പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ആദ്യ ജയം കണ്ടെത്താന്‍ കേരള ബ്ലാസ്റ്റേഴ്സിന് ഇനിയും കാത്തിരിക്കണം. ഇന്നു നടന്ന മത്സരത്തിൽ ഈസ്റ്റ് ബംഗാളിനോട് ബ്ലാസ്റ്റേഴ്സ് സമനില വഴങ്ങി. തോൽവിയിലേക്കു നീങ്ങുകയായിരുന്ന ബ്ലാസ്റ്റേഴ്സിന് അവസാന മിനിട്ടുകളിൽ നേടിയ ഗോളിലാണ് സമനില കണ്ടെത്തിയത്. മലയാളി താരം സഹൽ അബ്ദുൽ സമദിന്‍റെ ഫ്രീ കിക്കിൽ ജീക്സൻ സിങാണ് ബ്ലാസ്റ്റേഴ്സിന് സമനില നേടി കൊടുത്തത്.
13-ാം മിനിറ്റില്‍ പ്രതിരോധ താരം ബക്കാരി കോന വഴങ്ങിയ ഓണ്‍ഗോളിലാണ് ഈസ്റ്റ് ബംഗാള്‍ മുന്നിലെത്തിയതെങ്കില്‍ രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ ജീക്സന്‍ സിങ് കേരള ബ്ലാസ്റ്റേഴ്സിനെ ഒപ്പമെത്തിക്കുകയായിരുന്നു. സീസണിൽ ഇതുവരെ തിളങ്ങാൻ സാധിക്കാതിരുന്ന ബ്ലാസ്റ്റേഴ്സിന് തുണയായത് സഹലിന്‍റെ ഫ്രീകിക്കിൽനിന്നുള്ള ഗോളായിരുന്നു.
തുടക്കം മുതൽ ആക്രമിച്ചു കളിച്ച ബ്ലാസ്റ്റേഴ്സ് ഇത്തവണ ജയം കണ്ടെത്തുമെന്നു തന്നെ തോന്നിച്ചു. അഞ്ചാം മിനിറ്റില്‍ തന്നെ ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റം ഈസ്റ്റ് ബംഗാള്‍ ഗോള്‍മുഖത്ത് അപകടം വിതച്ചു. എന്നാൽ 13-ാം മിനിറ്റില്‍ ഈസ്റ്റ് ബംഗാളിന്റെ മുന്നേറ്റം പ്രതിരോധിക്കുന്നതിനിടയില്‍ ബക്കാരി കോനയിലൂടെ പന്ത് ബ്ലാസ്റ്റേഴ്സ് വലയിലെത്തുകയായിരുന്നു. ഗോൾ വഴങ്ങിയതിന്‍റെ ആഘാതം വിട്ടുമാറുന്നതിന് മുമ്പ് സൂപ്പര്‍ താരം കെ.പി രാഹുലിന് മഞ്ഞ കാര്‍ഡ് ലഭിച്ചത് തിരിച്ചടിയായി.
തുടർന്ന് ആക്രമിച്ചും പ്രത്യാക്രമണം നയിച്ചും ഇരു ടീമുകളും മുന്നേറി. 38-ാം മിനിറ്റില്‍ രാഹുല്‍ കെപിയും ഗോള്‍ വല ലക്ഷ്യമാക്കി പന്ത് പായിച്ചെങ്കിലും ഈസ്റ്റ് ബംഗാള്‍ ഗോള്‍കീപ്പര്‍ മജുംദാര്‍ പന്ത് തടുത്തിട്ടു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ മൂന്ന് മാറ്റങ്ങളുമായി ഇറങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് ആക്രമണത്തിന് മൂർച്ച കൂട്ടി. എന്നാൽ ഗോൾ മാത്രം അകന്നുനിന്നു. പലപ്പോഴും ബ്ലാസ്റ്റേഴ്സിന് മുന്നിൽ ഈസ്റ്റ് ബംഗാൾ ഗോൾകീപ്പർ മജുംദാർ വിലങ്ങുതടിയായി.
ബ്ലാസ്റ്റേഴ്സ് കാത്തിരുന്ന ഗോൾ പിറന്നതാകട്ടെ ഇഞ്ച്വറി ടൈമിലും. സഹലിന്റെ ഫ്രീകിക്ക് ജീക്സന്‍ വലയിലെത്തിക്കുകയായിരുന്നു. തോൽവി ഉറപ്പിച്ച നിമിഷത്തിലായിരുന്നു ഈ ഗോൾ പിറന്നത്. തൊട്ടുപിന്നാലെ മറ്റ് രണ്ട് അവസരങ്ങളും സൃഷ്ടിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല. ഇതോടെ ബ്ലാസ്റ്റേഴ്സിന്‍റെ പട്ടികയിൽ മറ്റൊരു സമനില കൂടി എഴുതിച്ചേർത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: ISL 2020-21, Jeakson Singh, Kerala blasters, SC East Bengal