• HOME
  • »
  • NEWS
  • »
  • sports
  • »
  • IPL 2023| മോഹിത് ശർമ്മയുടെ കരുത്തിൽ ഗുജറാത്ത് ടൈറ്റൻസിന് ജയം

IPL 2023| മോഹിത് ശർമ്മയുടെ കരുത്തിൽ ഗുജറാത്ത് ടൈറ്റൻസിന് ജയം

മോഹിത് ശർമ്മ എറിഞ്ഞ അവസാന ഓവറില്‍ 12 റണ്‍സായിരുന്നു ലക്നൗവിന് ജയിക്കാൻ വേണ്ടിയിരുന്നത്

  • Share this:

    ഐപിഎല്ലിലെ ലാസ്റ്റ് ഓവർ ത്രില്ലറിൽ ലക്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് മികച്ച ജയം. ഗുജറാത്ത് ഉയർത്തിയ 136 റൺസ് ലക്ഷ്യമിട്ട് ബാറ്റു ചെയ്ത ലക്നൗവിനെ 128 റണ്‍സിലൊതുക്കിയാണ് ഗുജറാത്ത് ടൈറ്റൻസ് വിജയം പിടിച്ചുവാങ്ങിയത്. പവർപ്ലേയിൽ തന്നെ 50 റൺസ് പിന്നിട്ട ലക്നൗ അനായാസം വിജയത്തിലേക്ക് എത്തുമെന്ന് തോന്നിച്ചു. എന്നാൽ അവസാന ഓവറിൽ കളി കൈവിടുകയായിരുന്നു.

    മോഹിത് ശർമ്മ എറിഞ്ഞ അവസാന ഓവറില്‍ 12 റണ്‍സായിരുന്നു ലക്നൗവിന് ജയിക്കാൻ വേണ്ടിയിരുന്നത്. രണ്ടാം പന്തില്‍ നായകന്‍ കെ എല്‍ രാഹുൽ പുറത്തായി. 61 പന്തില്‍ 68 റൺസെടുത്താണ് രാഹുല്‍ മടങ്ങിയത്. അടുത്ത മൂന്ന് പന്തുകളില്‍ മാര്‍ക്കസ് സ്റ്റോയിനിസും (0), ബദോനിയും (8), ഹൂഡയും (1) പുറത്തായി. ബദോനിയും ഹൂഡയും റണ്ണൗട്ടാവുകയായിരുന്നു.

    ലക്നൗ നിരയിൽ കൈല്‍ മേയേഴ്സ് (24), കൃണാല്‍ പാണ്ഡ്യ (23), നിക്കോളാസ് പൂരാന്‍ (1) എന്നിവർക്ക് അവസരത്തിനൊത്ത് ഉയരാനായില്ല. ഗുജറാത്തിനായി നൂര്‍ അഹമ്മദ്, മോഹിത് ശര്‍മ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി. റാഷിദ് ഖാന് ഒരു വിക്കറ്റും ലഭിച്ചു.

    ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ഗുജറാത്തിന് പ്രതീക്ഷിച്ച മികവിൽ റൺസ് വാരാനായില്ല. രണ്ടാം ഓവറില്‍ തന്നെ കൃണാല്‍ പാണ്ഡ്യയുടെ പന്തില്‍ ശുഭ്മാന്‍ ഗില്‍ റണ്ണൊന്നുമെടുക്കാതെ മടങ്ങി. രണ്ടാം വിക്കറ്റില്‍ 68 റണ്‍സ് ചേര്‍ക്കാന്‍ സാഹ-ഹാര്‍ദിക് സഖ്യത്തിന് കഴിഞ്ഞു. 50 പന്തില്‍ 66 റണ്‍സെടുത്ത ഹാര്‍ദിക് അവസാന ഓവറില്‍ സ്റ്റോയിനിസിന്റെ പന്തിലാണ് പുറത്തായത്. രണ്ട് ഫോറും നാല് സിക്സും താരം നേടി.

    സീസണിലെ ഗുജറാത്തിന്റെ നാലാം ജയമാണിത്. എട്ട് പോയിന്റുമായി ഗുജറാത്ത് പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്താണ്. എട്ട് പോയിന്റുള്ള ലക്നൗ രണ്ടാം സ്ഥാനം നിലനിര്‍ത്തി.

    Published by:Anuraj GR
    First published: