• HOME
  • »
  • NEWS
  • »
  • sports
  • »
  • IPL 2022 |ഐപിഎല്‍ 2022 സീസണിന് മാര്‍ച്ച് 26ന് ആരംഭം; 70 ലീഗ് മത്സരങ്ങളടക്കം ആകെ 74 മത്സരങ്ങള്‍

IPL 2022 |ഐപിഎല്‍ 2022 സീസണിന് മാര്‍ച്ച് 26ന് ആരംഭം; 70 ലീഗ് മത്സരങ്ങളടക്കം ആകെ 74 മത്സരങ്ങള്‍

മത്സരങ്ങള്‍ക്ക് കാണികളെ പ്രവേശിപ്പിക്കുമെന്നും ഐപിഎല്‍ ചെയര്‍മാന്‍ ബ്രിജേഷ് പട്ടേല്‍ പറഞ്ഞു.

  • Last Updated :
  • Share this:
    ഐപിഎല്‍ 2022 (IPL 2022) സീസണിലെ മത്സരങ്ങള്‍ മാര്‍ച്ച് 26-ന് ആരംഭിക്കും. വ്യാഴാഴ്ച നടന്ന ഐപിഎല്‍ ഭരണസമിതി യോഗത്തിന് ശേഷം ബിസിസിഐ (BCCI) ആണ് ഇക്കാര്യം അറിയിച്ചത്. ബ്രോഡ്കാസ്റ്റര്‍മാരായ സ്റ്റാര്‍ സ്പോര്‍ട്സിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് പുതുക്കിയ തിയതി (Date) പ്രഖ്യാപിച്ചത്.

    ശനിയാഴ്ച ലീഗ് ആരംഭിക്കുന്ന രീതിയില്‍ ഫിക്സ്ചര്‍ ക്രമീകരിക്കണമെന്നായിരുന്നു സ്റ്റാര്‍ സ്പോര്‍ട്സിന്റെ ആവശ്യം. ഇത് ഐപിഎല്‍ ഗവേണിങ് കമ്മിറ്റി അംഗീകരിക്കുകയായിരുന്നു. നേരത്തെ മാര്‍ച്ച് 29-ന് ലീഗ് ആരംഭിക്കാനായിരുന്നു ആലോചിച്ചിരുന്നത്.പുതുക്കിയ ഫിക്സ്ചര്‍ പ്രകാരം മേയ് 29-നാണ് ഫൈനല്‍ അരങ്ങേറുക.

    10 ടീമുകള്‍ ഉള്‍പ്പെടുന്ന ഇത്തവണത്തെ സീസണില്‍ 70 ലീഗ് മത്സരങ്ങളടക്കം 74 മത്സരങ്ങളാണ് ഉണ്ടാകുക. ഇന്ത്യ - ശ്രീലങ്ക ടെസ്റ്റ് പരമ്പര കഴിഞ്ഞ് 11 ദിവസങ്ങള്‍ക്ക് ശേഷമാകും ഐപിഎല്ലിന് തുടക്കമാകുക. ഇതില്‍ 70 മത്സരങ്ങള്‍ മുംബൈയിലും പൂനെയിലുമായി നടക്കും.

    മുംബൈയില്‍ 55 മത്സരങ്ങളും പുനെയില്‍ 15 മത്സരങ്ങളുമാണ് നിശ്ചയിച്ചിരിക്കുന്നത്. ഇതില്‍ 20 മത്സരങ്ങള്‍ വീതം വാങ്കഡെയിലും ബ്രാബോണിലും 15 മത്സരങ്ങള്‍ വീതം ഡി.വൈ പാട്ടീല്‍ സ്റ്റേഡിയത്തിലും എം.സി.എ സ്റ്റേഡിയത്തിലുമായി നടക്കും. പ്ലേ ഓഫ് മത്സരങ്ങളുടെ കാര്യത്തില്‍ തീരുമാനമായില്ലെങ്കിലും ഫൈനല്‍ മെയ് 29-ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടക്കും.

    മത്സരങ്ങള്‍ക്ക് കാണികളെ പ്രവേശിപ്പിക്കുമെന്നും ബ്രിജേഷ് പട്ടേല്‍ പറഞ്ഞു. ലീഗിന്റെ ആദ്യ ആഴ്ചകളില്‍ സ്റ്റേഡിയങ്ങളില്‍ 50 ശതമാനവും പിന്നീട് 75 ശതമാനവും സീറ്റുകളില്‍ കാണികളെ പ്രവേശിപ്പിക്കാനാണ് തീരുമാനം. എന്നാല്‍ ഇക്കാര്യത്തില്‍ അതത് സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദേശങ്ങള്‍ക്കനുസൃതമായിരിക്കും അന്തിമ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.

