ഐപിഎല്ലിന്റെ (IPL2022) പുത്തൻ സീസണിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് ക്രിക്കറ്റ് ആരാധകർ. വരും സീസണിന് മുന്നോടിയായുള്ള മെഗാ താരലേലം (IPL Mega Auction) പൂർത്തിയായതോടെ മാർച്ച് അവസാന വാരത്തിൽ ആരംഭിക്കുന്ന ടൂർണമെന്റിനായുള്ള ആരാധകരുടെ കാത്തിരിപ്പ് ഇരട്ടിയാകുകയാണ് ചെയ്തത്. ലേലത്തിലൂടെ തങ്ങൾക്ക് വേണ്ടുന്ന താരങ്ങളെ ടീമുകളിലേക്ക് എത്തിച്ച ഫ്രാഞ്ചൈസികൾ വരും സീസണിനായുള്ള തയാറെടുപ്പുകളുടെ തിരക്കിലാണ്.
മെഗാതാരലേലത്തിൽ മികച്ച പ്രകടനം നടത്തിയ ഫ്രാഞ്ചൈസികളിൽ ഒന്നായിരുന്നു രാജസ്ഥാൻ റോയൽസ് (Rajasthan Royals). രണ്ട് ദിവസങ്ങളിലായി നടന്ന ലേലത്തിന്റെ അവസാന മണിക്കൂറുകളിൽ സൂപ്പര്‍താരങ്ങളെ റാഞ്ചി എതിരാളികളെ അമ്പരപ്പിക്കുന്ന നീക്കങ്ങളാണ് ഫ്രാഞ്ചൈസി നടത്തിയത്. അവസാന നിമിഷത്തിലെ താരക്കൊയ്ത്തിലൂടെ നാല് പ്രമുഖ വിദേശ താരങ്ങളെ ടീമിലെത്തിച്ചാണ് രാജസ്ഥാൻ കളമൊഴിഞ്ഞത്. ബാറ്റിങ്ങിൽ തകർപ്പനടിക്കാരായ ക്യാപ്റ്റൻ സഞ്ജു സാംസൺ (Sanju Samson), ഇംഗ്ലീഷ് താരം ജോസ് ബട്ട്ലർ എന്നിവർക്ക് കൂട്ടായി വിൻഡീസ് താരം ഷിംറോൺ ഹെറ്റ്മയർ എത്തുമ്പോൾ ബൗളിങ്ങിൽ അവർക്ക് രവിചന്ദ്രൻ അശ്വിൻ, യുസ്വേന്ദ്ര ചാഹൽ, ട്രെന്റ് ബോൾട്ട് എന്നിവരുടെ സേവനവും ലഭിക്കും.
ലേലത്തിൽ നടത്തിയ മികച്ച പ്രകടനത്തിലൂടെ സ്വന്തമായ താരങ്ങളെ ടീമിലേക്ക് സ്വാഗതം ചെയ്തിരിക്കുകയാണ് ഫ്രാഞ്ചൈസി ഇപ്പോൾ. സമൂഹമാധ്യമങ്ങളിൽ സജീവ സാന്നിധ്യമാണ് രാജസ്ഥാൻ റോയൽസ്. ടീമിന്റെ അക്കൗണ്ട് കൈകാര്യം ചെയ്യുന്ന അഡ്മിൻ ക്രിക്കറ്റ് ലോകത്ത് നടക്കുന്ന സംഭവങ്ങളെ വളരെ ക്രിയാത്മകമായാണ് ആരാധകർക്ക് മുന്നിലേക്ക് എത്തിക്കാറുള്ളത്. ഇപ്പോഴിതാ അത്തരമൊരു ക്രിയാത്മക നീക്കത്തിലൂടെ ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ് രാജസ്ഥാൻ റോയൽസ്.
ടീമിലേക്ക് എത്തുന്ന പുതുതാരങ്ങളെ സ്വാഗതം ചെയ്യാനായി 'ഓം ശാന്തി ഓം' എന്ന ഹിറ്റ് ബോളിവുഡ് ഗാനത്തിന്റെ എഡിറ്റ് ചെയ്ത പതിപ്പാണ് ഉപയോഗിച്ചിരിക്കുന്നത്. ചിത്രത്തിലെ നായകനായ ഷാരൂഖ് ഖാന് പകരം രാജസ്ഥാൻ ക്യാപ്റ്റൻ സഞ്ജു സാംസണെ മോര്‍ഫ് ചെയ്ത് ചേര്‍ത്തുകൊണ്ടാണ് ആരാധകർക്കായുള്ള ഈ വീഡിയോ ഒരുക്കിയിരിക്കുന്നത്. ടീമിലേക്ക് എത്തുന്ന പുതുതാരങ്ങളായ രവിചന്ദ്രൻ അശ്വിന്, ട്രെന്റ് ബോള്‍ട്ട്, ഷിമ്രോൺ ഹെറ്റ്മയര്‍, ജിമ്മി നീഷ൦, യുസ്വേന്ദ്ര ചാഹല്‍ എന്നിവര്‍ക്കൊപ്പം ടീമിന്റെ പരിശീലകനായ കുമാര്‍ സംഗക്കാരയും വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. പാട്ടിനൊത്ത് ചുവടുകൾ വെക്കുന്ന താരങ്ങളുടെ മോർഫ് ചെയ്ത വീഡിയോ ഇതിനോടകം വൈറലായി മാറിയിട്ടുണ്ട്.
ഐപിഎല്ലില്‍ ഉദ്ഘാടന സീസണിൽ കിരീടം നേടിയ ടീമാണ് രാജസ്ഥാൻ. എന്നാൽ പിന്നീട് അവർക്ക് ലീഗിൽ കാര്യമായി ശോഭിക്കാൻ കഴിഞ്ഞിട്ടില്ല. എന്നാൽ ഇത്തവണത്തെ സീസണിൽ ഇത് തിരുത്തിക്കുറിക്കാനുള്ള ഒരുക്കത്തിലാണ് രാജസ്ഥാൻ. ലേലത്തിലൂടെ മികച്ച താരങ്ങളെ സ്വന്തം പാളയത്തിലെത്തിച്ച അവർ 2008 ന് ശേഷം വീണ്ടുമൊരു ഐപിഎൽ കിരീടമാണ് സ്വപ്നം കാണുന്നത്.
താരലേലത്തിന് മുന്നോടിയായി ടീമിന്റെ ക്യാപ്റ്റനും മലയാളി താരവുമായ സഞ്ജു സാംസൺ, ഇംഗ്ലീഷ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജോസ് ബട്ട്ലർ, ഇന്ത്യന്‍ യുവ ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍ എന്നിവരെയാണ് രാജസ്ഥാന് റോയല്‍സ് നിലനിര്‍ത്തിയത്. 14 കോടി രൂപയ്ക്കാണ് രാജസ്ഥാൻ സഞ്ജുവിനെ നിലനിർത്തിയത്. സഞ്ജുവിനെ രാജസ്ഥാൻ ദീർഘകാല ക്യാപ്റ്റനായാണ് കാണുന്നതെന്ന് ടീമിന്റെ മുഖ്യ പരിശീലകനായ സംഗക്കാര നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. 'അസാമാന്യ മികവുള്ള കളിക്കാരനാണ് സഞ്ജു. ഓരോ സീസണിലെയും മികച്ച പ്രകടനങ്ങള്‍കൊണ്ട് താന്‍ ടീമിന് വലിയ മുതല്‍ക്കൂട്ടാണെന്ന് അദ്ദേഹം തെളിയിച്ചുകൊണ്ടേയിരിക്കുന്നു.' - എന്നാണ് സംഗക്കാര പറഞ്ഞത്.
മൂന്ന് താരങ്ങളെ നിലനിർത്തിയ രാജസ്ഥാൻ വരും സീസണിനായി 24 അംഗ ടീമിനെയാണ് അണിനിരത്തുന്നത്. 16 ഇന്ത്യൻ താരങ്ങളും എട്ട് വിദേശികളും അടങ്ങുന്നതാണ് രാജസ്ഥാന്റെ നിര.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.