പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഏഴാം സീസണിൽ ആദ്യം ജയത്തിനായി കേരള ബ്ലാസ്റ്റേഴ്സ് ഇനിയും കാത്തിരിക്കണം. ഇന്നത്തെ മത്സരത്തിൽ മഞ്ഞപ്പട, ബെംഗളൂരു എഫ്.സിയോട് രണ്ടിനെതിരെ നാലു ഗോളുകൾക്ക് തോറ്റു. അഞ്ചു കളിയിൽ മൂന്നാമത്തെ തോൽവിയാണ് ഇന്ന് ബ്ലാസ്റ്റേഴ്സ് ഏറ്റുവാങ്ങിയത്. രണ്ടു കളി സമനിലയിൽ കലാശിച്ചു.
ആദ്യ പകുതിയിൽ ഒപ്പത്തിനൊപ്പം മുന്നേറിയ പോരാട്ടത്തില്‍ ആദ്യം ലീഡെടുത്തത് കേരള ബ്ലാസ്റ്റേഴ്സായിരുന്നെങ്കിലും ബെംഗളൂരു ശക്തമായി തിരിടിച്ചു. ആറാം മിനിറ്റില്‍ ലഭിച്ച ഫ്രീകിക്ക് കേരള ബോക്സിലേക്ക് കടന്നെങ്കിലും ഗോള്‍കീപ്പര്‍ ആല്‍ബിനോ ഗോമസ് തട്ടിയകറ്റി. 15-ാം മിനിറ്റില്‍ ബെംഗളൂരു പ്രതിരോധവും കടന്ന് മുന്നേറിയ മുറെയുടെ നീക്കം ഗുര്‍പ്രീതും തടഞ്ഞു. എന്നാല്‍ 17-ാം മിനിറ്റില്‍ കേരള ബ്ലാസ്റ്റേഴ്സ് ലക്ഷ്യം കണ്ടു. ഹൂപ്പറിന്റെ ഒറ്റയാള്‍ മുന്നേറ്റം ഏറ്റെടുത്ത രാഹുല്‍ ഗുര്‍പ്രീതിനെ മറികടന്ന് പന്ത് വലയിലെത്തിക്കുകയായിരുന്നു.
എന്നാല്‍ 29-ാം മിനിറ്റില്‍ ക്ലെയ്റ്റന്‍ ബെംഗളൂരുവിനെ ഒപ്പമെത്തിച്ചു. പ്രതിരോധതതിലെ വിള്ളൽ മുതലെടുത്താണ് ക്ലെയ്റ്റൻ ബെംഗളൂരുവിന് സമനില നേടിക്കൊടുത്തത്. ലീഡ് നഷ്ടമായെങ്കിലും ആക്രമണാത്മക മുന്നേറ്റങ്ങളിലൂടെ ബ്ലാസ്റ്റേഴ്സ് കളംനിറഞ്ഞു. ഇഞ്ചുറി ടൈമില്‍ മുറെ നടത്തിയ മുന്നേറ്റം ആഷിഖ് കുരുണിയന്‍ തടഞ്ഞു.
Also Read- ദക്ഷിണാഫ്രിക്കൻ ഫുട്‌ബോൾ താരം കാറപകടത്തിൽ മരിച്ചു
രണ്ടാം പകുതിയില്‍ തുടക്കത്തിൽ പെനാൽറ്റി വഴങ്ങുന്ന ബ്ലാസ്റ്റേഴ്സിനെയാണ് കണ്ടത്. ഛേത്രിയുടെ കിക്ക് ആല്‍ബിനോ ഗോമസ് തട്ടിയകറ്റി. എന്നാൽ ബ്ലാസ്റ്റേഴ്സിന് സന്തോഷിക്കാൻ വകയുണ്ടായിരുന്നില്ല. വൈകാതെ 52-ാം മിനിറ്റില്‍ ഓപ്സത്തിലൂടെ ബെംഗളൂരു മുന്നിലെത്തി. രണ്ട് മിനിറ്റുകള്‍ക്കുള്ളിൽ ബെംഗളൂരു സ്കോര്‍കാര്‍ഡിലെ മൂന്നാം ഗോളും പിറന്നു. ഇത്തവണ ഡീമാസാണ് നീലപ്പടയ്ക്കായി സ്കോർ ചെയ്തത്.
62-ാം മിനിറ്റില്‍ കേരള ബ്ലാസ്റ്റേഴ്സ് മറെയിലൂടെ രണ്ടാം ഗോള്‍ കണ്ടെത്തി മത്സരത്തിലേക്കു തിരിച്ചുവരാൻ ശ്രമിച്ചു. എന്നാൽ നാലു മിനിട്ടിനകം ബ്ലാസ്റ്റേഴ്സിനുമേൽ അവസാന ആണിയടിച്ച് ബെംഗളുരു ലക്ഷ്യം കണ്ടു. പെനാൽറ്റി നഷ്ടമാക്കിയതിന്‍റെ പ്രായശ്ചിത്തമായി നായകൻ ഛേത്രി തന്നെയാണ് അവരുടെ പട്ടിക തികച്ചത്. തുടർന്ന് ഗോൾ മടക്കാൻ ബ്ലാസ്റ്റേഴ്സ് കിണഞ്ഞു ശ്രമിച്ചെങ്കിലും എല്ലാം വിഫലമാകുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bengaluru FC, ISL 2020-21, Kerala blasters, Sunil Chhetri, ഐഎസ്എൽ, കേരള ബ്ലാസ്റ്റേഴ്സ്