    IPL 2022 | മുംബൈ ഇന്ത്യൻസിനെ വാങ്കഡേയിൽ കളിക്കാൻ അനുവദിക്കരുത്; എതിർപ്പുമായി മറ്റ് ടീമുകൾ

    കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഐപിഎല്ലിന്റെ 15–ാം സീസണിലെ (IPL 2022) മത്സരങ്ങൾ മഹാരാഷ്ട്രയിൽ മാത്രമായി നടത്താൻ ബിസിസിഐ (BCCI) തീരുമാനമെടുത്തതോടെ ഒരിടവേളയ്ക്ക് ശേഷം ഐപിഎൽ വീണ്ടും ഇന്ത്യയിലേക്ക് മടങ്ങിയെത്തുകയാണ്. ഇന്ത്യയിലേക്ക് തിരിച്ചെത്തുന്ന ഐപിഎൽ ശ്രദ്ധ നേടുന്നത് മറ്റൊരു കാര്യത്തിലൂടെയാണ്. വരും സീസണിൽ മുംബൈ ഇന്ത്യൻസ് (Mumbai Indians) അവരുടെ ഹോം ഗ്രൗണ്ടായ വാങ്കഡെയിൽ കളിക്കുന്നതിനോട് എതിർപ്പ് പ്രകടിപ്പിച്ച് രംഗത്തെയിരിക്കുകയാണ് ലീഗിലെ വിവിധ ടീമുകൾ.

    വാങ്കഡെയിൽ മുംബൈയെ കളിപ്പിക്കുന്നത് അവർക്ക് അനാവശ്യ മുൻതൂക്കം നൽകുമെന്ന് ആരോപിച്ചാണ് അവർ എതിർപ്പ് ഉയർത്തുന്നത്. മുംബൈ ഇന്ത്യൻസിനെ വാങ്കഡേയിൽ കളിപ്പിക്കരുതെന്ന് ആവശ്യപ്പെടുന്ന ടീമുകൾ അവർ ബ്രാബോൺ സ്റ്റേഡിയത്തിലോ ഡി വൈ പാട്ടീൽ സ്റ്റേഡിയത്തിലോ പൂനെയിലെ എംസിഎ സ്റ്റേഡിയത്തിലോ കളിപ്പിക്കുന്നതിൽ എതിർപ്പ് ഉയർത്തുന്നില്ല.

    ‘ഇത്തവണ ഒരു ടീമിനും ഹോം ഗ്രൗണ്ടിൽ കളിക്കുന്നതിന്റെ ആനുകൂല്യം ലഭിക്കില്ല. ഈ സാഹചര്യത്തിൽ മുംബൈ ഇന്ത്യൻസിനു മാത്രം വാങ്കഡെ സ്റ്റേഡിയത്തിൽ മത്സരം അനുവദിക്കുന്നത് അവർക്ക് അനാവശ്യ മുൻതുക്കം നൽകുമെന്നാണ് മറ്റ് ടീമുകളുടെ നിലപാട്. മുംബൈ ഇന്ത്യൻസ് മുംബൈയിലെ തന്നെ മറ്റു വേദികളിൽ കളിക്കുന്നതിൽ ഇവർക്ക് എതിർപ്പില്ല. എന്നാൽ, അവർ വർഷങ്ങളായി കളിക്കുന്ന വാങ്കഡെയിൽ അവർക്ക് മത്സരങ്ങൾ അനുവദിക്കരുതെന്നാണ് ആവശ്യം’ – ഒരു ഐപിഎൽ ടീമിന്റെ പ്രതിനിധിപറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

    കഴിഞ്ഞ സീസണിന്റെ ആദ്യ ഘട്ടം ഇന്ത്യയിൽ നടന്നപ്പോഴും ഒരു ടീമിനുപോലും ഹോം ഗ്രൗണ്ടിലെ മുൻ‌തൂക്കം ലഭിക്കുന്നില്ലെന്ന് ബിസിസിഐ ഉറപ്പാക്കിയിരുന്നു. ഇതേ നടപടി ഈ സീസണിലും തുടരണമെന്നാണ് ടീമുകളുടെ ആവശ്യം.

    അതേസമയം, മഹാരാഷ്ട്രയിൽ മാത്രമായി ചുരുങ്ങുന്ന ഐപിഎല്ലിൽ ടീമുകൾക്ക് പരിശീലന വേദികൾ ക്രമീകരിക്കുക എന്ന വലിയ വെല്ലുവിളിയും ബിസിസിഐ നേരിടുന്നുണ്ട്. നവി മുംബൈയിലെ ക്രിക്കറ്റ് സ്റ്റേഡിയവും ബാന്ദ്ര കുർള കോംപ്ലക്സ് സൗകര്യങ്ങളും പരിശീലന സെഷനുകൾക്കായി ഉപയോഗപ്പെടുത്താൻ ബിസിസിഐ ആലോചിക്കുന്നതായി ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
    Published by:Sarath Mohanan
    First published: