ഐപിഎല്ലിന്റെ 15ാ൦ സീസൺ (IPL 2022) ഇന്ത്യയിൽ വെച്ച് തന്നെ നടത്തുമെന്ന് പ്രഖ്യാപിച്ച് ബിസിസിഐ (BCCI) സെക്രട്ടറി ജയ് ഷാ (Jay Shah). ചെന്നൈയിൽ ഐപിഎൽ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ സൂപ്പര്‍ കിംഗ്സിന്റെ (CSK) കിരീട വിജയാഘോഷത്തില്‍ പങ്കെടുക്കവേയാണ് ജയ് ഷാ ഇക്കാര്യം വ്യക്തമാക്കിയത്. അടുത്ത സീസണിൽ രണ്ട് ടീമുകൾ കൂടി എത്തുന്നതിനാൽ ലീഗ് കൂടുതൽ ആവേശകരമാകുമെന്നും ജയ് ഷാ കൂട്ടിച്ചേർത്തു.
"ഐപിഎല്ലിനെ ഇന്ത്യയില്‍ തിരികെയെത്തിക്കും. വരുന്ന സീസണില്‍ ലക്നൗ, അഹമ്മദാബാദ് ടീമുകള്‍ കൂടി ചേരുന്നതോടെ ടൂര്‍ണമെന്റ് ഇരട്ടി ആവേശത്തിലാകും." ജയ് ഷാ പറഞ്ഞു.
"ചെപ്പോക്ക് സ്റ്റേഡിയത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് കളിക്കുന്നത് കാണാനാണ് എല്ലാവരും കാത്തിരിക്കുന്നതെന്ന് അറിയാം. ആ നിമിഷം അകലെയല്ല, പതിനഞ്ചാം സീസണ് ഐപിഎല്‍ ഇന്ത്യയിൽ അരങ്ങേറുമ്പോൾ നിങ്ങൾക്ക് ആ നിമിഷം നേരിട്ട് അനുഭവിക്കാം." ജയ് ഷാ പറഞ്ഞു.
" വരും സീസണിൽ മെഗാ താരലേലവും നടക്കുന്നുണ്ട്. അതിനാൽ അടുത്ത സീസണിൽ പുത്തൻ നിരയുമായി ടീമുകൾ എത്തുന്നത് ആവേശം പകരുന്ന കാഴ്ചയാകും." ജയ് ഷാ കൂട്ടിച്ചേർത്തു.
ഐപിഎൽ 2022ൽ 10 ടീമുകൾ മത്സരിക്കാൻ ഉണ്ടാകുമെന്ന് അറിയിച്ച ബിസിസിഐ പുതിയ രണ്ട് ഫ്രാഞ്ചൈസികൾക്കായി അടുത്തിടെ ലേലം നടത്തിയിരുന്നു. ഇതിൽ അഹമ്മദാബാദ് ടീമിനെ 5625 കോടി രൂപയ്ക്ക് സിവിസി ക്യാപ്പിറ്റലും ലക്നൗ ടീമിനെ 7009.0 കോടി രൂപയ്ക്ക് ആര്‍പി-സഞ്ജീവ് ഗോയങ്ക ഗ്രൂപ്പുമാണ് സ്വന്തമാക്കിയത്. നിലവിലുള്ള എട്ട് ടീമുകൾക്കൊപ്പം ഈ രണ്ട് ടീമുകൾ കൂടി ചേരുന്നതായിരിക്കും.ഓരോ ടീമിനും ഏഴ് ഹോം മാച്ചുകളും ഏഴ് എവേ മാച്ചുകളും അടക്കം 74 കളികളാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.
Also read-
MS Dhoni | ഐപിഎല്ലിൽ തുടർന്ന് കളിക്കണോ, ആലോചിക്കാം; തിടുക്കമില്ല - ധോണി
കഴിഞ്ഞ സീസണിലെ ഐപിഎല്‍ ഇന്ത്യയിൽ വെച്ചാണ് നടന്നതെങ്കിലും ടൂർണമെന്റിന്റെ പാതിവഴിയിൽ വെച്ച് ചില താരങ്ങൾക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചതോടെ ടൂർണമെന്റ് സസ്പെൻഡ് ചെയ്യുകയും പിന്നീട് യുഎഇയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. സെപ്റ്റംബർ - ഒക്ടോബർ മാസങ്ങളിലായി യുഎഇയിൽ നടന്ന ഐപിഎല്ലിന്റെ രണ്ടാം പാദത്തിൽ എം എസ് ധോണിയുടെ ചെന്നൈ സൂപ്പർ കിങ്സാണ് ചാമ്പ്യന്മാരായത്. ഫൈനലിൽ ഓയിൻ മോർഗന്റെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ തോൽപ്പിച്ചാണ് ചെന്നൈ കിരീടം നേടിയത്.
ഐപിഎൽ ഇന്ത്യയിലേക്ക് തിരിച്ചെത്തുമെന്നതിൽ ആരാധകർക്കും വലിയ പ്രതീക്ഷയാണുള്ളത്. കോവിഡ് മഹാമാരിയുടെ പ്രതിസന്ധി നിലനിന്നിരുന്നതിനാൽ കാണികളുടെ പ്രവേശനത്തിൽ നിയന്ത്രങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഇന്ത്യയിൽ കോവിഡ് വ്യാപനം കുറയുന്ന സൂചനകൾ കാണുകയും, ഒപ്പം കോവിഡ് വാക്സിനേഷൻ ജനങ്ങളിലേക്ക് എത്തിക്കാൻ കഴിയുകയും ചെയ്തതോടെ അടുത്ത സീസൺ ഐപിഎൽ തിങ്ങിനിറഞ്ഞ ഗാലറികൾക്ക് മുന്നിലായിരിക്കും നടക്കുക എന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിൽ ആരാധകർക്ക് പ്രതീക്ഷയാകുന്നത് നിലവിൽ ഇന്ത്യയും ന്യൂസിലൻഡും തമ്മിൽ നടക്കുന്ന ടി20 പരമ്പരയാണ്. പരമ്പരയിൽ ഇത് വരെ നടന്ന രണ്ട് മത്സരങ്ങളും തിങ്ങി നിറഞ്ഞ ഗാലറികൾക്ക് മുന്നിലാണ് നടന്നത്. ഒരു ഡോസെങ്കിലും വാക്സിനെടുത്തവരെയാണ് സ്റ്റേഡിയങ്ങളിലേക്ക് പ്രവേശിപ്പിക്കുന്നത്. മത്സരത്തിന് 48 മണിക്കൂര്‍ മുമ്പെടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാരജാരാക്കണമെന്നും നിബന്ധനയുണ്ടായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.