• HOME
  • »
  • NEWS
  • »
  • sports
  • »
  • Mankading | ദീപ്തി ശർമ ഇംഗ്ലണ്ട് താരത്തെ പുറത്താക്കിയതിൽ പിഴവുണ്ടോ? റൺ ഔട്ട് വിവാദം

Mankading | ദീപ്തി ശർമ ഇംഗ്ലണ്ട് താരത്തെ പുറത്താക്കിയതിൽ പിഴവുണ്ടോ? റൺ ഔട്ട് വിവാദം

ക്രിക്കറ്റിലെ നിയമങ്ങൾ പ്രകാരം നോൺ സ്ട്രൈക്കർ ക്രീസിൽ നിന്ന് പുറത്തായാൽ ബോളിങ് ആക്ഷൻ പൂർത്തിയാക്കി റൺ ഔട്ടാക്കാൻ സാധിക്കും.

  • Share this:
വനിതാ ക്രിക്കറ്റിൽ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിൽ നടന്ന ഏകദിന മത്സരത്തിലെ റൺ ഔട്ട് വിവാദം ക്രിക്കറ്റ് ലോകത്ത് ചൂടുപിടിച്ച ചർച്ചയാവുകയാണ്. ഇംഗ്ലണ്ട് ബാറ്റർ ചാർലി ഡീനിനെ (Charlie Dean) ഇന്ത്യയുടെ ദീപ്തി ശർമ (Deepti Sharma) നോൺ സ്ട്രൈക്കേഴ്സ് എൻഡിൽ വെച്ച് റൺ ഔട്ടാക്കിയതാണ് വിവാദത്തിലായത്. ലോർഡ്സിൽ നടന്ന മൂന്നാം ഏകദിനത്തിൽ ഡീനിൻെറ ബാറ്റിങ് പ്രകടനം ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിക്കുമെന്ന് ഉറപ്പിച്ചിരിക്കുമ്പോഴാണ് അവിചാരിതമായ റൺ ഔട്ട് വഴിത്തിരിവായത്. 40 റൺസുമായി ഡീൻ ക്രീസിൽ നിൽക്കുമ്പോൾ ഇംഗ്ലണ്ടിന് ജയിക്കാൻ 5 ഓവറിൽ വെറും 17 റൺസ് മാത്രമാണ് വേണ്ടിയിരുന്നത്.

ദീപ്തി ശർമ പന്തെറിയാനെത്തുമ്പോൾ ഡീൻ ക്രീസ് വിട്ട് പുറത്തിറങ്ങിയിരുന്നു. ക്രിക്കറ്റിലെ നിയമങ്ങൾ പ്രകാരം നോൺ സ്ട്രൈക്കർ ക്രീസിൽ നിന്ന് പുറത്തായാൽ ബോളിങ് ആക്ഷൻ പൂർത്തിയാക്കി റൺ ഔട്ടാക്കാൻ സാധിക്കും. നിർണായകമായ ഘട്ടത്തിൽ ദീപ്തി ശർമ അത് മാത്രമാണ് ചെയ്തത്. മത്സരത്തിൽ പല തവണ ഡീൻ ഇങ്ങനെ ക്രീസ് വിട്ട് പുറത്തിറങ്ങിയിരുന്നു. ദീപ്തി ഡീനിനെ പുറത്താക്കിയതിൽ നിയമപരമായി പിശകൊന്നും തന്നെയില്ലെങ്കിലും ക്രിക്കറ്റിൻെറ മാന്യതയ്ക്ക് ചേരാത്ത പ്രവൃത്തിയായി എന്നാണ് ഇംഗ്ലണ്ട് കളിക്കാർ ആരോപിക്കുന്നത്.

