ഹൈദരാബാദ്: ഐപിഎൽ (IPL 2022) ആരംഭിക്കാന്‍ ഏതാനും ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. മെഗാതാരലേലത്തിലൂടെ പുത്തൻ താരങ്ങളെ ഉൾപ്പെടുത്തി ഒരുങ്ങിയെത്തുന്ന ടീമുകളെല്ലാം വരും സീസണിലേക്കുള്ള ഒരുക്കങ്ങൾ നടത്തുകയാണ്. ഇപ്പോഴിതാ സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ (Sunrisers Hyderabad) പരിശീലന സെഷനിടെയുള്ള ഒരു വീഡിയോയാണ് വൈറലായിരിക്കുന്നത്.
നെറ്റ്സിൽ ബൗളിംഗ് സെഷനിടെ സൺറൈസേഴ്സിന്റെ തമിഴ്നാട് താരമായ ടി നടരാജന്റെ (T Natarajan) വീഡിയോയാണ് ഏറെ ശ്രദ്ധ നേടുന്നത്. യോർക്കറുകൾ എറിയുന്നതിൽ പ്രത്യേക മിടുക്കുള്ള താരം പരിക്ക് ഭേദമായി ഒരിടവേളയ്ക്ക് ശേഷമാണ് കളത്തിലിറങ്ങിയത്. വീഡിയോയിൽ ഒറ്റ സ്റ്റംപ് വച്ച് അതില്‍ ലക്ഷ്യമിട്ട് നടരാജൻ പന്തെറിയുന്നതാണ് കാണാൻ കഴിയുക. വിക്കറ്റിന് മുന്നിൽ രണ്ട് ഷൂ വച്ച് അതിന് പിന്നിലായുള്ള വിക്കറ്റിനെയാണ് നട്ടു ലക്ഷ്യം വെക്കുന്നത്. ഒരേറിൽ തന്നെ സ്റ്റമ്പ് താരം എറിഞ്ഞോടിക്കുന്നതാണ് വീഡിയോയിൽ ഉള്ളത്. 'ബാറ്ററുടെ കാൽ എറിഞ്ഞൊടിക്കുന്നതിന് പകരം വിക്കറ്റ് എറിഞ്ഞ് ഒടിക്കാനാണ് അവൻ എത്തുന്നത്' - എന്ന കുറിപ്പോടെയാണ് സണ്‍റൈസേഴ്സ് ഈ വീഡിയോ പങ്കിട്ടിരിക്കുന്നത്. ഐപിഎല്ലിൽ ഈ സീസണിൽ ഹൈദരാബാദിന്റെ ബൗളിങ് പരിശീലകനായി മുൻ ദക്ഷിണാഫ്രിക്കൻ താരമായ ഡെയ്ൽ സ്റ്റെയ്ൻ ചുമതലയേറ്റിരുന്നു.
ഐപിഎല്ലിലെ പ്രകടനത്തിലൂടെ ഇന്ത്യൻ ടീമിൽ സ്ഥാനം നേടിയ നടരാജന് പരിക്കുകൾ അലട്ടിയതോടെ ടീമിലെ സ്ഥാനം നഷ്ടമായിരുന്നു. പരിക്ക് ഭേദമായി തിരിച്ചെത്തിയ താരം ഇന്ത്യൻ ടീമിലെ സ്ഥാനം തന്നെയാണ് വീണ്ടും ലക്ഷ്യം വെക്കുന്നത്. 2017ലാണ് തമിഴ്നാട് താരമായ നടരാജന് ഐപിഎല്ലില്‍ അരങ്ങേറ്റം കുറിച്ചത്. ഹൈദരാബാദിന് വേണ്ടി ഇതുവരെ 24 ഐപിഎല്‍ മത്സരങ്ങൾ കളിച്ചു കഴിഞ്ഞ താരം 20 വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്. ഈ മാസം 29ന് രാജസ്ഥാന് റോയൽസിനെതിരെയാണ് സണ്‍റൈസേഴ്സിന്റെ ആദ്യ പോരാട്ടം.
Published by:Naveen
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.