• HOME
  • »
  • NEWS
  • »
  • sports
  • »
  • IPL 2022 | മെഗാതാരലേലത്തിനുള്ള അന്തിമ പട്ടികയില്‍ 590 പേര്‍; മലയാളി താരം ശ്രീശാന്തിനും ഇടം

IPL 2022 | മെഗാതാരലേലത്തിനുള്ള അന്തിമ പട്ടികയില്‍ 590 പേര്‍; മലയാളി താരം ശ്രീശാന്തിനും ഇടം

50 ലക്ഷം രൂപ അടിസ്ഥാന വിലയായാണ് ശ്രീശാന്തിന്റെ പേര് താര ലേലത്തിലേക്ക് എത്തുക.

News18

News18

  • Share this:
    ഐപിഎല്‍ 2022 താരലേലത്തിനുള്ള (IPL Auction 2022) അന്തിമ പട്ടിക ബിസിസിഐ പുറത്തുവിട്ടു. 1214-ലധികം താരങ്ങള്‍ പേര് രജിസ്റ്റര്‍ ചെയ്തവരില്‍ 590 പേരെയാണ് അന്തിമ പട്ടികയിലേക്ക് തെരഞ്ഞെടുത്തിരിക്കുന്നത്. എസ് ശ്രീശാന്ത് (S Sreesanth) ഉള്‍പ്പെടെ കേരള ടീമിലെ പ്രമുഖ താരങ്ങള്‍ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.

    ബെംഗളൂരുവില്‍ ഫെബ്രുവരി 12, 13 തിയതികളിലാണ് താരലേലം. രണ്ടു കോടി രൂപയാണ് ലേലത്തില്‍ മാര്‍ക്വീ പട്ടികയില്‍ ഇടംപിടിച്ച താരങ്ങളുടെ ഉയര്‍ന്ന അടിസ്ഥാന വില. നാല് ഇന്ത്യന്‍ താരങ്ങളടക്കം 10 പേരാണ് ഈ പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്. ശിഖര്‍ ധവാന്‍, മുഹമ്മദ് ഷമി, ഫാഫ് ഡുപ്ലസിസ്, ഡേവിഡ് വാര്‍ണര്‍, പാറ്റ് കമ്മിന്‍സ്, ശ്രേയസ് അയ്യര്‍, ആര്‍ അശ്വിന്‍, ക്വിന്റണ്‍ ഡികോക്ക്, കാഗിസോ റബാഡ, ട്രെന്‍ഡ് ബോള്‍ട്ട് എന്നിവരാണ് മാര്‍ക്വീ താരങ്ങള്‍.


    590 ക്രിക്കറ്റ് താരങ്ങളില്‍ 228 പേര്‍ ക്യാപ്ഡ് കളിക്കാരും 355 പേര്‍ അണ്‍ക്യാപ്ഡ് താരങ്ങളുമാണ്. ഐസിസിയുടെ അസോസിയേറ്റ് രാജ്യങ്ങളില്‍ നിന്ന് ഏഴ് താരങ്ങളും അന്തിമ പട്ടികയില്‍ ഇടം നേടി. ആകെ താരങ്ങളില്‍ 370 പേരാണ് ഇന്ത്യയില്‍ നിന്നുള്ളത്. 220 താരങ്ങള്‍ വിദേശികള്‍.


    കഴിഞ്ഞ തവണ പേര് റജിസ്റ്റര്‍ ചെയ്തിട്ടും ടീമുകള്‍ താല്‍പര്യം പ്രകടിപ്പിക്കാതിരുന്നതിനാല്‍ ചുരുക്കപ്പട്ടികയില്‍ ഇടംപിടിക്കാതെ പോയ മലയാളി താരം ശ്രീശാന്ത് ഇത്തവണ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട് ആദ്യ കടമ്പ കടന്നു. ഇതോടെ, താരലേലത്തില്‍ ശ്രീശാന്തിന്റെ പേരു വരുമെന്ന് ഉറപ്പായി. 50 ലക്ഷം രൂപ അടിസ്ഥാന വിലയായാണ് ശ്രീശാന്തിന്റെ പേര് താര ലേലത്തിലേക്ക് എത്തുക.

    2013ലാണ് മലയാളി പേസര്‍ എസ് ശ്രീശാന്ത് അവസാനമായി ഐപിഎല്‍ കളിച്ചത്. രാജസ്ഥാന്‍ റോയല്‍സായിരുന്നു ടീം. എന്നാല്‍ ആ സീസണില്‍ സ്പോട്ട് ഫിക്സിംഗ് വിവാദത്തില്‍ കുടുങ്ങിയ ശ്രീശാന്തിന് ബിസിസിഐ വിലക്കേര്‍പ്പെടുത്തി. പിന്നീട് നടത്തിയ നിയമ പോരാട്ടത്തിന് ശേഷം 2020ലാണ് അദ്ദേഹത്തിന് നീതി ലഭിച്ചത്. കഴിഞ്ഞ സീസണിലെ ഐപിഎല്ലിലും ശ്രീശാന്ത് പേര് രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ ചുരുക്കപട്ടിക തയ്യാറാക്കിയപ്പോള്‍ മലയാളി താരത്തിന്റെ പേര് വെട്ടുകയായിരുന്നു. 38കാരനായ ശ്രീശാന്തിനെ ലേലത്തില്‍ ടീമുകള്‍ സ്വന്തമാക്കുമോ എന്ന് വ്യക്തമല്ല.
    Published by:Sarath Mohanan
    First published: