• HOME
  • »
  • NEWS
  • »
  • sports
  • »
  • ആദ്യം വിൻഡീസ്, ഇപ്പോൾ ഇംഗ്ലണ്ട്; ടി20 ലോകകപ്പിൽ അട്ടിമറി തുടർന്ന് അയർലൻഡ്

ആദ്യം വിൻഡീസ്, ഇപ്പോൾ ഇംഗ്ലണ്ട്; ടി20 ലോകകപ്പിൽ അട്ടിമറി തുടർന്ന് അയർലൻഡ്

ഇംഗ്ലണ്ട് ഇന്നിംഗ്സ് 14.3 ഓവറിൽ അഞ്ചിന് 105 എന്ന നിലയിൽ  നിൽക്കുമ്പോൾ മഴ കാരണം കളി തടസപ്പെട്ടു. ഈ സമയം ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം അഞ്ച് റൺസ് പിന്നിലായിരുന്നു ഇംഗ്ലണ്ട്

  • Share this:
    മഴ നിറഞ്ഞു കളിച്ച മത്സരത്തിൽ മികച്ച ബൗളിംഗ് പ്രകടനത്തോടെ ലോക രണ്ടാം നമ്പരായ ഇംഗ്ലണ്ടിനെ അഞ്ച് റൺസിന് അട്ടിമറിച്ച് അയർലൻഡ്. ട്വന്റി 20 ലോകകപ്പിൽ പ്രാഥമിക ഘട്ടത്തിൽ വിൻഡീസിനെ അട്ടിമറിച്ചെത്തിയ അയർലൻഡ് ജൈത്രയാത്ര തുടരുകയാണ്. ആദ്യം ബാറ്റിങ്ങിനിറങ്ങിയ അയർലൻഡ് ക്യാപ്റ്റൻ ആൻഡി ബൽബിർണി (62)യുടെ മികവിൽ10 ഓവറിൽ 92-1 എന്ന നിലയിൽ എത്തിച്ചതാണ് മത്സരത്തിൽ നിർണായകമായത്. പിന്നീട് മധ്യനിര തകർന്നതോടെ നാല് പന്തുകൾ ശേഷിക്കെ അയർലൻഡ് ഇന്നിംഗ്സ് 157 റൺസിന് അവസാനിച്ചു. എന്നാൽ മികച്ച ബോളിങ്ങിലൂടെ അയർലൻഡ് കരുത്തരായ ഇംഗ്ലണ്ടിനെ പിടിച്ചുകെട്ടുകയായിരുന്നു.

    രണ്ടാം ഇന്നിംഗ്സിന്‍റെ തുടക്കത്തിൽ 18 മിനിറ്റ് മഴ മൂലം നഷ്‌ടപ്പെട്ടതോടെ കളിയുടെ ഗതി മാറി മറിയുകയായിരുന്നു. ഇംഗ്ലണ്ട് ഇന്നിംഗ്സ് 14.3 ഓവറിൽ അഞ്ചിന് 105 എന്ന നിലയിൽ  നിൽക്കുമ്പോൾ മഴ കാരണം കളി തടസപ്പെട്ടു. ഈ സമയം ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം അഞ്ച് റൺസ് പിന്നിലായിരുന്നു ഇംഗ്ലണ്ട്.

    പ്രാഥമിക ഘട്ടത്തിൽ രണ്ട് തവണ ചാമ്പ്യൻമാരായ വെസ്റ്റ് ഇൻഡീസിന് ശേഷം ടൂർണമെന്റിലെ രണ്ടാമത്തെ വലിയ അട്ടിമറിയാണ് ഇംഗ്ലണ്ട് നേരിട്ടത്. അഫ്ഗാനിസ്ഥാനെതിരെ അഞ്ച് വിക്കറ്റിന് ജയിച്ച് തുടങ്ങിയ ഇംഗ്ലണ്ട് അയർലൻഡിനെ വീഴ്ത്തുമെന്നാണ് ആരാധകർ പ്രതീക്ഷിച്ചത്. എന്നാൽ അപ്രതീക്ഷിത തോൽവി നേരിട്ടതോടെ ഇംഗ്ലണ്ടിന് അടുത്ത മത്സരങ്ങൾ നിർണായകമായി മാറി.

    ഗ്രൂപ്പ് ഒന്നിൽ ഒരു ജയവും ഒരു തോൽവിയുമായി ഓസ്‌ട്രേലിയ, ശ്രീലങ്ക, അയർലൻഡ്, ഇംഗ്ലണ്ട് എന്നീ ടീമുകൾ ഒരുപോലെ മുന്നേറുകയാണ്. തോൽവി അറിയാത്ത ന്യൂസിലൻഡും അഫ്ഗാനിസ്ഥാനും ബുധനാഴ്ച പിന്നീട് കളിക്കുന്നു.
    Published by:Anuraj GR
    First published: