഷ്‌ണോയ് എന്നിവരെ സ്വന്തമാക്കിയിരുന്നു.

  Also read- IPL 2022 | താരലേലത്തിൽ 10 ടീമുകളും ഈ താരത്തിനായി പണമെറിയും; വൻ തുകയുറപ്പ്; പ്രവചനവുമായി ആകാശ് ചോപ്ര

  ടീമിന്റെ ക്യാപ്റ്റൻ കൂടിയായി തിരഞ്ഞെടുത്ത രാഹുലിനെ ഈ സീസണിലെ ഏറ്റവും കൂടിയ പ്രതിഫല തുകയ്ക്കാണ് ലക്‌നൗ സ്വന്തമാക്കിയത്. 17 കോടി രൂപയ്ക്കാണ് മുൻ പഞ്ചാബ് ക്യാപ്റ്റനായ രാഹുലിനെ ലക്‌നൗ സ്വന്തമാക്കിയത്. സ്റ്റോയിനിസിനെ 9.2 കോടി രൂപയ്ക്ക് സ്വന്തമാക്കിയപ്പോൾ ബിഷ്‌ണോയിയെ 4 കോടി രൂപയ്ക്കായിരുന്നു സ്വന്തമാക്കിയത്. ആന്‍ഡി ഫ്ലവറാണ് ടീമിന്‍റെ പരിശീലകന്‍. മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീറാണ് ടീമിന്‍റെ മെന്‍റര്‍.

  മെഗാ താരലേലത്തിന് 59.8 കോടി രൂപയുമായാണ് ലക്‌നൗ എത്തുക. മികച്ച താരങ്ങൾ ലേലത്തിന് എത്തുന്നതിനാൽ കരുത്തുറ്റ ടീമിനെ അണിനിരത്തി അരങ്ങേറ്റ സീസണിൽ തന്നെ തകർപ്പൻ പ്രകടനം നടത്താനാകും ടീം മാനേജ്‌മെന്റ് ലക്ഷ്യമിടുന്നത്.

  Also read- IPL 2022 | ഡ്രാഫ്റ്റിലൂടെ താരങ്ങളെ സ്വന്തമാക്കി അഹമ്മദാബാദും ലക്‌നൗവും; മെഗാ താരലേലത്തിന് ഒരുങ്ങി ഐപിഎൽ ഫ്രാഞ്ചൈസികൾ

  ഈ വർഷത്തെ ഐപിഎൽ താരലേലം ഫെബ്രുവരി 12, 13 തീയതികളിലായി ബെംഗളൂരുവിലാണ് നടക്കുന്നത്. താരലേലത്തിനായി ആകെ 1214 താരങ്ങളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ പുതുതായി ഐപിഎല്ലിന്റെ ഭാഗമായ രണ്ടു ടീമുകൾ ഉൾപ്പെടെ 10 ടീമുകളും താത്പര്യം പ്രകടിപ്പിക്കുന്ന താരങ്ങളെ ഉൾപ്പെടുത്തിയുള്ള ചുരുക്കപ്പട്ടിക തയാറാക്കിയ ശേഷമാകും ലേലം നടക്കുക.
  Published by:Naveen
  First published: