ഇന്റർഫേസ് /വാർത്ത /Sports / IPL 2021| രാഹുലും പഞ്ചാബും വഴിപിരിയുന്നു; അടുത്ത സീസണിൽ പുതിയ തട്ടകം? നോട്ടമിട്ട് മൂന്ന് ടീമുകൾ

IPL 2021| രാഹുലും പഞ്ചാബും വഴിപിരിയുന്നു; അടുത്ത സീസണിൽ പുതിയ തട്ടകം? നോട്ടമിട്ട് മൂന്ന് ടീമുകൾ

K L Rahul (Image Credits: IPL, Twitter)

K L Rahul (Image Credits: IPL, Twitter)

സീസണില്‍ പഞ്ചാബിനെ പ്ലേ ഓഫിലെത്തിക്കാന്‍ റണ്‍വേട്ടയ്‌ക്കിടയിലും രാഹുലിനായിരുന്നില്ല.

  • Share this:

ഐപിഎല്‍ പതിനാലാം സീസണില്‍ ഓറഞ്ച് ക്യാപ് പോരാട്ടത്തിൽ മുൻനിരയിൽ ഉണ്ടെങ്കിലും കെ എല്‍ രാഹുല്‍ അടുത്ത സീസണിൽ പഞ്ചാബ് കിങ്സിന്റെ ജേഴ്സിയിൽ ഉണ്ടായേക്കില്ല എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. രാഹുലിനെ നോട്ടമിട്ട് ചില ടീമുകൾ രംഗത്തുണ്ട് എന്നതാണ് ക്രിക്‌ബസിന്‍റെ റിപ്പോര്‍ട്ട്. 2018ല്‍ പഞ്ചാബ് കിങ്‌സിന്റെ നായകനായി എത്തിയ രാഹുല്‍ പിന്നീട് കളിച്ച എല്ലാ സീസണിലും 500ന് മുകളില്‍ റണ്‍സ് നേടി വ്യക്തിഗത പ്രകടനം മികച്ചതാക്കിയെങ്കിലും തന്റെ ടീമിനെ ഒപ്പം മികവിലേക്ക് നയിക്കാൻ രാഹുലിന് കഴിഞ്ഞില്ല. ഈ സീസണിലും മികച്ച റൺവേട്ട നടത്തിയ താരത്തിന് പക്ഷെ പഞ്ചാബിനെ പ്ലേഓഫിലേക്ക് നയിക്കാൻ കഴിഞ്ഞില്ല.

ഈ സീസണിൽ നടന്ന ലേലത്തിൽ കാശ് വാരിയെറിഞ്ഞ് വമ്പൻ താരങ്ങളെ കൊണ്ടുവന്നിട്ടും പഞ്ചാബിന് മെച്ചമുണ്ടാക്കാൻ കഴിഞ്ഞിട്ടില്ല എന്നിരിക്കെപഞ്ചാബ് വലിയ അഴിച്ചുപണിക്കാണ് ഒരുങ്ങുന്നത്. അങ്ങനെ വരുമ്പോൾ രാഹുലിനെ ഒഴിവാക്കാൻ പഞ്ചാബ് തീരുമാനിക്കുകയാണെങ്കിൽ താരത്തിന്റെ പുതിയ തട്ടകം ഏതായിരിക്കും എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. മൂന്ന് ടീമുകളാണ് താരത്തിന്റെ പുതിയ തട്ടകമാവാൻ സാധ്യതയുള്ളത്. ഇവ ഏതൊക്കെയെന്ന് നോക്കാം-

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍

കെ എല്‍ രാഹുലിന്റെ പഴയ തട്ടകമാണ് റോയല്‍ ചലഞ്ചേഴ്‌സ് ബംഗ്ലൂര്‍. ഇന്നലെ നടന്ന എലിമിനേറ്ററിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനോട് തോറ്റ് സീസണിലെ പോരാട്ടം അവസാനിപ്പിച്ച ആർസിബി അടുത്ത സീസണിലേക്ക് പുതിയ ക്യാപ്റ്റനെ തേടുന്നുണ്ട്. നിലവിലെ ആർസിബി ക്യാപ്റ്റനായ വിരാട് കോഹ്ലി ഈ സീസണോടെ സ്ഥാനം ഒഴിയുമെന്ന് വ്യക്തമാക്കിയ സാഹചര്യത്തിലാണിത്. അതുകൊണ്ട് തന്നെ അടുത്ത സീസണിൽ രാഹുലിനെ ലഭിക്കുകയാണെങ്കിൽ അവർ താരത്തെ തീർച്ചയായും പരിഗണിച്ചിരിക്കും.

ക്യാപ്റ്റൻ സ്ഥാനം ഒഴിയുന്ന കോഹ്ലി ആർസിബിക്കൊപ്പം തന്നെയുണ്ടാകും. അങ്ങനെയിരിക്കെ കോഹ്‌ലിയുമായി ഒത്തുപോകുന്ന ഒരാളെയാണ് ആർസിബി അവരുടെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് തേടുന്നത്. മറിച്ചായാൽ കോഹ്ലി ടീം വിട്ടേക്കാനുള്ള സാധ്യതയും അത് ആർസിബിയുടെ മൂല്യത്തെ ബാധിക്കുകയും ചെയ്യുന്ന അവസ്ഥയുണ്ടാകും. കെ എൽ രാഹുൽ കോഹ്‌ലിയുടെ അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് എന്നത് രാഹുൽ ആർസിബിയുടെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് വരാനുള്ള സാധ്യത കൂട്ടുന്നുണ്ട്.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

