ഇന്റർഫേസ് /വാർത്ത /Sports / 'വിദേശ താരങ്ങളില്ലാത്ത ഐപിഎല്‍ സയ്യിദ് മുഷ്താഖ് അലി ട്രോഫിയുടെ വിപുലീകരിച്ച പതിപ്പ് മാത്രമായി മാറും'; വൃദ്ധിമാന്‍ സാഹ

'വിദേശ താരങ്ങളില്ലാത്ത ഐപിഎല്‍ സയ്യിദ് മുഷ്താഖ് അലി ട്രോഫിയുടെ വിപുലീകരിച്ച പതിപ്പ് മാത്രമായി മാറും'; വൃദ്ധിമാന്‍ സാഹ

wriddhiman-saha

wriddhiman-saha

നിര്‍ത്തിവച്ച ടൂര്‍ണമെന്റ് പുനരാരംഭിക്കുന്നുവെന്നത് ആരാധകര്‍ക്ക് ആവേശം പകരുന്നതാണെങ്കിലും ഇതിന്റെ നടത്തിപ്പിന് വെല്ലുവിളിയാകുന്നത് വിദേശ താരങ്ങളുടെ പങ്കാളിത്തമാണ്

  • Share this:

കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധി കാരണം നിര്‍ത്തിവെക്കേണ്ടി വന്ന ഐപിഎല്ലിന്റെ 14ാം സീസണ്‍ പാതിവഴിയില്‍ ബിസിസിഐ നിര്‍ത്തിവച്ചിരിക്കുകയാണ്. ബയോബബിള്‍ സംവിധാനവും മറികടന്ന് താരങ്ങള്‍ക്കും രോഗബാധ ഏല്‍ക്കാന്‍ തുടങ്ങിയതോടെ ടൂര്‍ണമെന്റ് തത്കാലത്തേക്ക് നിര്‍ത്തിവയ്ക്കാന്‍ ബിസിസിഐ നിര്‍ബന്ധിതരാവുകയായിരുന്നു. ടൂര്‍ണമെന്റ് പൂര്‍ണ്ണമായും റദ്ദാക്കിയാല്‍ വലിയൊരു നഷ്ടം തന്നെ ബിസിസിഐക്ക് നേരിടേണ്ടി വരും.

കോവിഡ് മഹാമാരി കാരണം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ബോര്‍ഡിന് ഈ സമയത്ത് ഇത്രയും വലിയ നഷ്ടം സംഭവിക്കുന്നത് വലിയ തിരിച്ചടിയായേക്കും. അതിനാല്‍ തന്നെ ഐപിഎല്ലിലെ ബാക്കിയുള്ള മത്സരങ്ങള്‍ എങ്ങനെയും തീര്‍ക്കാന്‍ തന്നെയാണ് ബിസിസിഐ ശ്രമിക്കുന്നത്. കഴിഞ്ഞ മെയ് നാലിന് ടൂര്‍ണമെന്റ് നിര്‍ത്തിവക്കുന്ന പ്രഖ്യാപനം ബോര്‍ഡ് നടത്തിയപ്പോള്‍ പറഞ്ഞിരുന്നതും ഇതിലേക്ക് വിരല്‍ ചൂണ്ടുന്ന കാര്യം തന്നെയായിരുന്നു. ഐപിഎല്‍ റദ്ദാക്കുകയല്ലെന്നും അനുയോജ്യമായ ഒരു സമയത്ത് വീണ്ടും ആരംഭിക്കുമെന്നുമാണ് അന്ന് ബോര്‍ഡ് അധികൃതര്‍ അറിയിച്ചിരുന്നത്.

