ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിച്ചപ്പോൾ ഇങ്ങനെയൊരു തകർച്ച ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റൻ ഡേവിഡ് വാർണർ സ്വപ്നത്തിൽ കണ്ടുകാണില്ല. അഞ്ച് ഓവർ പിന്നിട്ടപ്പോൾ ഡൽഹിയുടെ പകുതി ബാറ്റർമാർ പവലിയനിൽ മടങ്ങിയെത്തി. ഡൽഹി മുൻനിരയെ തുടച്ചുനീക്കയത് ഗുജറാത്ത് ടൈറ്റൻസിന്‍റെ സ്ട്രൈക്ക് ബോളറായ മൊഹമ്മദ് ഷമി ആയിരുന്നു.
ഗുജറാത്ത് ടൈറ്റൻസിന് വേണ്ടി ബോളിങ് ആക്രമണത്തിന്‍റെ കുന്തമുന ഏറ്റെടുത്ത മൊഹമ്മദ് ഷമി നാലു വിക്കറ്റുകളാണ് നേടിയത്. മത്സരത്തിലെ ആദ്യ പന്തിൽ തന്നെ ഷമി ഡൽഹി ഓപ്പണർ ഫിൽ സാൾട്ടിനെ ഗോൾഡൻ ഡക്കാക്കി മടക്കി. ഡേവിഡ് മില്ലറുടെ കൈകളിലെത്തിച്ചായിരുന്നു ഷമി വിക്കറ്റ് വേട്ടയ്ക്ക് തുടക്കം കുറിച്ചത്.
രണ്ട് റൺസെടുത്ത നായകൻ ഡേവിഡ് വാർണർ റണ്ണൌട്ടായതോടെ ഡൽഹി ആറിന് രണ്ട് എന്ന നിലയിലായി. ഏപ്രിൽ 8 ന് ശേഷം തന്റെ ആദ്യ മത്സരം കളിക്കുന്ന റിലെ റൂസോ ആയിരുന്നു ഷമിയുടെ രണ്ടാമത്തെ ഇര. വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹയ്ക്ക് അനായാസ ക്യാച്ച് നൽകിയാണ് റൂസോ പവലിയനിലേക്ക് മടങ്ങിയത്.
What a spell this from @MdShami11 🤯🤯
He finishes his lethal spell with figures of 4/11 😎
Follow the match ▶️ https://t.co/VQGP7wSZAj #TATAIPL | #GTvDC pic.twitter.com/85KNVfYXEf
— IndianPremierLeague (@IPL) May 2, 2023
അഞ്ചാം ഓവറിലെ ആദ്യ പന്തിൽ മനീഷ് പാണ്ഡെയെയാണ് ഷമി മൂന്നാമതായി പുറത്താക്കിയത്. മികച്ച ഒരു ഔട്ട് സ്വിങറിൽ ബാറ്റുവെച്ച പാണ്ഡെയെ സാഹ വലത്തേക്ക് ഒരു മുഴുനീള ഡൈവിലൂടെ കൈപ്പിടിയിൽ ഒതുക്കുകയായിരുന്നു.
യുവതാരം പ്രിയ ഗാർഗ് ആയിരുന്നു ഷമിയുടെ നാലാമത്തെ ഇര. ഇത്തവണയും വൃദ്ധിമാൻ സാഹ പിടികൂടിയാണ് വിക്കറ്റ് വീണത്. അഞ്ച് ഓവർ പൂർത്തിയായപ്പോൾ ഡൽഹി ക്യാപിറ്റൽസ് അഞ്ചിന് 23 എന്ന നിലയിലേക്ക് തകർന്നടിഞ്ഞു. തുടർച്ചയായ നാലാമത്തെ ഓവറും ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ ഷമിയ്ക്ക് എറിയാൻ നൽകിയെങ്കിലും അവസാന ഓവറിൽ അദ്ദേഹത്തിന് വിക്കറ്റ് നേടാനായില്ല. നാല് ഓവർ എറിഞ്ഞ ഷമി 11 റൺസ് വഴങ്ങി നാലു വിക്കറ്റാണ് നേടിയത്.
മുൻനിര തകർന്നെങ്കിലും മധ്യനിരയും വാലറ്റവും ചേർന്ന് നടത്തിയ പോരാട്ടം ഡൽഹിയെ 20 ഓവറിൽ എട്ടിന് 130 എന്ന നിലയിൽ എത്തിച്ചു. 51 റൺസെടുത്ത അമൻ ഹക്കിം ഖാൻ ആണ് ടോപ് സ്കോറർ. അക്ഷർ പട്ടേൽ 27 റൺസും റിപൽ പട്ടേൽ 23 റൺസും നേടി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Gujarat Titans, Ipl, IPL 2023