• HOME
  • »
  • NEWS
  • »
  • sports
  • »
  • ISL 2020-21| കേരള ബ്ലാസ്റ്റേഴ്സിനെ തകർത്ത് ഒഡിഷയുടെ ആദ്യ ജയം; ഡിയഗോ മൗറീസിയോക്ക് ഇരട്ടഗോൾ

ISL 2020-21| കേരള ബ്ലാസ്റ്റേഴ്സിനെ തകർത്ത് ഒഡിഷയുടെ ആദ്യ ജയം; ഡിയഗോ മൗറീസിയോക്ക് ഇരട്ടഗോൾ

സീസണിലെ ബ്ലാസ്റ്റേഴ്സിന്റെ അഞ്ചാം തോൽവിയാണിത്.

ഡിയഗോ മൗറീസിയോ

ഡിയഗോ മൗറീസിയോ

  • Share this:
    ബംബോലിം: സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന് അഞ്ചാം തോൽവി. ബ്ലാസ്റ്റേഴ്‌സിനെ തകര്‍ത്ത് സീസണിലെ ആദ്യ ജയം ഒഡിഷ സ്വന്തമാക്കി. രണ്ടിനെതിരേ നാലു ഗോളുകള്‍ക്കായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ തോല്‍വി. ഇരട്ട ഗോളുകൾ നേടിയ ഡിയഗോ മൗറീസിയോയാണ് ഒഡിഷയുടെ വിജയശില്‍പി. സ്റ്റീഫന്‍ ടെയ്‌ലറാണ് ഒഡിഷയുടെ മറ്റൊരു സ്‌കോറര്‍. മറ്റൊരു ഗോള്‍ ബ്ലാസ്‌റ്റേഴ്‌സ് താരം ജീക്‌സണ്‍ സിങ്ങിന്റെ സെല്‍ഫ് ഗോളും. ജോര്‍ദാന്‍ മറെയും ഗാരി ഹൂപ്പറുമായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ സ്‌കോറര്‍മാര്‍.

    Also Read- സിഡ്നിയിൽ ദേശീയഗാനം ആലപിക്കുന്നതിനിടെ കരഞ്ഞത് എന്തിന്? തുറന്ന് പറഞ്ഞ് മുഹമ്മദ് സിറാജ്

    കളി തുടങ്ങി ഏഴാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സ് മുന്നിലെത്തി. ഫക്കുണ്ടോ പെരെര ബോക്‌സിലേക്ക് നീട്ടിയ ഒരു ഫ്രീ കിക്കില്‍ നിന്നായിരുന്നു ആദ്യ ഗോള്‍ പിറന്നത്. ബോക്‌സിലേക്ക് എത്തിയ പന്തില്‍ കെ പി രാഹുലിന്റെ ഹെഡര്‍ ഗോളി അര്‍ഷ്ദീപ് തട്ടിയകറ്റി. പന്ത് തിരികെ എത്തിയത് ജോര്‍ദാന്‍ മറെയുടെ മുന്നിലേക്കായിരുന്നു. അസാധ്യമായ ആംഗിളില്‍ നിന്നുള്ള മറെയുടെ ഷോട്ട് വലയിലേക്ക് പാഞ്ഞു.

    ബ്ലാസ്റ്റേഴ്‌സ് കൂടുതല്‍ ആക്രമണങ്ങൾ നടത്തിയെങ്കിലും പതിവുപോലെ ഫിനിഷിങ്ങിൽ പിഴച്ചു. ആക്രമണത്തിനിടെ വരുത്തിയ രണ്ട് പ്രതിരോധ പിഴവുകളാണ് ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയായത്. 22ാം മിനിറ്റില്‍ ഡിയഗോ മൗറീസിയോയെ മാര്‍ക്ക് ചെയ്യുന്നതില്‍ ഹക്കു വരുത്തിയ പിഴവാണ് ഗോളിന് വഴിതുറന്നത്. ഡിയഗോ മൗറീസിയോയുടെ ഷോട്ട് ജീക്‌സണ്‍ സിങ്ങിന്റെ കാലിലിടിച്ച് വലയിലെത്തുകയായിരുന്നു.

    Also Read- അടി തിരിച്ചടി; ഈസ്റ്റ് ബംഗാളിനെ തളച്ച് എഫ്.സി ഗോവ

    സമനില പിടിച്ചതോടെ ഒഡിഷ ക്യാമ്പ് ഉണർന്നു. 42ാം മിനിറ്റില്‍ ജെറിയുടെ ഫ്രീ കിക്കില്‍ നിന്നായിരുന്നു ഒഡിഷയുടെ രണ്ടാം ഗോള്‍. ഇതിന് കാരണമായതും ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധത്തിന്റെ പിഴവ് തന്നെ. ജെറിയുടെ പന്ത് ലഭിക്കുമ്പോള്‍ ബോക്‌സില്‍ സ്റ്റീഫന്‍ ടെയ്‌ലറെ മാര്‍ക്ക് ചെയ്യാന്‍ ഒരു ബ്ലാസ്‌റ്റേഴ്‌സ് താരം പോലും ഉണ്ടായിരുന്നില്ല. ടെയ്‌ലര്‍ അനായാസം പന്ത് വലയിലെത്തിച്ചു.

    26ാം മിനിറ്റില്‍ കെ പി രാഹുലിന്റെ ഷോട്ട് ഗോള്‍കീപ്പര്‍ അര്‍ഷ്ദീപ് സിങ് സേവ് ചെയ്തു. 34ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സ് ഗോളി ആല്‍ബിനോ ഗോമസിന്റെ മികച്ച സേവും കണ്ടു. മൗറീസിയോയുടെ ഗോളെന്നുറച്ച ഷോട്ടാണ് ആല്‍ബിനോ രക്ഷപ്പെടുത്തിയത്.

    രണ്ടാം പകുതി മികച്ച കളിയിലൂടെ ഡിയഗോ മൗറീസിയോയും ഒഡിഷയും കൈയടക്കി. 50ാം മിനിറ്റില്‍ ജെറിയുടെ ഒരു ഫസ്റ്റ് ടൈം പാസില്‍ നിന്നായിരുന്നു ഡിയഗോ മൗറീസിയോയുടെ ആദ്യ ഗോള്‍. പന്തുമായി ബോക്‌സിലേക്ക് കയറിയ മൗറീസിയോ പന്ത് വലയിലെത്തിച്ചു. 60ാം ഒറ്റയാള്‍ പ്രകടനത്തിലൂടെ മൗറീസിയോ തന്റെ രണ്ടാം ഗോള്‍ നേടി. പന്തുമായി മുന്നേറിയ മൗറീസിയോ ബോക്‌സിന് പുറത്തു നിന്ന് പന്ത് വലയിലെത്തിച്ചു.79ാം മിനിറ്റില്‍ ജോര്‍ദാന്‍ മറെ നല്‍കിയ ക്രോസില്‍ നിന്ന് ഗാരി ഹൂപ്പറാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ രണ്ടാം ഗോള്‍ നേടിയത്. അവസാന മിനിറ്റുകളിൽ ബ്ലാസ്റ്റേഴ്സ് പൊരുതിയെങ്കിലും ഒഡിഷയുടെ ഗോൾവല ചലിപ്പിക്കാനായില്ല.
    Published by:Rajesh V
    First published: