ക്രിക്കറ്റിൽ കളിനിയമങ്ങൾ ബാറ്റർമാർക്ക് അനുകൂലമാകുന്ന കാലം. ബോളർമാർ കൂടുതലും തല്ലുകൊല്ലാൻ വിധിക്കപ്പെട്ടവരായി മാറുന്നുവെന്ന് ചിന്തിക്കുന്നവർ ഏറെ. കഴിഞ്ഞ പത്തിരുപത് വർഷമായി ക്രിക്കറ്റിൽ സംഭവിച്ച ഒരു പ്രധാനപ്പെട്ട കാര്യം മികച്ച ബോളർമാരുടെ എണ്ണം എല്ലാ ടീമുകളിലും കുറഞ്ഞു വരുന്നു എന്നതാണ്. പത്തോ പതിനഞ്ചോ വർഷത്തിന് പിറകിലേക്ക് പോയാൽ, എണ്ണം പറഞ്ഞ ബോളർമാർ ഒട്ടനവധിയുണ്ടായിരുന്നു. എന്നാൽ ഇന്നോ? ഇവിടെയാണ് സമകാലീന ക്രിക്കറ്റിലെ ഏറ്റവും മികച്ച ബോളർ ആരെന്ന ചർച്ചയ്ക്ക് പ്രസക്തിയേറുന്നത്. കഴിഞ്ഞ ദിവസം ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ആദ്യ ഏകദിനം പൂർത്തിയാകുമ്പോൾ ജസ്പ്രിത് ബുംറ എന്ന അഹമ്മദാബാദുകാരനെ കുറിച്ച് ഉയരുന്ന ചോദ്യമാണിത്.
കഴിഞ്ഞ ദിവസം രണ്ടു അവസരങ്ങളിലാണ് ബുംറയെക്കുറിച്ചുള്ള പരാമർശം ഉണ്ടായത്. അതിലൊന്ന് മത്സരശേഷമുള്ള സ്കൈ സ്പോർട്സിന്‍റെ അവലോകനത്തിൽ രവി ശാസ്ത്രിയ്ക്കൊപ്പം സംസാരിച്ച മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ നാസർ ഹുസൈന്‍റെ പരാമർശമായിരുന്നു. "ഇപ്പോൾ ലോക ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റിലെയും ഏറ്റവും മികച്ച ബോളറാണ് ബുംറ. ഒരുപക്ഷേ ട്രെന്റ് ബോൾട്ട്, ഷഹീൻ ഷാ അഫ്രീദി, ജോഫ്ര ആർച്ചർ എന്നിവരൊക്കെ എതിരാളികളെ ഭയപ്പെടുത്തുന്ന ബോളർമാരായിരിക്കാം. എന്നാൽ അവരേക്കാൾ മികച്ചത് ബുറ തന്നെ. ഇംഗ്ലണ്ടിന്റെ ബാറ്റർമാരെ അമിതമായി വിമർശിക്കാൻ കഴിയുമെന്ന് കരുതുന്നില്ല. എന്നാൽ ബുംറയുടേത് അതിശയകരമായ ബൗളിംഗ് ആണെന്ന് പറയേണ്ടി വരും.". ഇനി രണ്ടാമത്തെ സംഭവം. മത്സരശേഷം മാധ്യമങ്ങളെ കണ്ട ജോസ് ബട്ട്ലറെ അലോസരപ്പെടുത്തിയ ഒരു ചോദ്യം ഇതായിരുന്നു. 'ഇപ്പോൾ ക്രിക്കറ്റിലെ ഏറ്റവും മികച്ച ബോളർ ജസ്പ്രിത് ബുംറയല്ലേ'. ഈ ചോദ്യം ബട്ട്ലറെ തെല്ലൊന്നുമല്ല അലോസരപ്പെടുത്തിയത്.
കരിയർ ബെസ്റ്റും 3.2 ഡിഗ്രി സ്വിംഗ് ചെയ്ത പന്തുംഇനി നമുക്ക് ഇന്നലത്തെ മത്സരത്തിലേക്ക് വരാം. നാല് ഇംഗ്ലീഷ് ബാറ്റർമാരെ സംപൂജ്യരാക്കി മടക്കിയത് ബുംറയാണ്. ഒരിക്കലും തിരിച്ചുവരാനാകാത്ത തകർച്ചയിലേക്ക് അവരെ തള്ളിയിട്ടു. ഇന്ത്യയ്ക്കെതിരെ ഏകദിനത്തിലെ ഏറ്റവും കുറഞ്ഞ സ്കോർ എന്ന നാണക്കേടും ഇംഗ്ലണ്ടിന് പേറേണ്ടിവന്നു. ഇംഗ്ലണ്ടിനെതിരെ ഒരു ഇന്ത്യൻ ബോളറുടെ ഏറ്റവും മികച്ച പ്രകടനവും ബുംറ ഓവലിൽ സ്വന്തം പേരിൽ കൂട്ടിച്ചേർത്തു. 19 റൺസ് മാത്രം വഴങ്ങിയാണ് ബുംറ ആറു വിക്കറ്റെടുത്തത്. 2003 ലോകകപ്പിലെ നിർണായകമായ സൂപ്പർ സിക്സിൽ കോരിച്ചൊരിയുന്ന മഴയത്ത് പൂർത്തിയാക്കിയ മത്സരത്തിൽ നെഹ്റ കുറിച്ച 6-23 എന്ന പ്രകടനമാണ് ബുംറ ഇന്നലെ മറികടന്നത്. ഇനി ഇന്നലത്തെ മത്സരത്തിൽ ബുംറ എറിഞ്ഞ ഒരു പന്തിനെക്കുറിച്ച് പറയാതിരിക്കാനാകില്ല. ലിയാം ലിവിംഗ്സ്റ്റണിനെ പുറത്താക്കിയ പന്ത് 3.2 ഡിഗ്രി സ്വിംഗ് ചെയ്താണ് സ്റ്റംപ് തെറിപ്പിച്ചത്. അതിമനോഹരമായ ഒരു ഇൻസ്വിങർ ആയിരുന്നു. ഒരു പക്ഷേ ബുംറയുടെ ഏകദിന കരിയറിലെ തന്നെ മികച്ച വിക്കറ്റ് ടേക്കിംഗ് ഡെലിവറികളിലൊന്ന്.
എപ്പോഴും എവിടെയും ബുംറ അപകടകാരിബുംറയെ ഏറ്റവും അപകടകാരിയാക്കുന്നത് സാഹചര്യത്തിന് അനുസരിച്ച് ലൈനിലും ലെങ്ത്തിലും മാറ്റം വരുത്താനുള്ള അത്ഭുതകരമായ കഴിവ് തന്നെ. ഇതിനൊപ്പം പന്തിന്‍റെ പേസ് കൂടി ചേരുമ്പോൾ ഏത് ഫോർമാറ്റിനും യോജിച്ച ബോളറായി ബുംറ മാറുന്നു. യോർക്കറുകളും ഇൻ സ്വിങ്ങറുകളും ഔട്ട് സ്വിങ്ങറുകളും ആവശ്യാനുസരണം പ്രയോഗിക്കാനും ബുംറയ്ക്ക് കഴിയുന്നുണ്ട്. വെറും 30 ടെസ്റ്റ് മത്സരങ്ങളിൽനിന്ന് 21.99 ശരാശരിയിൽ 128 വിക്കറ്റും 71 ഏകദിന മത്സരങ്ങളിൽനിന്ന് 24.30 ശതമാശരിയിൽ 119 വിക്കറ്റുകളുമാണ് ബുംറ സ്വന്തം പേരിൽ കുറിച്ചിട്ടുള്ളത്. 58 ടി20 മത്സരങ്ങളിൽനിന്നായി 69 വിക്കറ്റും അദ്ദേഹം നേടിയിട്ടുണ്ട്. ഈ കളി മികവ് തന്നെയാണ് ചുരുങ്ങിയ കാലം കൊണ്ട് താൽക്കാലികമായെങ്കിലും ടെസ്റ്റ് ടീമിന്‍റെ നായകപദവിയും ബുംറയെ തേടിയെത്താൻ കാരണമായത്.
റാങ്കിങ്ങിലെ സ്ഥിരത...സമകാലീന ക്രിക്കറ്റിലെ ഏറ്റവും മികച്ച ബോളറെന്ന് വെറുതെയങ്ങ് പറഞ്ഞു പോകാൻ പറ്റില്ലല്ലോ. കഴിഞ്ഞ രണ്ടു വർഷമായുള്ള ഐസിസി റാങ്കിങ്ങും ഇക്കാര്യം അടിവരയിടുന്നുണ്ട്. ടെസ്റ്റ് - ഏകദിന റാങ്കിങ്ങുകളിൽ ആദ്യം മൂന്നു സ്ഥാനങ്ങളിലൊന്നിൽ തുടരുന്നയാളാണ് ബുംറ. ഏറ്റവും പുതിയ റാങ്കിങ് പ്രകാരം ഏകദിനത്തിൽ ഒന്നാമതും ടെസ്റ്റിൽ മൂന്നാം സ്ഥാനത്തുമാണ്. റാങ്കിങ്ങിലെ ആദ്യ അഞ്ചു സ്ഥാനങ്ങളിൽ സ്ഥിരതയോടെ തുടരുന്ന മറ്റ് താരങ്ങൾ പാകിസ്ഥാന്‍റെ ഷഹിൻഷാ അഫ്രിദിയും ന്യൂസിലാൻഡിന്‍റെ ട്രെന്‍റ് ബോൾട്ടുമാണ്.
ഇംഗ്ലണ്ടിന് പേടി സ്വപ്നം...![]()
Bumrah
ഇത്തവണ ഇംഗ്ലണ്ടിൽ എത്തിയതുമുതൽ ഇംഗ്ലീഷ് ബാറ്റർമാരുടെ പേടിസ്വപ്നമായി മാറിയിരിക്കുകയാണ് ജസ്പ്രിത് ബുംറയെന്ന് പറഞ്ഞാൽ അതിശയോക്തിയാകില്ല. കഴിഞ്ഞ വർഷത്തെ ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരമായിരുന്നു ഇത്തവണ ആദ്യം ഇരു ടീമുകളും മുഖാമുഖം വന്നത്. ആ മത്സരത്തിൽ ബുംറ അഞ്ച് വിക്കറ്റ് നേടി. ആദ്യത്തെയും മൂന്നാമത്തെയും ടി20യിൽ ബുംറ കളിച്ചില്ല. രണ്ടാം മത്സരത്തിൽ പത്ത് റൺസ് മാത്രം വഴങ്ങി രണ്ടു വിക്കറ്റെടുത്തു. അതിനുശേഷം കഴിഞ്ഞ ദിവസം ആദ്യ ഏകദിനത്തിലെ കരിയർ ബെസ്റ്റ് പ്രകടനം. വിക്കറ്റുകൾ എടുക്കുന്നതിനൊപ്പം എതിർ ബാറ്റർമാരെ ശരിക്കും ആശയക്കുഴപ്പത്തിലാക്കാനും റൺസ് നേടാൻ അനുവദിക്കാതെ സമ്മർദ്ദത്തിലാക്കാനും ബുംറയ്ക്കു കഴിയുന്നുണ്ട്.
Also Read-
എറിഞ്ഞിട്ട് ബുംറ, അടിച്ചൊതുക്കി രോഹിത്; ആദ്യ ഏകദിനത്തിൽ ഇന്ത്യയ്ക്ക് 10 വിക്കറ്റ് ജയംലോകകപ്പ് പ്രതീക്ഷകൾ...ആദ്യം പറഞ്ഞതുപോലെ കളി നിയമങ്ങൾ ബാറ്റർമാർക്ക് അനുകൂലമായി മാറുമ്പോഴും, ബോളിങ് മികവ് കൊണ്ട് എതിരാളികളെ ഭയപ്പെടുത്തുന്ന ബോളർ തന്നെയാണ് ജസ്പ്രിത് ബുംറ. സ്വന്തം പ്രകടനത്തിന്‍റെ മികവിൽ ടീമിന് വിജയങ്ങൾ നേടിക്കൊടുക്കുമ്പോഴാണ് ഒരു കളിക്കാരന്‍റെ മികവിന് മൂല്യമേറുക. ഈ വർഷം ഒക്ടോബറിൽ ഓസ്ട്രേലിയയിൽ ആരംഭിക്കുന്ന ടി20 ലോകകപ്പിൽ ഇന്ത്യയുടെ പ്രതീക്ഷകൾ ഒരു പരിധിവരെ ബുംറ നേതൃത്വം നൽകുന്ന ബോളിങ് നിരയുടെ പ്രകടനത്തെ കൂടി ആശ്രയിച്ചാണ്. ഓസ്ട്രേലിയൻ സാഹചര്യങ്ങളിൽ ബുംറ അപകടകാരിയായി മാറുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.