ഐപിഎല്‍ മെഗാ താരലേലം (IPL Mega Auction) സമാപിച്ചതിന് പിന്നാലെ ഇന്ത്യന്‍ യുവതാരം ശ്രേയസ് അയ്യരെ (Shreyas Iyer) കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് (Kolkata Knight Riders) ക്യാപ്റ്റനായി പ്രഖ്യാപിച്ചു. കഴിഞ്ഞ ശനിയാഴ്ച നടന്ന ഐപിഎല്‍ മെഗാലേലത്തില്‍ വാശിയേറിയ ലേലം വിളികള്‍ക്ക് ഒടുവില്‍ 27-കാരനായ ശ്രേയസിനെ 12.25 കോടിക്കാണ് കൊല്‍ക്കത്ത ടീമിലെത്തിച്ചത്.
ശ്രേയസിന്റെ മുന്‍ ടീമായ ഡല്‍ഹി ക്യാപിറ്റല്‍സ് താരത്തിനായി ശക്തമായി രംഗത്തുണ്ടായിരുന്നു. കെകെആര്‍ തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെയാണ് ശ്രേയസിനെ നായകനായി പ്രഖ്യാപിച്ചിരിക്കുന്നത്. 'ലേഡീസ് ആന്റ് ജെന്റില്‍മെന്‍, ഗാലക്സി ഓഫ്നൈറ്റ്സിന്റെ പുതിയ നായകനോടു ഹായ് പറയൂ' എന്ന കുറിപ്പോടെയാണ് ശ്രേയസിനെ ക്യാപ്റ്റനായി തിരഞ്ഞെടുത്ത കാര്യം കെകെആര്‍ അറിയിച്ചത്.
മുന്‍ ക്യാപ്റ്റന്മാരായ ബ്രെന്‍ഡന്‍ മക്കെല്ലം, സൗരവ് ഗാംഗുലി, ഗൗതം ഗംഭീര്‍, ദിനേശ് കാര്‍ത്തിക്, ഓയിന്‍ മോര്ഗന് എന്നിവരുടെയെല്ലാം മുകളിലായി ശ്രേയലിന്റെ ഫോട്ടോയും ഇതോടൊപ്പം നല്കിയിരിക്കുന്നു.
🚨 Ladies and gentlemen, boys and girls, say hello 👋 to the NEW SKIPPER of the #GalaxyOfKnights
മുന്‍പ് ഡല്‍ഹി കാപ്പിറ്റല്‍സ് താരമായിരുന്നു ശ്രേയസ്. തോളിനേറ്റ പരിക്ക് മൂലം 2021 സീസണ് ആദ്യപാദം ശ്രേയസ്സിന് നഷ്ടമായിരുന്നു. രണ്ടാംപാദത്തില്‍ തിരിച്ചെത്തിയെങ്കിലും പകരക്കാരനായെത്തിയ റിഷഭ് പന്ത് തന്നെ ക്യാപ്റ്റനായി തുടര്‍ന്നു. കെകെആറിനെ നയിക്കാന്‍ ലഭിച്ച അവസരം ബഹുമതിയായി കാണുകയാണെന്ന് ശ്രേയസ് പറഞ്ഞു. വിവിധ രാജ്യങ്ങളില്‍ നിന്നും എത്തുന്ന കളിക്കാരെ ഒരുമിച്ച് നിര്‍ത്തി ഒരു സംഘമായി മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ശ്രേയസ് പ്രതികരിച്ചു.
'കെകെആര്‍ പോലൊരു ടീമിനെ നയിക്കാന്‍ അവസരം ലഭിച്ചതില്‍ ഞാന്‍ അഭിമാനിക്കുന്നു. ഐപിഎല്‍ ഒരു ടൂര്‍ണമെന്റ് എന്ന നിലയില്‍ വിവിധ രാജ്യങ്ങളില്‍ നിന്നും സംസ്കാരങ്ങളില്‍ നിന്നുമുള്ള മികച്ച കളിക്കാരെ ഒരുമിച്ച് കൊണ്ടുവരുന്നു, വളരെ കഴിവുള്ള വ്യക്തികളുള്ള ഈ മഹത്തായ ഗ്രൂപ്പിനെ നയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.'- നായകസ്ഥാനം നല്‍കിയതിന് പിന്നാലെ ഫ്രാഞ്ചൈസി പുറത്തിറക്കിയ പ്രസ്താവനയില്‍ ശ്രേയസ് പറഞ്ഞത്.
ടീമിന്റെ മുഖ്യപരിശീലകന്‍ ബ്രണ്ടന്‍ മക്കല്ലവും തീരുമാനത്തിലുള്ള തന്റെ ആവേശം പങ്കുവച്ചു. 'ശ്രേയസിന്റെ കളിയും അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സി കഴിവുകളും ഞാന്‍ ദൂരെ നിന്ന് ആസ്വദിച്ചിട്ടുണ്ട്, ഇപ്പോള്‍ കെകെആറിനെ ഞങ്ങള്‍ ആഗ്രഹിക്കുന്ന ശൈലിയില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ അദ്ദേഹവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.'- മക്കല്ലം പറഞ്ഞു.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.