സണ്‍റൈസേഴ്‌സ് ഹൈദരാബാദും രാഹുലിനെ നോട്ടമിടുന്നുണ്ട്. നേരത്തെ ഹൈദരാബാദിന്റെ താരമായിരുന്നു രാഹുല്‍. 2016ല്‍ ഹൈദരാബാദിൽ നിന്നാണ് രാഹുല്‍ ആര്‍സിബിയിലേക്ക് പോയത്. സീസണിൽ നിരാശപ്പെടുത്തുന്ന പ്രകടനം പുറത്തെടുത്ത ഹൈദരാബാദിന്റെ പ്രധാന പ്രശ്‌നം ബാറ്റർമാരുടെ നിലവാരമില്ലായ്മ ആയിരുന്നു. അവരുടെ മികച്ച ബാറ്ററായ ഡേവിഡ് വാർണർ ഫോം ഔട്ട് ആവുകയും ജോണി ബെയർസ്‌റ്റോ രണ്ടാം പാദത്തിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്തതോടെ ക്യാപ്റ്റൻ കെയ്ൻ വില്യംസണിന്റെ ചുമലുകളിലേക്ക് വീഴുകയായിരുന്നു ടീമിന്റെ മുഴുവൻ ബാറ്റിംഗ് ഉത്തരവാദിത്തവും. ഹൈദരാബാദിനെ നയിക്കാൻ വില്യംസൺ ഉണ്ടെന്നിരിക്കെ, മികച്ച ഒരു ബാറ്ററുടെ സേവനമാണ് അവർക്ക് ആവശ്യം വരുന്നത്. അടുത്ത സീസണിൽ ഡേവിഡ് വാർണർ ടീം വിടുമെന്ന് ഏറെക്കുറെ ഉറപ്പായ സ്ഥിതിക്ക് രാഹുലിനെ അവർ നോട്ടമിടുന്നത് ടീമിലെ ഓപ്പണർ സ്ഥാനത്തേക്കുള്ള താരമായിട്ടാണ്.

നായകനെന്ന നിലയില്‍ രാഹുലിന് വലിയ മികവില്ലെങ്കിലും ബാറ്റ്‌സ്മാനെന്ന നിലയിലെ രാഹുലിന്റെ മികവില്‍ ആര്‍ക്കും സംശയമില്ല. അതിവേഗം റണ്‍സുയര്‍ത്താനാവുന്ന രാഹുല്‍ ആധുനിക ടി20 ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരിലൊരാളാണ്. അതിനാല്‍ ഹൈദരാബാദ് രാഹുലിനെ പരിഗണിക്കാനുള്ള സാധ്യതകളേറെയാണ്. മെഗാ ലേലത്തില്‍ സൂപ്പര്‍ താരങ്ങളെ കൊണ്ടുവന്ന് ടീം അടിമുടി ഉടച്ചുവാര്‍ക്കാനാവും ഹൈദരാബാദ് ശ്രമിക്കുക.

രാജസ്ഥാന്‍ റോയല്‍സ്

സഞ്ജു സാംസണ്‍ ക്യാപ്റ്റനായുള്ള രാജസ്ഥാന്‍ റോയല്‍സ് കെ എല്‍ രാഹുലിനെ സ്വന്തമാക്കാന്‍ ശ്രമം നടത്തിയേക്കും. മികച്ച യുവതാരനിരയുള്ള രാജസ്ഥാന് മികച്ച സീനിയര്‍ താരങ്ങളുടെ അഭാവമുണ്ട്. രാജസ്ഥാന് പരിഗണിക്കാന്‍ കഴിയുന്ന താരം തന്നെയാണ് രാഹുല്‍. ടീമിന്റെ ശൈലിയോട് യോജിക്കുന്ന താരമാണവന്‍. രാഹുലിനെ ക്യാപ്റ്റനാക്കാനുള്ള സാധ്യത കുറവാണ്. ടോപ് ഓഡര്‍ ബാറ്റ്‌സ്മാനെന്ന നിലയിലാവും രാഹുലിനെ പരിഗണിക്കുക.

രാഹുലിനെപ്പോലൊരു താരത്തിന് നായകനെന്ന നിലയില്‍ ഉത്തരവാദിത്തം നല്‍കുന്നതിനെക്കാള്‍ ഗുണം ചെയ്യുക ബാറ്റ്‌സ്മാനെന്ന നിലയില്‍ പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കുന്നതാണ്. സമ്മര്‍ദ്ദമില്ലാതെ കളിക്കാനായാല്‍ വലിയ സ്‌കോര്‍ പടുത്തുയര്‍ത്താനുള്ള മികവ് രാഹുലിനുണ്ട്.

ഈ മൂന്ന് ടീമുകൾക്ക് പുറമെ അടുത്ത സീസണില്‍ രണ്ട് പുതിയ ടീമുകള്‍ കൂടി എത്താനുള്ളതിനാല്‍ ഇവയിലേതെങ്കിലും ഒരു ടീമിലേക്ക് രാഹുല്‍ ചേക്കേറാനുള്ള സാധ്യതയും തള്ളിക്കളയാൻ കഴിയില്ല.

First published:

Tags: Ipl, KL RAHUL, Punjab Kings, Rajasthan royals, Royal Challengers Bangalore, Sunrisers Hyderabad