News18 MalayalamNews18 Malayalam
|
news18-malayalam
Updated: February 11, 2021, 10:12 PM IST
ofc-kbfc
ഇന്ത്യൻ സൂപ്പർ ലീഗിൽ നിലനിൽക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് ജയം അനിവാര്യമായിരുന്നു. എന്നാൽ പതിവുപോലെ ലീഡ് നേടിയിട്ടും അവസാനം ഗോൾ വഴങ്ങി സമനില കുരുക്കിലകപ്പെട്ട് ബ്ലാസ്റ്റേഴ്സ്. ഒഡീഷയോട് 2-2ന് സമനില വഴങ്ങിയ ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫ് കാണാതെ പുറത്തായി. ഗോളവസരങ്ങൾ തുലച്ചു കളഞ്ഞാണ് ബ്ലാസ്റ്റേഴ്സ് തോൽവിക്കു സമാനമായ സമനില വഴങ്ങിയത്.
ആവേശമില്ലാത്ത തുടക്കമായിരുന്നു ഇന്നത്തെ മത്സരത്തിന്. ഇരു ടീമുകളും ആക്രമിക്കാൻ തയ്യാറാകാതെയാണ് കളിത്തട്ടുണർന്നത്. മത്സരത്തില്‍ 31ആം മിനുട്ടില്‍ ആയിരുന്നു കേരള ബ്ലാസ്റ്റേഴ്സിന് ആദ്യ അവസരം ലഭിച്ചത്. ഇടതു വിങ്ങിലൂടെ വന്ന സഹല്‍ നല്‍കിയ പാസ് സ്വീകരിച്ച ഹൂപ്പര്‍ എതിർ താരത്തെ മറികടന്ന് ഷോട്ട് ഉതിർത്തെങ്കിലും ലക്ഷ്യം പിഴച്ചു. ഇതിനു പിന്നാലെ ഒഡീഷ ഗോള്‍കീപ്പറിന്റെ പിഴവ് മുതലെടുത്ത ഹൂപ്പര്‍ ഒരു മനോഹര പാസ് ജുവാന്‍ഡെയ്ക്ക് കൊടുത്തുവെങ്കിലും മധ്യനിര താരത്തിന്റെ ഷോട്ട് ഗോള്‍ പോസ്റ്റിന് മുകളിലൂടെ പോയി. വൈകാതെ തുടരെ തുടരെ ബ്ലാസ്റ്റേഴ്സ് അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും അതൊന്നും ഗോളായി മാറിയില്ല.
എന്നാല്‍ ആദ്യ പകുതിയിൽ ഒഡീഷ അവര്‍ക്ക് ലഭിച്ച ഏക അവസരം ഗോളാക്കി മാറ്റി. 45ആം മിനുട്ടില്‍ മൊറീസിയോ ആണ് ഒഡീഷയെ മുന്നിലെത്തിച്ചത്. ഇതോടെ അപകടം മണത്ത ബ്ലാസ്റ്റേഴ്സ് രണ്ടാം പകുതിയില്‍ കൂടുതൽ ആക്രമണാത്മക ഫുട്ബോൾ പുറത്തെടുത്തു. ഇതിന്‍റെ ഭാഗമായി ഒന്നാനന്തരം അവസരങ്ങൾ ബ്ലാസ്റ്റേഴ്സിനെ തേടിയെത്തി. വൈകാതെ അവർ ഒഡീഷയ്ക്കൊപ്പമെത്തുകയും ചെയ്തു. 52-ാം മിനുട്ടില്‍ ഗാരി ഹൂപ്പറിന്റെ ഒരു പാസ് തകർപ്പനൊരു ഡൈവിലൂടെ മറെ കൃത്യമായി വലയില്‍ എത്തിച്ചു. മറെയുടെ സീസണിലെ ഏഴാം ഗോളായിരുന്നു ഇത്.
ഒപ്പമെത്തിയതോടെ ബ്ലാസ്റ്റേഴ്സ് കൂടുതൽ ആക്രമിച്ചു കളിച്ചു. എങ്ങനെയും ലീഡെടുക്കുകയായിരുന്നു ലക്ഷ്യം. വൈകാതെ 68-ാം മിനുട്ടില്‍ ഹൂപ്പറിലൂടെ കേരള ബ്ലാസ്റ്റേഴ്സ് ലീഡും എടുത്തു. സഹലിന്റെ സുന്ദരമായ പാസ് ആയാസം കൂടാതെ തന്നെ ഹൂപ്പര്‍ലക്ഷ്യത്തിൽ എത്തിച്ചു. ലീഡ് നേടിയിട്ട് മത്സരം കൈവിടുന്ന നിർഭാഗ്യം ഇത്തവണയും ബ്ലാസ്റ്റേഴ്സിനെ വിടാതെ പിന്തുടർന്നു. ലീഡ് നേടി ആറു മിനിട്ടിനകം ബ്ലാസ്റ്റേഴ്സിനൊപ്പമെത്താൻ ഒഡീഷയ്ക്ക് സാധിച്ചു. മൊറീസിയോ തന്നെയാണ് രണ്ടാം ഗോളും നേടിയത്. പൊതുവെ പ്രതിരോധത്തിലൂന്നി കളിച്ച ഒഡീഷയുടെ ഓൺ ടാർജറ്റായ രണ്ടാമത്തെ ഷോട്ടിലാണ് അവർ രണ്ടാമതും ലക്ഷ്യം കണ്ടത്.
Also Read-
മറഡോണയുടെ മരണത്തിൽ അസ്വാഭാവികതയെന്ന് സംശയം; മനഃശാസ്ത്ര വിദഗ്ദ്ധനും, നഴ്സുമാർക്കുമെതിരെ അന്വേഷണം
ഒഡീഷ നേടിയ രണ്ടു ഗോളുകളും ബ്ലാസ്റ്റേഴ്സിന്‍റെ പ്രതിരോധത്തിലെ വിള്ളൽ തുറന്നു കാട്ടുന്നതായിരുന്നു. രണ്ടാമതും ഗോൾ വഴങ്ങിയതോടെ ബ്ലാസ്റ്റേഴ്സ് അതുവരെയുണ്ടായിരുന്ന ആധിപത്യം സ്വയം കളഞ്ഞു കുളിച്ചു. തോറ്റവരുടെ ശരീരഭാഷയായിരുന്നു പിന്നീട് ബ്ലാസ്റ്റേഴ്സ് താരങ്ങൾക്ക്. ഗോൾ നേടി വിജയം പിടിച്ചെടുക്കാൻ ശ്രമിക്കാതെ തന്നെ അവർ മത്സരം സമനിലയിൽ അവസാനിപ്പിച്ചു. കളിയുടെ അവസാന നിമിഷങ്ങളിൽ ഗോൾ നേടാനുള്ള സുവർണാവസരം ബ്ലാസ്റ്റേഴ്സും ഒഡീഷയും നഷ്ടമാക്കി.
ഈ സമനിലയോടെ ബ്ലാസ്റ്റേഴ്സ് 16 പോയിന്‍റുമായി ഒമ്പതാം സ്ഥാനത്താണ്. ഇനി മൂന്നു മത്സരങ്ങൾ മാത്രം ശേഷിക്കുന്ന ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫ് പ്രതീക്ഷകൾ അവസാനിച്ചു കഴിഞ്ഞു.
Published by:
Anuraj GR
First published:
February 11, 2021, 10:12 PM IST