• HOME
  • »
  • NEWS
  • »
  • sports
  • »
  • MS Dhoni |എം.എസ് ധോണി ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞു; ജഡേജ പുതിയ ചെന്നൈ നായകന്‍

MS Dhoni |എം.എസ് ധോണി ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞു; ജഡേജ പുതിയ ചെന്നൈ നായകന്‍

ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞെങ്കിലും കളിക്കാരനെന്ന നിലയില്‍ ഈ സീസണിലും വരും സീസണിലും ധോണി ടീമിലുണ്ടാവുമെന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

  • Share this:
    ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (IPL 2022) 15ആം സീസണ്‍ ആരംഭിക്കാന്‍ വെറും രണ്ട് ദിനം മാത്രം ബാക്കി നില്‍ക്കെ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ (Chennai Super Kings) ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞ് എം.എസ് ധോണി (MS Dhoni). നായക സ്ഥാനം ഒഴിയുകയാണെന്ന് പ്രഖ്യാപിച്ച ധോണി നായക സ്ഥാനം രവീന്ദ്ര ജഡേജക്ക്(Ravindra Jadeja) കൈമാറുകയാണെന്നും പ്രഖ്യാപിച്ചു. ധോണിക്ക് ശേഷം ചെന്നൈയുടെ നായകനാകുന്ന രണ്ടാമത്തെ കളിക്കാരനാണ് രവീന്ദ്ര ജഡേജ.

    ഐപിഎല്ലിന്റെ പുതിയ സീസണിന് ശനിയാഴ്ച തുടക്കം കുറിക്കാനിരിക്കെയാണ് ചെന്നൈ പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ചിരിക്കുന്നത്. ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞെങ്കിലും കളിക്കാരനെന്ന നിലയില്‍ ഈ സീസണിലും വരും സീസണിലും ധോണി ടീമിലുണ്ടാവുമെന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. നായക സ്ഥാനം ജഡേജക്ക് കൈമാറാനുള്ള തീരുമാനം ധോണിയുടേതാണെന്ന് സിഎസ്‌കെ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.


    2008ല്‍ ഐപിഎല്ലിലെ അരങ്ങേറ്റ സീസണ്‍ മുതല്‍ ചെന്നൈയുടെ നായകനായിരുന്നു ധോണി. ചെന്നൈയെ നാലു തവണ കിരീടത്തിലേക്ക് നയിച്ച ധോണി, രോഹിത് ശര്‍മക്കുശേഷം ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ തവണ കിരീടം നേടിയ നായകനുമാണ്. 2012ല്‍ ചെന്നൈ ടീമിന്റെ ഭാഗമായ രവീന്ദ്ര ജഡേജ തുടര്‍ന്നുള്ള സീസണുകളിലും അവരുടെ നിര്‍ണായക താരമായിരുന്നു.


    ധോണിക്ക് കീഴില്‍ ചെന്നൈ 204 മത്സരങ്ങള്‍ കളിച്ചു. ഇതില്‍ 121 എണ്ണത്തില്‍ ചെന്നൈ ജയിച്ചു. വിജയശതമാനം 59.60. 129 മത്സരങ്ങളില്‍ മുംബൈ ഇന്ത്യന്‍സിനെ നയിച്ച് 75 എണ്ണത്തില്‍ ജയിച്ച രോഹിത് ശര്‍മ മാത്രമാണ് ഐപിഎല്ലില്‍ ധോണിയെക്കാള്‍ വിജയശതമാനമുള്ള(59.68) ഏക നായകന്‍.

    ശനിയാഴ്ച മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ സിഎസ്‌കെ കഴിഞ്ഞസീസണിലെ റണ്ണറപ്പായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ നേരിട്ടുകൊണ്ടാണ് ഐപിഎല്‍ 15aആം സീസണിന് തുടക്കമാകുന്നത്.
    Published by:Sarath Mohanan
    First published: