മുംബൈ: മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെൻഡുൽക്കറുടെ മകൻ അർജുൻ ടെൻഡുൽക്കർ ഐപിഎല്ലിൽ അരങ്ങേറ്റം കുറിച്ച് മത്സരത്തിൽ മുംബൈ ഇന്ത്യൻസിന് അഞ്ച് വിക്കറ്റ് ജയം. ശക്തമായ പോരാട്ടം കാഴ്ചവെച്ച കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെയാണ് മുംബൈ വീഴ്ത്തിയത്.
കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഉയർത്തിയ 186 റൺസിന്‍റെ വിജയലക്ഷ്യം അഞ്ച് വിക്കറ്റും 15 പന്തും ബാക്കിയിരിക്കെ മുംബൈ മറികടക്കുകയായിരുന്നു. ഇഷാന്‍ കിഷന്‍(58), ഫോമിലേക്ക് തിരിച്ചെത്തിയ സൂര്യകുമാര്‍ യാദവ്(43) എന്നിവരുടെ ബാറ്റിങ് മികവാണ് മുംബൈയെ വിജയത്തിലെത്തിച്ചത്.
നേരത്തെ വെങ്കിടേഷ് അയ്യരുടെ സെഞ്ച്വറിയായിരുന്നു കൊൽക്കത്ത ഇന്നിംഗ്സിന്‍റെ സവിശേഷത. 2008-ല്‍ ബ്രണ്ടന്‍ മക്കല്ലത്തിലൂടെ ഐപിഎല്‍ ചരിത്രത്തിലെ ആദ്യ സെഞ്ചുറി നേടിയ ശേഷം സെഞ്ചുറി വരള്‍ച്ച നേരിട്ട കൊല്‍ക്കത്തയ്ക്കുവേണ്ടി പിന്നീട് സെഞ്ച്വറി നേടുന്ന താരമായി വെങ്കിടേഷ് അയ്യര്‍(104) മാറി.
എന്നാൽ വെങ്കിടേഷിന്‍റെ സെഞ്ച്വറിക്ക് ടീമിന് വിജയം സമ്മാനിക്കാനായില്ല. നേരത്തെ, 51 പന്തില്‍ ആറ് ഫോറുകളും ഒമ്പത് സിക്സും നേടിയാണ് അയ്യര്‍ സെഞ്ചുറി തികച്ചത്. 21 റണ്‍സ് നേടിയ ആന്ദ്രേ റസല്‍ ആണ് ടീമിന്‍റെ രണ്ടാമത്തെ ടോപ് സ്കോറർ. നായകൻ നിതീഷ് റാണ, കഴിഞ്ഞ കളികളിൽ തിളങ്ങിയ റിങ്കു സിങ് ഉൾപ്പടെയുള്ള മറ്റുള്ള ബാറ്റര്‍മാര്‍ക്ക് തിളങ്ങാനായില്ല.
ആദ്യ ഇലവനിൽ കളിക്കാതിരുന്ന മുംബൈ നായകൻ രോഹിത് ശർമ്മ ഇംപാക്ട് പ്ലേയറായാണ് ബാറ്റിങ്ങിന് ഇറങ്ങിയത്. രോഹിത് ശര്‍മ(20) വേഗം മടങ്ങിയെങ്കിലും അഞ്ച് വീതം ഫോറുകളും സിക്സും പായിച്ച ഇന്നിംഗ്സിലൂടെ കിഷന്‍ സ്കോറിങ് വേഗം കൂട്ടി. കിഷന്‍ മടങ്ങിയ ശേഷം സൂര്യകുമാർ യാദവ് – തിലക് വര്‍മ(30) സഖ്യം ടീമിനെ വിജയത്തിനടുത്തെത്തിച്ചു. കൊല്‍ക്കത്തയ്ക്കായി സുയാഷ് ശര്‍മ രണ്ടും വരുണ്‍ ചക്രവര്‍ത്തി, ലോക്കി ഫെര്‍ഗൂസണ്‍, ഷാര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.