പനാജി: ഐഎസ്എല്ലിൽ അവസാന നിമിഷങ്ങളിൽ നേടിയ ഗോളിന്‍റെ മികവിൽ ഒഡീഷയെ കീഴടക്കി എടികെ മോഹൻ ബഗാൻ. സൂപ്പർതാരം റോയ് കൃഷ്ണയാണ് ഇത്തവണയും ബഗാന്‍റെ രക്ഷകനായത്. ഈ വിജയത്തോടെ മൂന്നു മത്സരങ്ങളിൽനിന്ന് 9 പോയിന്‍റുമായി എടികെ മോഹൻ ബഗാൻ പോയിന്‍റ് പട്ടികയിൽ ഒന്നാമതെത്തി. റോയ് കൃഷ്ണയാണ് ഹീറോ ഓഫ് ദ മാച്ച്.
ബഗാനുവേണ്ടി കളിച്ച മൂന്നു മത്സരങ്ങളിലും ഗോൾ നേടിയ താരമാണ് റോയ് കൃഷ്ണ. ആദ്യ രണ്ടു മത്സരങ്ങളിലും മികച്ച പ്രകടനം നടത്തിയ റോയ് കൃഷ്ണ ഇതിനോടകം ഐഎസ്എല്ലിലെ സൂപ്പർതാരമായി മാറി കഴിഞ്ഞു. ആരാണ് റോയ് കൃഷ്ണയെന്ന് നോക്കാം...
ഇന്ത്യൻ വംശജനായ ഫിജിയൻ സ്വദേശിയാണ് റോയ് കൃഷ്ണ. 140 വർഷം മുമ്പ് ഇന്ത്യ വിട്ടുപോയ പൂർവികരുടെ നാട്ടിലേക്ക് ഫുട്ബോൾ താരമായി എത്താനാകുമെന്ന് റോയ് കൃഷ്ണ കരുതിയിട്ടുണ്ടാകില്ല. . ഫിജിയുടെ ദേശീയ ഫുട്ബോൾ ടീം അംഗമാണ് റോയ് കൃഷ്ണ. അദ്ദേഹം വർഷങ്ങളോളം ന്യൂസിലാൻഡിലാണ് ക്ലബ് ഫുട്ബോൾ കളിച്ചത്.
2008 മുതൽ അഞ്ചു വർഷം ന്യൂസിലാൻഡിലെ വൈതാകരെ എന്ന ക്ലബിനുവേണ്ടിയാണ് റോയ് കൃഷ്ണ കളത്തിലിറങ്ങിയത്. അന്ന് 21 വയസിൽ വൈതാകരെയ്ക്കുവേണ്ടി അരങ്ങേറിയ റോയ് കൃഷ്ണ ക്ലബിന്‍റെ അഞ്ച് കിരീട വിജയങ്ങളിൽ ഭാഗമായി. വൈതാകെരെയിൽ 71 ഗോളുകൾ നേടിയ ഇദ്ദേഹം 2012-13 ൽ ഗോൾഡൻ ബൂട്ട് പുരസ്ക്കാരവും നേടി.
2013ൽ ന്യൂസിലാൻഡിലെ ടോപ്പ് ഡിവിഷനിൽ ചാംപ്യൻ ടീമായ ഓക്ക്ലാൻഡ് സിറ്റി എഫ്.സിക്കുവേണ്ടി 2013ൽ കരാർ ഒപ്പുവെച്ചു. അതിനുശേഷം വെല്ലിംഗ്ടൺ ഫീനിക്സിനുവേണ്ടിയും അദ്ദേഹം കളിച്ചു. വേഗതയും കൃത്യതയാർന്ന ഷൂട്ടിങ് മികവുമാണ് റോയ് കൃഷ്ണയെ അപകടകാരിയാക്കുന്നത്. ബോക്സിനുള്ളിൽ പന്ത് ലഭിച്ചാൽ റോയ് കൃഷ്ണ ഏറെ അതീവ അപകടകാരിയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: ISL 2020, ISL 2020-21 Who is Roy Krishna, Mohun bagan star, Roy Krishna