ബിസിസിഐ ടൂര്‍ണമെന്റുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് തീരുമാനം എന്ന് ഉറപ്പിച്ച് കൊണ്ട് ഈ സീസണിലെ ബാക്കിയുള്ള മത്സരങ്ങള്‍ യുഎഇയില്‍ നടത്താനുള്ള തീരുമാനവുമായി മുന്നോട്ട് വന്നിരിക്കുകയാണ്. സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ കിട്ടുന്ന ചെറിയ ഇടവേളയില്‍ ആയിരിക്കും മത്സരങ്ങള്‍ നടത്തുക എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഈ വര്‍ഷം ഇന്ത്യയില്‍ വച്ച് നടക്കാനിരിക്കുന്ന ഐസിസി ടി20 ലോകകപ്പിനു മുന്നേയായിരിക്കും ഐപിഎല്‍ നടത്തുക. ലോകകപ്പിന് മുമ്പ് ഒരു മാസം കൊണ്ട് ഐഎപിഎല്ലിലെ ബാക്കിയുള്ള 31 മത്സരങ്ങള്‍ തീര്‍ക്കാനാണ് ബിസിസിഐ തീരുമാനിച്ചിരിക്കുന്നത്.

Also Read-ഓരോ പരമ്പരക്ക് ശേഷവും ഷൂസ് പശ കൊണ്ട് ഒട്ടിച്ച് കളിക്കും; സിംബാബ്‌വെ താരത്തിന്റെ ട്വീറ്റ്‌ വൈറൽ

നിര്‍ത്തിവച്ച ടൂര്‍ണമെന്റ് പുനരാരംഭിക്കുന്നുവെന്നത് ആരാധകര്‍ക്ക് ആവേശം പകരുന്നതാണെങ്കിലും ഇതിന്റെ നടത്തിപ്പിന് വെല്ലുവിളിയാകുന്നത് വിദേശ താരങ്ങളുടെ പങ്കാളിത്തമാണ്. സെപ്റ്റംബറില്‍ ഇംഗ്ലണ്ട്, ന്യൂസീലന്‍ഡ്, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ ടീമുകള്‍ക്കെല്ലാം രാജ്യാന്തര മത്സരങ്ങളുള്ളതിനാല്‍ ഇവിടെ നിന്നുമുള്ള താരങ്ങള്‍ ഈ സമയത്ത് ഐപിഎല്ലില്‍ പങ്കെടുക്കാനുള്ള സാധ്യത കുറവാണ്. ഇന്ത്യന്‍ താരങ്ങളോടൊപ്പം വിദേശ രാജ്യങ്ങളിലെ മികച്ച താരങ്ങള്‍ കൂടി മാറ്റുരയ്ക്കുന്നതാണ് ഐപിഎല്ലിനെ ലോകത്തിലെ തന്നെ മികച്ച ടി20 ലീഗ് ആക്കുന്നത്. വിദേശ താരങ്ങള്‍ ലീഗില്‍ നിന്ന് വിട്ടുനിന്നാല്‍ ലീഗിന്റെ പകിട്ടിന് കോട്ടം തട്ടിയേക്കും. ലീഗ് വീണ്ടും ആരംഭിക്കുമ്പോള്‍ ഈ ഒരു കാര്യം ആരാധകര്‍ക്കും താരങ്ങള്‍ക്കും അധികൃതര്‍ക്കും ആശങ്ക പകരുന്നുണ്ട്.

ഇപ്പോഴിതാ വിദേശ താരങ്ങളില്ലെങ്കില്‍ ഐപിഎല്‍ സയ്യിദ് മുഷ്താഖ് അലി ട്രോഫിയുടെ മറ്റൊരു പതിപ്പായി മാറുമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ഇന്ത്യന്‍ താരം വൃദ്ധിമാന്‍ സാഹ. 'ഐപിഎല്ലില്‍ കൂടുതലും ഓസ്ട്രേലിയ,ഇംഗ്ലണ്ട്,വെസ്റ്റ് ഇന്‍ഡീസ് എന്നിവടങ്ങളില്‍ നിന്നുള്ള താരങ്ങളാണ്. വ്യക്തിപരമായി പറഞ്ഞാല്‍ വിദേശതാരങ്ങളില്ലാതെ ടൂര്‍ണമെന്റ് ഈ വര്‍ഷം നടത്താനാവുമോയെന്ന് സംശയമുണ്ട്. അങ്ങനെ നടത്തിയാല്‍ സയ്യിദ് മുഷ്താഖ് അലി ട്രോഫിയുടെ മറ്റൊരു പതിപ്പായി ഇത് മാറും'- സാഹ പറഞ്ഞു.

Also Read-ശ്രീലങ്കൻ ക്രിക്കറ്റിൽ കേന്ദ്ര കരാർ വിവാദം മുറുകുന്നു; വേതനം പ്രശ്നമെങ്കിലും ശ്രദ്ധ ക്രിക്കറ്റിൽ മാത്രമെന്ന് കുശാൽ പെരേര

നിലവില്‍ ഇംഗ്ലണ്ട് പര്യടനത്തിന് ഒരുങ്ങുകയാണ് ഇന്ത്യ. ജൂണില്‍ നടക്കുന്ന ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ഇംഗ്ലണ്ടില്‍ എത്തുന്ന ഇന്ത്യ അതിനു ശേഷം ഓഗസ്റ്റില്‍ ഇംഗ്ലണ്ടുമായി അഞ്ച് മത്സര ടെസ്റ്റ് പരമ്പരയും കളിക്കുന്നുണ്ട്. അഞ്ച് മത്സര പരമ്പരയില്‍ മത്സരങ്ങള്‍ തമ്മിലുള്ള ഇടവേളകള്‍ ചുരുക്കനാകും ബിസിസിഐ ശ്രമിക്കുന്നത്. ഇതു ടെസ്റ്റ് പരമ്പര കൂടുതല്‍ വേഗത്തില്‍ തീര്‍ക്കാനും സഹായിക്കും. അങ്ങനെ അധികം ലഭിക്കുന്ന ദിവസങ്ങള്‍ വെച്ച് ഐപിഎല്‍ നടത്താന്‍ കഴിയും. ടെസ്റ്റ് മത്സര പരമ്പര നേരത്തെ കഴിയുന്ന സാഹചര്യത്തില്‍ ഐപിഎല്‍ സെപ്റ്റംബറില്‍ തന്നെ നടത്താന്‍ കഴിഞ്ഞേക്കും.

ഒക്ടോബറില്‍ ആരംഭിക്കുന്ന ടി20 ലോകകപ്പിന് മുന്നോടിയായി ഐപിഎല്‍ പൂര്‍ത്തിയാക്കാനുള്ള ശ്രമമാണ് ബിസിസിഐ നടത്തുന്നത്. പക്ഷേ ഐപിഎല്ലില്‍ വിവിധ ടീമുകളിലായി പല പ്രമുഖ വിദേശ താരങ്ങള്‍ കളിക്കുന്നുണ്ട്. ഇവരില്ലാതെ കളിക്കുക എന്നത് ടീമുകള്‍ക്കും തിരിച്ചടിയാണ്.

Also Read-ഐപിഎല്‍ 2021: രണ്ടാം ഘട്ടത്തിന് യുഎഇ വേദിയായേക്കും

കഴിഞ്ഞ വര്‍ഷത്തെ ഐപിഎല്‍ യുഎഇയില്‍ വിജയകരമായി നടന്നിരുന്നു. ഇതിന്റെ ആത്മവിശ്വാസത്തിലാണ് വീണ്ടും യുഎഇയില്‍ ഐപിഎല്‍ നടത്താന്‍ ബിസിസിഐ ആലോചിക്കുന്നത്. ഇത്തവണ റെക്കോര്‍ഡ് കാഴ്ചക്കാരെയാണ് ഐപിഎല്ലിന് ലഭിച്ചത്. വിദേശ താരങ്ങളില്ലാതെ ഐപിഎല്‍ നടത്തിയാല്‍ കാഴ്ചക്കാരുടെ എണ്ണത്തെയും ബാധിക്കാന്‍ സാധ്യതയുണ്ട്. വെല്ലുവിളികള്‍ നിറഞ്ഞു നില്‍ക്കുന്ന നിലവിലെ സാഹചര്യത്തില്‍ എല്ലാവര്‍ക്കും അനുയോജ്യമായ തരത്തില്‍ ടൂര്‍ണമെന്റിലെ ബാക്കിയുള്ള മത്സരങ്ങള്‍ നടത്തുന്നതിന് ബിസിസിഐ എന്തൊക്കെ ഒരുക്കങ്ങളാണ് നടത്തുക എന്നത് കാത്തിരുന്ന് കാണാം.

First published:

Tags: BCCI, IPL 2021, Vridhiman Saha