ഐഎസ്എല്ലില്‍ ജംഷഡ്പൂർ എഫ്.സിയെ തകര്‍ത്ത് എഫ്.സി ഗോവ. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമാരുന്നു ഗോവയുടെ തിരിച്ചുവരവ്. ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കായിരുന്നു ഗോവയുടെ ജയം. ഇഗോള്‍ അംഗുളോയാണ് ഗോവയ്ക്കായി രണ്ടു ഗോളുകളും സ്കോര്‍ ചെയ്തത്. സ്റ്റീഫന്‍ എസെയാണ് ജംഷേദ്പുരിന്റെ ഗോള്‍ നേടിയത്.
മത്സരം തുടങ്ങിയപ്പോൾ ജംഷഡ്പൂരിനായിരുന്നു ആധിപത്യം. എന്നാൽ കളിപുരോഗമിക്കുംതോറും ഗോവ കളിയുടെ നിയന്ത്രണം ഏറ്റെടുത്തു. 33ാം മിനിറ്റില്‍ പ്രതിരോധ നിര താരം സ്റ്റീഫന്‍ എസെയാണ് ജംഷഡ്പൂരിനായി ഗോള്‍ നേടിയത്. എയ്റ്റര്‍ മോണ്റോയിയെടുത്ത ഫ്രീ കിക്ക് എസെ ബാക്ക് ഹീല്‍ കൊണ്ട് വലയിലെത്തിക്കുകയായിരുന്നു.
ഗോവ തുടർച്ചയായി ആക്രമണം അഴിച്ചുവിട്ടെങ്കിലും പല മുന്നേറ്റങ്ങളും എസെയും പീറ്റര്‍ ഹാര്ട്ട്ലിയും തട്ടിയകറ്റി. രണ്ടാം പകുതിയില്‍ ഗോള്‍ നേടണമെന്ന് ഉറപ്പിച്ച് കളത്തിലിറങ്ങിയ പ്രതീതിയിലായിരുന്നു ഗോവന്‍ ടീം കളിച്ചത്. മികച്ച ആക്രമണങ്ങളുമായി അവര്‍ ജംഷഡ്പൂരിനെ വെള്ളംകുടിപ്പിച്ചു. 64ാം മിനിറ്റില്‍ ഗോവയുടെ സമനില ഗോള്‍ വന്നു.
പന്തുമായി മുന്നേറിയ ജെയിംസ് ഡൊണാക്കിയെ അലക്സാണ്ഡ്രെ ലിമ ബോക്സില്‍ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി ഇഗോള്‍ അംഗുളോ വലയിലെത്തിക്കുകയായിരുന്നു. സമനില ഗോളോടെ ഗോവയുടെ ആക്രമണങ്ങൾക്ക് വേഗത കൂടി. ഒടുവില്‍ അധിക സമയത്തിന്റെ അഞ്ചാം മിനിറ്റില്‍ എഡു ബേഡിയയുടെ കോര്‍ണറില്‍ നിന്ന് അംഗുളോ ഗോവയുടെ വിജയ ഗോള്‍ നേടി. ബേഡിയയുടെ കോര്‍ണറില്‍ നിന്നെത്തിയ പന്ത് അംഗുളോയുടെ തലയ്ക്ക് പിന്നില്‍ തട്ടി വലയിലേക്ക് കുതിക്കുകയായിരുന്നു.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.