ബാംബോലിൻ, ഗോവ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ തുടര്‍ച്ചയായ നാലാം ജയവുമായി മുംബൈ സിറ്റി എഫ്.സിയുടെ കുതിപ്പ്. ചെന്നൈയിന്‍ എഫ്സിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് മുംബൈ വീഴ്ത്തിയത്. മുംബൈ സിറ്റിക്ക് വേണ്ടി ഹെര്‍മന്‍ സന്റാനയും ആദം ലെ ഫോണ്ട്രസും ഗോളടിച്ചപ്പോള്‍ ചെന്നൈയിന്‍ എഫ്സിയുടെ ആശ്വാസ ഗോളടിച്ചത് ജാകുബ് സിൽവസ്റ്ററിന്‍റെ വകയായിരുന്നു.
കളിയുടെ ആദ്യ പകുതിയില്‍ 40-ാം മിനുട്ടിൽ സില്‍വസ്റ്ററിന്റെ ഗോളിലൂടെ ചെന്നൈയിനാണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ ആദ്യം പകുതിയിലെ ഇഞ്ച്വറി ടൈമിൽ തിരിച്ചടിച്ച മുംബൈ ഒപ്പമെത്തുകയായിരുന്നു. ഹെര്‍മന്‍ സന്റാനയിലൂടെയാണ് മുംബൈ ഗോൾ മടക്കിയത്. എഴുപത്തിയഞ്ചാം മിനിട്ടിലാണ് മുംബൈയുടെ വിജയമുറപ്പിച്ച ഗോൾ പിറന്നത്. ലെ ഫോന്‍ഡ്രെയുടെ ഗോളിലൂടെയാണ് മുംബൈ മൂന്നു പോയിന്‍റ് ഉറപ്പാക്കിയത്.
Also Read- ISL 2020-21| കേരള ബ്ലാസ്റ്റേഴ്സിന് സീസണിലെ രണ്ടാം തോൽവി; ഗോവയോട് തോറ്റത് 3-1ന്
കളിയുടെ തുടക്കം മുതൽ ഇരു ടീമുകളും ആക്രമിച്ചാണ് കളിച്ചത്. ഗോളവസരങ്ങൾ സൃഷ്ടിക്കുന്നതിലും മുംബൈയും ചെന്നൈയിനും മത്സരിച്ചു. എന്നാൽ പതുക്കെ കളിയിൽ ആധിപത്യം നേടി മുംബൈ മുന്നേറി. ഗോൾ വഴങ്ങിയെങ്കിലും പതറാതെ തിരിച്ചടിച്ചാണ് മുംബൈ ജയം സ്വന്തമാക്കിയത്. 2-1ന് ലീഡ് നേടിയ ശേഷം മുംബൈ പ്രതിരോധത്തിലേക്ക് വലിഞ്ഞത് അൽപ്പനേരം മത്സരം വിരസമാക്കി.
റാകിപും ഓഗ്ബചെയും അടക്കമുള്ള താരങ്ങള്‍ക്ക് വിശ്രമം നല്‍കിയാണ് ലൊബേര മുംബൈയുമായി ഇറങ്ങിയത്. പരിക്കേറ്റ അനിരുദ്ധ് ഥാപയ്ക്ക് പകരം ജര്‍മന്‍പ്രീത് സിംഗിനെയാണ് ലാസ്ലോ ഇറക്കിയത്. ഐഎസ്‌എല്ലില്‍ 12 പോയന്റുമായി മുംബൈ സിറ്റി ഒന്നാം സ്ഥാനത്താണ്. ഒരു ജയം മാത്രം നേടിയ ചെന്നൈയിന്‍ കേരള ബ്ലാസ്റ്റേഴ്സിന് മുകളില്‍ എട്ടാം സ്ഥാനത്താണ് പോയന്റ് നിലയില്‍ ഉള്ളത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Chennaiyin FC, ISL 2020-21, Le Fondre, Mumbai City FC, Santana