പനാജി: തകർപ്പൻ കളി പുറത്തെടുത്തിട്ടും കേരള ബ്ലാസ്റ്റേഴ്സിന് ജയം ഇനിയുമകലെ. ചെന്നൈയന്‍ എഫ്.സിക്കെതിരായ മത്സരം ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചു. മത്സരത്തിലുടനീളം ബ്ലാസ്റ്റേഴ്‌സാണ് മുന്നിട്ടുനിന്നത്. എന്നാൽ ഗോൾ നേടാൻ ടീമിന് കഴിഞ്ഞില്ല. ഇതോടെ ഈ സീസണില്‍ മൂന്നു മത്സരങ്ങളില്‍ നിന്നും രണ്ടു സമനിലയും ഒരു തോല്‍വിയുമാണ് ബ്ലാസ്റ്റേഴ്‌സിന്റെ അക്കൗണ്ടിലുള്ളത്.
ചെന്നൈയൻ എഫ്.സിയുടെ യാക്കൂബ് സിൽവസ്റ്ററിന്റെ പെനാല്‍ട്ടി ഷോട്ട് സേവ് ചെയ്ത് ബ്ലാസ്റ്റേഴ്‌സിന്റെ താരമായി മാറിയ ഗോള്‍കീപ്പര്‍ ആല്‍ബിനോ ഗോമസാണ് മത്സരത്തിലെ ഹീറോ ഓഫ് ദ മാച്ച്. മലയാളി താരങ്ങളെ പുറത്തിരുത്തിയാണ് ബ്ലാസ്റ്റേഴ്സ് കളി തുടങ്ങിയത്. ആദ്യ മിനിറ്റുകളില്‍ ചെന്നൈയുടെ ആക്രമണമാണ് മൈതാനത്ത് കണ്ടത്. ചാങ്‌തെയും ഥാപ്പയും ഇസ്മയുമെല്ലാം മികച്ച കളി പുറത്തെടുത്തതോടെ ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധം ഏറെ പണിപ്പെട്ടു. ചെന്നൈയനെ അപേക്ഷിച്ച് ബ്ലാസ്റ്റേഴ്‌സിന്റെ മുന്നേറ്റനിരയ്ക്ക് മൂര്‍ച്ച കുറവായിരുന്നു.
ISL 2020-21 FULL COVERAGE | ISL 2020-21 SCHEDULE | ISL 2020-21 POINTS TABLE
കളിയുടെ 17ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സ് ഗോള്‍കീപ്പര്‍ ആല്‍ബിനോ ഗോമസ് വലിയൊരു പിഴവ് നടത്തിയെങ്കിലും സെന്റര്‍ബാക്ക് ബക്കാരി കോനെ ടീമിന് രക്ഷകനായി. എന്നാല്‍ 20ാം മിനിറ്റിനുശേഷം ബ്ലാസ്റ്റേഴ്‌സ് കളിയുടെ ഗിയർ മാറ്റി. ആക്രമിച്ച് കളിക്കാന്‍ തുടങ്ങിയതോടെ ചെന്നൈ വിയര്‍ത്തു. 21ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സിന്റെ നയോറത്തിന് നല്ലൊരു അവസരം ലഭിച്ചെങ്കിലും അത് ഗോളിലെത്തിയില്ല.
Also Read- മൈതാനത്ത് ടീം തോറ്റാലെന്താ? ഗ്യാലറിയിൽ ഇന്ത്യൻ ആരാധകന് പ്രണയവിജയം
ആദ്യ പകുതിയുടെ തുടക്കത്തില്‍ ചെന്നൈയാണ് നന്നായി കളിച്ചതെങ്കില്‍ പിന്നീട് മത്സരത്തിന്റെ കടിഞ്ഞാണ്‍ ബ്ലാസ്റ്റേഴ്‌സിന്റെ കൈകളിലായി. രണ്ടാം പകുതിയിലും ബ്ലാസ്റ്റേഴ്‌സ് ആക്രമണ ഫുട്‌ബോള്‍ തന്നെയാണ് കാഴ്ചവെച്ചത്. രണ്ടാം പകുതിയില്‍ മലയാളി താരം രാഹുല്‍ പകരക്കാരനായി എത്തി. ചെന്നൈ വല രാഹുല്‍ കുലുക്കിയെങ്കിലും റഫറി അത് ഓഫ് സൈഡ് വിളിച്ചു. പിന്നാലെ ചെന്നൈയിനും ആക്രമിച്ചുകളിക്കാന്‍ തുടങ്ങിയതോടെ കളി ആവേശത്തിലായി. പിന്നാലെ മറ്റൊരു മലയാളി താരം പ്രശാന്തും ബ്ലാസ്റ്റേഴ്‌സിനായി ഇറങ്ങി. 65ാം മിനിറ്റില്‍ ചെന്നൈയുടെ അനിരുദ്ധ് ഥാപ്പ എടുത്ത ഫ്രീകിക്ക് അതിമനോഹരമായിആല്‍ബിനോ തട്ടിയകറ്റി.
Also Read- റൺമല കയറാനാകാതെ രണ്ടാം മത്സരത്തിലും ഇന്ത്യ വീണു; ഓസ്ട്രേലിയക്ക് പരമ്പര
73ാം മിനിറ്റില്‍ അനാവശ്യമായി പെനാല്‍ട്ടി ബോക്‌സില്‍ ഒരു ഫൗള്‍ നടത്തിയതിന് ബ്ലാസ്റ്റേഴ്സിന്റെ സിഡോയ്ക്ക് മഞ്ഞക്കാര്‍ഡ് ലഭിച്ചു. പിന്നാലെ റഫറി പെനാല്‍ട്ടിയും വിധിച്ചു. ചെന്നൈയ്ക്കായി കിക്കെടുത്തത് യാക്കൂബ് സില്‍വസ്റ്ററായിരുന്നു. എന്നാല്‍ വലതുവശത്തേക്ക് ഡൈവ് ചെയ്ത് ബ്ലാസ്റ്റേഴ്‌സ് ഗോളി ആല്‍ബിനോ തകര്‍പ്പന്‍ സേവുമായി രക്ഷകനായി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Chennaiyin FC, Isl, ISL 2020-21, Kerala Blasters FC