പനാജി: ഇന്ത്യൻ സൂപ്പർ ലീഗിൽ ഒടുവിൽ ബെംഗളുരു എഫ്.സിക്ക് അടി പതറി. കരുത്തന്മാരുടെ പോരാട്ടത്തില്‍ എടികെ മോഹന്‍ ബഗാൻ മറുപടിയില്ലാത്ത ഒരു ഗോളിനാണ് ബംഗളൂരു എഫ്സിയെ കീഴടക്കിയത്. ഇതോടെ ഈ സീസണില്‍ ഇതുവരെ പരാജയമറിയാതെ മുന്നേറിയ ബംഗളൂരുവിന്റെ ജൈത്രയാത്രയ്ക്ക് അവസാനമായി.
കളിയുടെ 13-ാം മിനിറ്റില്‍ ഡേവിഡ് വില്യംസ് ആണ് എടികെ-മോഹൻ ബഗാനുവേണ്ടി വിജയഗോൾ നേടിയത്. പെനാല്‍റ്റി ബോക്സില്‍ ബംഗളൂരു പ്രതിരോധനിരയെ കബളിപ്പിച്ച് വില്യംസ് തൊടുത്ത തകർപ്പൻ ഷോട്ട് ബംഗളുരു ഗോളിയെ നിഷ്പ്രഭനാക്കിക്കൊണ്ട് ഗോൾവലയം ഭേദിക്കുകയായിരുന്നു. വില്യംസിന്റെ ഈ സീസണിലെ ആദ്യ ഗോളാണിത്.
ഗോൾ വഴങ്ങിയതോടെ ബെംഗളുരു ഇരമ്പിയാർത്തു. പല തവണ അവർ ഗോളിലേക്കു ലക്ഷ്യം വെച്ചെങ്കിലും ശ്രമങ്ങളെല്ലാം വിഫലമായി. കൊൽക്കത്ത പ്രതിരോധവും മധ്യനിരയും ഒരുപോലെ ഉറച്ചുനിന്നതോടെ ബംഗളൂരുവിന് തോൽവി സമ്മതിക്കേണ്ടിവന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.