മുൻപ് ക്രീസിന് പുറത്തിറങ്ങിയപ്പോൾ തന്നെ ഡീനിന് താക്കീത് നൽകിയിരുന്നുവെന്ന് ദീപ്തി ശർമ പറഞ്ഞു. എന്നാൽ ഇന്ത്യൻ താരം കള്ളം പറയുകയാണെന്നാണ് ഇംഗ്ലീഷ് ക്യാപ്റ്റൻ ഹീതർ നൈറ്റിൻെറ വാദം.

also read : സഞ്ജു സാംസൺ ടീമിൽ; ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

എന്താണ് മങ്കാദിങ്?

1947ലെ സിഡ്നി ടെസ്റ്റിൽ ഇന്ത്യയുടെ വിനു മങ്കാദ് ഓസ്ട്രേലിയയുടെ ബിൽ ബ്രൌണിനെ പുറത്താക്കിയതോടെയാണ് മങ്കാദിങ് ക്രിക്കറ്റ് ചരിത്രത്തിൽ ഇടംപിടിക്കുന്നത്. വിനു മങ്കാദിൻെറ പേരിനോട് ചേർത്ത് തന്നെയാണ് ഇത്തരം പുറത്താക്കലിന് മങ്കാദിങ് എന്ന് പേരിട്ടത്. കളിയുടെ മാന്യതയ്ക്കപ്പുറത്ത് ഇങ്ങനെ പുറത്താക്കുന്നതിന് ക്രിക്കറ്റ് നിയമം അനുവദിക്കുന്നുണ്ട്.

“ബൌളർ പന്ത് റിലീസ് ചെയ്യുന്ന സമയത്ത് നോൺ സ്ട്രൈക്കർ അദ്ദേഹത്തിൻെറ ക്രീസിന് പുറത്താണെങ്കിൽ റൺ ഔട്ട് അനുവദനീയമാണ്,” എന്നാണ് മങ്കാദിങ് നിയമം വ്യക്തമാക്കുന്നത്. ക്രിക്കറ്റ് നിയമങ്ങളുടെ കസ്റ്റോഡിയനായ മെറിൽബോൺ ക്രിക്കറ്റ് ക്ലബ്ബ് (എംസിസി) ദീപ്തി ശർമ ചെയ്തതിൽ തെറ്റൊന്നും കണ്ടെത്തിയിട്ടില്ല. ബൌളർ കയ്യിൽ നിന്ന് പന്ത് റിലീസ് ചെയ്യുന്നത് വരെ നോൺ സ്ട്രൈക്കർ ക്രീസിൽ തന്നെ തുടരണമെന്നാണ് എംസിസി നിയമം പറയുന്നത്. നോൺ സ്ട്രൈക്കർ ക്രീസിൽ തന്നെ നിന്നിരുന്നുവെങ്കിൽ ഇന്ത്യ-ഇംഗ്ലണ്ട് മത്സരത്തിലെ പോലെയുള്ള റൺ ഔട്ടുകൾ ക്രിക്കറ്റിൽ ഉണ്ടാവുകയില്ലെന്നും എംസിസി വ്യക്തമാക്കി.

വിമർശിച്ച് ഇംഗ്ലീഷ് ക്രിക്കറ്റ് ലോകം

ഔട്ടായത് നിയമപരമാണെങ്കിലും ക്രിക്കറ്റിലെ മാന്യതയ്ക്ക് നിരക്കാത്ത പ്രവൃത്തിയാണ് ദീപ്തിയുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നാണ് ഇംഗ്ലണ്ട് ക്രിക്കറ്റർമാരുടെ വിമർശനം. “ഇത് ശരിയായ വഴിയിലൂടെയുള്ള വിജയമല്ലെന്നാണ് എൻെറ അഭിപ്രായം. അവർക്ക് (ഇന്ത്യക്ക്) അങ്ങനെ ചെയ്യാനുള്ള അവകാശമുണ്ട്. അത്തരത്തിലുള്ള വഴിയിലൂടെ അവർ വിക്കറ്റ് നേടുന്നതിലും തെറ്റില്ല. എന്നാൽ അവരത് കൈകാര്യം ചെയ്ത രീതിയോട് ഒരിക്കലും യോജിക്കാൻ സാധ്യമല്ല,” മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ലിഡിയ ഗ്രീൻവേ പറഞ്ഞു.

