പനാജി: ഇന്ത്യൻ സൂപ്പർ ലീഗിലെ അത്യന്തം ആവേശം നിറഞ്ഞ മത്സരത്തില്‍ ജംഷഡ്പൂർ എഫ്സിയെ സമനിലയില്‍ കുരുക്കി ഒഡീഷ. ഇരുടീമുകളും രണ്ടുഗോളുകൾ വീതം നേടി. ജംഷഡ്പൂരിനായി സൂപ്പര്‍ താരം വാല്‍സ്‌കിസ് ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ ഒഡീഷയ്ക്കായി ഡീഗോ മൗറീഷിയോയും ഇരട്ട ഗോളുകള്‍ സ്വന്തമാക്കി. പകരക്കാരനായി ഇറങ്ങി തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച മൗറീഷിയോയാണ് ഹീറോ ഓഫ് ദ മാച്ച്.
Also Read- മൈതാനത്ത് ടീം തോറ്റാലെന്താ? ഗ്യാലറിയിൽ ഇന്ത്യൻ ആരാധകന് പ്രണയവിജയം
അവസാന പതിനഞ്ചുമിനിറ്റിലായിരുന്നു ഒഡീഷ രണ്ടുഗോളുകൾ അടിച്ച് സമനില പിടിച്ചത്. ജംഷഡ്പൂരിന്റെ മലയാളി ഗോള്‍കീപ്പര്‍ രഹ്നേഷ് ചുവപ്പ് കാര്‍ഡ് കണ്ടുപുറത്തായതോടെയാണ് കളിയുടെ ഗതി മാറിയത്. പത്ത് താരങ്ങളുമായി ജംഷഡ്പൂര്‍ ചുരുങ്ങിയതോടെയാണ് ഒഡീഷ തിരിച്ചടിച്ചത്. ജംഷഡ്പൂരിന്റെ രണ്ടുഗോളുകളും ആദ്യ പകുതിയിലായിരുന്നു. സീസണില്‍ ഇരുടീമുകള്‍ക്കും ഇതുവരെ വിജയം നേടാനായിട്ടില്ല.
മത്സരം ആരംഭിച്ചപ്പോള്‍മുതൽ ജംഷഡ്പൂര്‍ എഫ്സി ആക്രമണ ഫുട്‌ബോളാണ് കാഴ്ചവെച്ചത്. ആറാം മിനിറ്റില്‍ സൂപ്പര്‍ താരം വാല്‍സ്‌കിസിന്റെ കിടിലന്‍ ഹെഡ്ഡര്‍ ഒഡീഷയുടെ പോസ്റ്റിലുരുമ്മി കടന്നുപോയി. തൊട്ടുപിന്നാലെ 11ാം മിനിറ്റില്‍ ജംഷഡ്പൂരിന് അനുകൂലമായി ഒരു പെനാല്‍ട്ടി പിറന്നു. കിട്ടിയ അവസരം സൂപ്പര്‍താരം വാല്‍സ്‌കിസ് മുതലാക്കി. അനായാസേന പന്ത് വലയിലെത്തിച്ച് വാല്‍സ്‌കിസ് ജംഷഡ്പൂരിനെ മുന്നിലെത്തിച്ചു. താരം തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സ്‌കോര്‍ ചെയ്തു.
Also Read- റൺമല കയറാനാകാതെ രണ്ടാം മത്സരത്തിലും ഇന്ത്യ വീണു; ഓസ്ട്രേലിയക്ക് പരമ്പര
ഗോള്‍ വഴങ്ങിയതോടെ ഒഡിഷ ഉണര്‍ന്നുകളിച്ചെങ്കിലും ഒറ്റ ഷോട്ട് പോലും ലക്ഷ്യത്തിലേക്കെത്തിക്കാന്‍ സാധിച്ചില്ല. എന്നാല്‍ 27ാം മിനിട്ടില്‍ ജംഷഡ്പൂർ വീണ്ടും ഒരു ഗോള്‍ കൂടി സ്‌കോര്‍ ചെയ്തു. ഒഡിഷ പ്രതിരോധപ്പിഴവില്‍ നിന്നും ലഭിച്ച അവസരം മികച്ച ഒരു ഷോട്ടിലൂടെ വലയിലെത്തിച്ച വാല്‍സ്‌കിസ് വീണ്ടും ജംഷഡ്പൂരിനായി സ്‌കോര്‍ ചെയ്തു. താരം ഈ സീസണില്‍ നേടുന്ന മൂന്നാം ഗോളാണിത്. രണ്ടു ഗോളുകള്‍ വഴങ്ങിയതോടെ ഒഡിഷ ശരിക്കും തളർന്നു.
രണ്ടാം പകുതിയില്‍ ഒഡീഷ കളിയുടെ ഗതി മാറ്റി. മധ്യനിരയും പ്രതിരോധ നിരയും ഭേദപ്പെട്ട കളി കാഴ്ചവെച്ചിട്ടും മുന്നേറ്റ നിരയ്ക്ക് തിളങ്ങാനായില്ല. ഒഡീഷയുടെ ഒന്‍വുവിന്റെ ഒരു തകര്‍പ്പന്‍ ബൈസിക്കിള്‍ കിക്ക് ജംഷഡ്പൂരിന്റെ മലയാളി ഗോള്‍കീപ്പര്‍ രഹ്നേഷ് മികച്ച ഒരു ഡൈവിലൂടെ രക്ഷപ്പെടുത്തി. അവസരങ്ങള്‍ നിരവധി ലഭിച്ചെങ്കിലും അത് ഗോളാക്കാന്‍ ഒഡീഷ താരങ്ങള്‍ക്ക് കഴിഞ്ഞില്ല. 72-ാം മിനിട്ടില്‍ ബോക്‌സിന് പുറത്തേക്കിറങ്ങി സേവ് ചെയ്തതിന് ജംഷഡ്പൂരിന്റെ ഗോള്‍കീപ്പര്‍ രഹ്നേഷിന് റഫറി റെഡ്കാര്‍ഡ് വിധിച്ചു. രഹ്നേഷ് മടങ്ങിയതോടെ ജംഷഡ്പൂർ പത്തുപേരായി ചുരുങ്ങി.
രഹ്നേഷിന്റെ ഫൗളിന് ലഭിച്ച ഫ്രീകിക്ക് ഒഡീഷയുടെ ഡീഗോ മൗറീഷ്യോ എടുത്തെങ്കിലും അത് പോസ്റ്റ് തട്ടി മടങ്ങി. വീണ്ടും ബോള്‍ പിടിച്ചെടുത്ത മൗറീഷിയോ അനായാസം പന്ത് വലയിലെത്തിച്ചു. ഇതോടെ സ്‌കോര്‍ 2-1 എന്ന നിലയിലെത്തി. ഇന്‍ജുറി ടൈമില്‍ ഗോള്‍ നേടി സമനിലയും നേടി. മൗറീഷ്യോയുടെ ഒരു കിടിലന്‍ ഷോട്ടിലൂടെയാണ് ഒഡീഷ സമനില നേടിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Isl, ISL 2020-21, Jamshedpur FC, Odisha