പനാജി: മലയാളി താരം കെ.പി രാഹുൽ വീണ്ടും ലക്ഷ്യം കണ്ടതോടെ കേരള ബ്ലാസ്റ്റേഴ്സ്, എഫ്.സി ഗോവയെ സമനിലയിൽ തളച്ചു. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി. ഒരു ഗോളിന് പിന്നിൽ നിൽക്കവെയാണ് ബ്ലാസ്റ്റേഴ്സിന് രക്ഷയായി രാഹുലിന്‍റെ ഗോൾ പിറന്നത്. 24ആം മിനിറ്റിൽ ഓർട്ടിസിന്റെ ഗോളിലൂടെ ഗോവ മുന്നിലെത്തി. 57ആം മിനിട്ടിൽ കെ പി രാഹുലാണ് ബ്ലാസ്റ്റഴ്സിന്റെ സമനില ഗോൾ നേടിയത്. തോൽവിയറിയാതെ ബ്ലാസ്റ്റഴ്സിന്റെ നാലാം മത്സരമാണിത്. അതേസമയം അവസാനത്തെ 25 മിനിട്ട് 10 പേരായി ചുരുങ്ങിയ ഗോവയെ പരാജയപ്പെടുത്താൻ സാധിക്കാത്തത് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി.
മത്സരത്തിന്‍റെ തുടക്കം മുതൽ എഫ്.സി ഗോവയുടെ ആധിപത്യമായിരുന്നു. ആദ്യ പകുതിയിൽ ബ്ലാസ്റ്റേഴ്സിനെതിരെ വ്യക്തമായ മുന്നേറ്റം ഗോവയ്ക്ക് ഉണ്ടായിരുന്നു. ഗോവയുടെ തുടരൻ ആക്രമണങ്ങളിൽ പകച്ചുപോയ ബ്ലാസ്റ്റേഴ്സ് താളം കണ്ടെത്താൻ സാധിച്ചതുമില്ല. ഇതിനിടെ ഗോവ ഗോള്‍ കീപ്പറുടെ പിഴവില്‍ നിന്ന് കേരള ബ്ലാസ്റ്റേഴ്സ് സ്ട്രൈക്കര്‍ ഹൂപ്പറിന് മികച്ച ഒരു അവസരം കിട്ടിയെങ്കിലും അത് മുതലെടുക്കാന്‍ സാധിച്ചില്ല. കളിയുടെ ഗതിക്ക് അനുസൃതമായി ആദ്യ ഗോൾ പിറന്നത് ഓര്‍ട്ടിസിന്റെ വക ആയിരുന്നു. 25ആം മിനുറ്റിലാണ് ഗോവയുടെ ഗോള്‍ വന്നത്. ഓര്‍ടിസിന്റെ ഒരു ഫ്രീകിക്ക് ബോക്സിൽ നിന്നിരുന്ന സഹലില്‍ തട്ടി വലയിലെത്തുകയായിരുന്നു. ആ ഗോളിന് മുന്നിൽ ആല്‍ബിനോയ്ക്ക് കാഴ്ചക്കാരനാകാൻ മാത്രമെ സാധിച്ചുള്ളു.
പിന്നീട് ഒരു കോർണർ ഗോളാക്കാനുള്ള അവസരം ബകരി കോനയ്ക്ക് ലഭിച്ചെങ്കിലും റഫറി ഹാൻഡ് ബോൾ വിളിച്ചു. ആദ്യ പകുതി അവസാനിക്കുമ്പോൾ ഒരു ഗോളിന് പിന്നിലായിരുന്നു ബ്ലാസ്റ്റേഴ്സ്. അതുകൊണ്ടുതന്നെ രണ്ടാം പകുതിയിൽ കൂടുതൽ ഉണർവോടെയാണ് ബ്ലാസ്റ്റേഴ്സ് താരങ്ങൾ കളത്തിൽ ഇറങ്ങിയത്. വൈകാതെ തിരിച്ചടി നൽകാനും കേരള ടീമിന് സാധിച്ചു. 57ആം മിനുട്ടില്‍ ലഭിച്ച കോര്‍ണറില്‍ നിന്ന് രാഹുല്‍ കേരള ബ്ലാസ്റ്റേഴ്സിന് സമനില സമ്മാനിക്കുകയായിരുന്നു. ഫകുണ്ടോയുടെ കോര്‍ണറിന് ഏവരെയും വിസ്മിയിപ്പിക്കുന്ന തരത്തിൽ ഉയർന്നു ചാടിയ രാഹുല്‍ ഗോവന്‍ പ്രതിരോധത്തെ കീറിമുറിച്ച് പന്ത് തല കൊണ്ടു തട്ടി വലയിലേക്കു തിരിച്ചു വിടുകയായിരുന്നു.
വൈകാതെ ഗോവന്‍ ഡിഫന്‍ഡര്‍ ഇവാന്‍ ഗോണ്‍സാലസ് ചുവപ്പ് കണ്ടു പുറത്തായതോടെ ബ്ലാസ്റ്റേഴ്സ് ജയം സ്വപനം കണ്ടു തുടങ്ങി. റഫറിയുടെ ശരീരത്തിൽ ഉരസിയതിനാണ് ചുവപ്പു കാർഡ് കാട്ടിയത്. ഇതോടെ പത്തുപേരിലേക്ക് ഗോവ ചുരുങ്ങി. മത്സരത്തിൽ ശകതമായ നിയന്ത്രണം ബ്ലാസ്റ്റേഴ്സിന് ലഭിക്കുകയും ചെയ്തു. സഹലും ഹൂപ്പറുമൊക്കെ ചില നല്ല അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഭാഗ്യം ഒപ്പമില്ലായിരുന്നു. ഹൂപ്പറിന് 84ആം മിനുട്ടിലും ഒന്നാന്തരം ഒരു അവസരം കൂടി ലഭിച്ചു. ഗോൾ കീപ്പർ ഇല്ലാതിരുന്ന പോസ്റ്റിലേക്കും നിറയൊഴിയാക്കാതെ പന്ത് പാസ് ചെയ്യുകയാണ് ഹൂപ്പർ ചെയ്തത്. അവസാന നിമിഷം വരെ ജയത്തിനായി പൊരുതിയെങ്കിലും ഗോവൻ പ്രതിരോധം പാറ പോലെ ഉറച്ചുനിന്നതോടെ ബ്ലാസ്റ്റേഴ്സ് സമനില കൊണ്ട് തൃപ്തിപ്പെടുകയായിരുന്നു. ഇന്നത്തെ സമനിലയോടെ കേരള ബ്ലാസ്റ്റേഴ്സിന് 14 പോയിന്റായി. ബെംഗളൂരുവിനെയും ജംഷദ്പൂരിനെയും മറികടന്ന് ഏഴാം സ്ഥാനത്തേക്ക് എത്താന്‍ ഇതോടെ കേരള ബ്ലാസ്റ്റേഴ്സിന് സാധിച്ചു.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.