ഡീനിനെ പുറത്താക്കാൻ വേണ്ടി ദീപ്തി മന:പൂർവം ബൌളിങ് ആക്ഷൻ പൂർത്തിയാക്കാൻ വൈകിച്ചുവെന്നും ഇംഗ്ലണ്ട് കളിക്കാർ ആരോപണം ഉന്നയിക്കുന്നുണ്ട്. എംസിസി നിയമത്തിൽ 2017ൽ വന്ന ഭേദഗതി പ്രകാരമാണ് ഇപ്പോൾ വിവാദം ചൂടുപിടിക്കുന്നത്. 2017ലെ ഭേദഗതി പ്രകാരം നോൺ സ്ട്രൈക്കർ എൻഡിൽ നിന്ന് നേരത്തെ തന്നെ ക്രീസ് വിട്ടിറങ്ങിയാൽ മാത്രമേ ബൌളർക്ക് റൺ ഔട്ടാക്കാൻ അവകാശമുള്ളൂ. പുറത്താക്കൽ രീതിയുമായി ബന്ധപ്പെട്ടും അതിലെ മാന്യതയുമായി കൂട്ടിച്ചേർത്തുമാണ് പലപ്പോഴും ചർച്ചകൾ മുന്നോട്ട് പോകാറുള്ളത്.

മങ്കാദിൻെറ പേര് എന്ത് കൊണ്ട് പരാമർശിക്കുന്നു?

നോൺ സ്ട്രൈക്കിങ് എൻഡിൽ വെച്ച് ഒരു കളിക്കാരൻ റൺ ഔട്ടായാൽ ഇന്ത്യൻ താരം വിനു മങ്കാദിൻെറ പേര് വലിച്ചിഴക്കുന്നതിൽ പലപ്പോഴും വിമർശനം ഉയരാറുണ്ട്. അനർഹമായ രീതിയിൽ റൺ നേടാനുള്ള ശ്രമം നടത്തുമ്പോഴാണ് ഓസീസ് താരത്തെ വിനു മങ്കാദ് അന്ന് പുറത്താക്കിയത്. മങ്കാദിങ് എന്ന ടേം ഉപയോഗിക്കുന്നതിനെ രൂക്ഷമായി വിമർശിക്കുന്ന ഒരാളാണ് ഇന്ത്യയുടെ ഇതിഹാസ ക്രിക്കറ്റർ സുനിൽ ഗാവസ്കർ.

2020 ഐപിഎല്ലിൽ ഡൽഹി കാപ്പിറ്റൽസ് താരം ആർ അശ്വിൻ ആർസിബിയുടെ ഓസീസ് താരം ആരോൺ ഫിഞ്ചിനെ ഇത്തരത്തിൽ റൺ ഔട്ടാക്കിയിരുന്നു. അന്ന് കമൻററി ബോക്സിലുണ്ടായിരുന്ന ഗാവസ്കർ ഈ പുറത്താക്കലിനെ ഓസീസ് താരം ബ്രൌണിൻെറ പേര് വെച്ചാണ് വിശേഷിപ്പിച്ചത്. ക്രിക്കറ്റിൻെറ മാന്യതയ്ക്ക് നിരക്കാത്ത കളി ഓസ്ട്രേലിയൻ താരത്തിൻെറ ഭാഗത്ത് നിന്നാണ് ഉണ്ടായതെന്നും അവിടെ വിനു മങ്കാദിൻെറ പേര് മോശമായി ഉപയോഗിക്കേണ്ട കാര്യമില്ലെന്നായിരുന്നു ഗാവസ്കറിൻെറ വാദം.

“വിനു മങ്കാദ് ഇന്ത്യയുടെ ഇതിഹാസ ക്രിക്കറ്റർമാരിൽ ഒരാളാണ്. അദ്ദേഹം ഇന്ത്യയെ വിജയങ്ങളിലേക്ക് നയിച്ചിട്ടുള്ള ഓൾറൌണ്ടറായിരുന്നു. അദ്ദേഹത്തെ പോലൊരു കളിക്കാരൻ ക്രിക്കറ്റിൻെറ മാന്യതയ്ക്ക് നിരക്കാത്ത രീതിയിൽ കളിച്ചുവെന്ന് പറയുന്നത് അംഗീകരിക്കാൻ സാധിക്കില്ല. ഇന്ത്യയുടെ ഇതിഹാസ താരത്തെ അപമാനിക്കുന്നത് ശരിയല്ല. 1947ൽ ബിൽ ബ്രൌണായിരുന്നു കുറ്റക്കാരൻ. വിനു മങ്കാദ് ആയിരുന്നില്ല,” ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ ഗാവസ്കർ പറഞ്ഞു.

“ഇന്ത്യൻ കളിക്കാർ ഈ രീതിയെ പ്രോത്സാഹിപ്പിക്കരുത്. നമ്മുടെ കളിക്കാരൻെറ പേര് മോശം രീതിയിൽ ഉപയോഗിക്കുന്നത് ശരിയല്ല. ഇന്ത്യൻ മാധ്യമങ്ങൾ ഇപ്പോഴും മങ്കാദിൻെറ പേര് ചേർത്താണ് ഇത്തരം പുറത്താക്കലുകളെ വിശേഷിപ്പിക്കാറുള്ളത്. അത് മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ബ്രൌണിൻെറ പേര് ചേർത്ത് പറയുന്നതാണ് നല്ലത്. കാരണം അന്ന് മാന്യതയില്ലാത്ത കളി കളിച്ചത് ഓസീസ് ക്രിക്കറ്റാണ്,” ഗാവസ്കർ കൂട്ടിച്ചേർത്തു.

ഡീനിൻെറ പ്രതികരണം

റൺ ഔട്ടായി പുറത്തായപ്പോൾ ഡീൻ കടുത്ത നിരാശയിലായിരുന്നു. കണ്ണ് നിറഞ്ഞ് കൊണ്ടാണ് താരം കളിക്കളം വിട്ടത്. അതേസമയം അടുത്ത മത്സരത്തിൽ ഇതേ രീതിയിൽ റൺ ഔട്ട് ആക്കാനുള്ള ശ്രമവും ഡീൻ നടത്തി. ബാറ്റർ ക്രീസ് വിട്ട് പുറത്തിറങ്ങാതെ നിന്നതിനാൽ ഔട്ടാക്കാൻ സാധിച്ചില്ലെന്ന് മാത്രം. “ഇന്ന് മുതൽ ഞാൻ എൻെറ ക്രീസിൽ തന്നെ ഉറച്ച് നിൽക്കും,” ഇന്ത്യക്കെതിരെയുള്ള മത്സരത്തിന് ശേഷം ഡീൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

ക്രിക്കറ്റിലെ നിയമങ്ങളിൽ ഇടയ്ക്കിടെ മാറ്റം വരാറുണ്ട്. ബേസ് ബോളിലും മറ്റും സമാനമായ നിയമങ്ങളുണ്ട്. എന്നാൽ അതിൽ ഇടയ്ക്കിടെ മാറ്റങ്ങൾ വരാറില്ല. ക്രിക്കറ്റ് നിയമങ്ങളിലെ ഭേദഗതികൾ കളിക്കാരെയും ആരാധകരെയും ആശയക്കുഴപ്പത്തിൽ ആക്കാറുമുണ്ട്.
Published by:Amal Surendran
First published: