നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • ISL | ഈസ്റ്റ് ബംഗാളിനെതിരെ സമനില വഴങ്ങി കേരള ബ്ലാസ്റ്റേഴ്സ്

  ISL | ഈസ്റ്റ് ബംഗാളിനെതിരെ സമനില വഴങ്ങി കേരള ബ്ലാസ്റ്റേഴ്സ്

  മത്സരത്തിൽ പന്തടക്കത്തിലും പാസിങ്ങിലും മേധാവിത്വം പുലർത്തിയത് ബ്ലാസ്റ്റേഴ്സ് ആയിരുന്നെങ്കിലും സമനിലപ്പൂട്ട് പൊട്ടിച്ച് വിജയഗോൾ നേടാൻ മഞ്ഞപ്പടയ്ക്ക് കഴിഞ്ഞില്ല

  Kerala_blasters

  Kerala_blasters

  • Share this:
   ഐഎസ്എല്ലിൽ (ISL) കേരള ബ്ലാസ്റ്റേഴ്സ് - ഈസ്റ്റ് ബംഗാൾ മത്സരം സമനിലയിൽ. ഓരോ ഗോൾ വീതം നേടിയാണ് ഇരു ടീമുകളും സമനിലയിൽ പിരിഞ്ഞത്. ബ്ലാസ്റ്റേഴ്സിനായി (Kerala Blasters) സ്പാനിഷ് താരം ആൽവാരോ വാസ്കസും ഈസ്റ്റ് ബംഗാളിനായി ടോമിസ്ലാവ് മർസെലയുമാണ് ഗോളുകൾ നേടിയത്.

   മത്സരത്തിൽ പന്തടക്കത്തിലും പാസിങ്ങിലും മേധാവിത്വം പുലർത്തിയത് ബ്ലാസ്റ്റേഴ്സ് ആയിരുന്നെങ്കിലും സമനിലപ്പൂട്ട് പൊട്ടിച്ച് വിജയഗോൾ നേടാൻ മഞ്ഞപ്പടയ്ക്ക് കഴിഞ്ഞില്ല. മത്സരത്തിൻ്റെ 15-ാം മിനിറ്റിൽ നേടിയ ഗോൾ റഫറി നിഷേധിച്ചതും ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി.

   മത്സരത്തിൽ മികച്ച തുടക്കമാണ് ബ്ലാസ്റ്റേഴ്സ് നേടിയത്. ആദ്യ പകുതിയിൽ ലഭിച്ച ആദ്യ അവസരത്തിൽ തന്നെ ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാളിൻ്റെ വലയിലേക്ക് പന്തെത്തിച്ച് ലീഡ് നേടിയെങ്കിലും റഫറിയുടെ വിവാദപരമായ തീരുമാനത്തിൽ കേരളത്തിന് ഗോൾ നിഷേധിക്കുകയായിരുന്നു.

   15-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സിൻ്റെ സ്പാനിഷ് താരം അൽവാരോ വാസ്കസാണ് ബ്ലാസ്റ്റേഴ്സിനെ മുന്നിലത്തിച്ചത്. എന്നാലിത് റഫറി നിഷേധിക്കുകയായിരുന്നു. ബ്ലാസ്റ്റേഴ്സിൻ്റെ മധ്യനിര താരം പൂട്ടിയ എടുത്ത ഷോട്ട് ഈസ്റ്റ് ബംഗാൾ താരത്തിന്റെ കയ്യിൽ തട്ടിയ ഉടനെ റഫറി ഫൗൾ വിളിച്ചെങ്കിലും പന്ത് ലഭിച്ച വാസ്കസ് ഈസ്റ്റ് ബംഗാൾ താരങ്ങളെ മറികടന്ന് പന്ത് വലയിലെത്തിച്ചു. ഫൗൾ വിളിച്ച റഫറി ബ്ലാസ്റ്റേഴ്സിന് ഗോൾ അനുവദിച്ചെങ്കിലും ഈസ്റ്റ് ബംഗാൾ താരങ്ങളുടെ പ്രതിഷേധത്തെത്തുടർന്ന് റഫറി ബ്ലാസ്റ്റേഴ്സിന് ഗോൾ നിഷേധിക്കുകയായിരുന്നു. ഗോൾ ആകും മുമ്പ് റഫറി വിസിൽ വിളിച്ചു എന്നതാണ് ഗോൾ നിഷേധിക്കാനുള്ള കാരണം. തുടർന്ന് ബ്ലാസ്റ്റേഴ്സിന് ഫ്രീകിക്ക് ലഭിച്ചെങ്കിലും അവസരം മുതലാക്കാൻ കഴിഞ്ഞില്ല.

   20-ാം മിനിറ്റിൽ ഈസ്റ്റ് ബംഗാൾ പെർസോവിചിലൂടെ ലീഡ് നേടാൻ ശ്രമിച്ചെങ്കിലും താരത്തിൻ്റെ ഇടം കാലൻ ഷോട്ട് മുഴുനീളൻ ഡൈവിലൂടെ കേരള ബ്ലാസ്റ്റേഴ്സ് ഗോളി ഗിൽ രക്ഷപ്പെടുത്തുകയായിരുന്നു. ഈസ്റ്റ് ബംഗാളിന്റെ വലതു വിങ്ങിലൂടെ പെർസൊവിച് കേരള ബ്ലാസ്റ്റേഴ്സിന് നിരന്തരം തലവേദന നൽകി.

   പിന്നീട് കളിയുടെ 37-ാം മിനിറ്റിൽ ഒരു ലോങ് ത്രോയിൽ നിന്ന് ലഭിച്ച അവസരത്തിലൂടെ ഈസ്റ്റ് ബംഗാൾ ലീഡ് നേടുകയായിരുന്നു. ടോമിസ്ലാവ് മർസെലയാണ് ഈസ്റ്റ് ബംഗാളിന് ലീഡ് നൽകിയത്.

   എന്നാൽ വീറോടെ തിരിച്ചടിച്ച ബ്ലാസ്റ്റേഴ്സ് ഏഴ് മിനിറ്റുകൾക്കുള്ളിൽ ഈസ്റ്റ് ബംഗാളിനെ സമനിലയിൽ പിടിച്ചു. ആദ്യത്തെ അവസരത്തിൽ ഗോൾ നിഷേധിക്കപ്പെട്ട വാസ്‌കസാണ് ബ്ലാസ്റ്റേഴ്സിന് സമനില നേടിക്കൊടുത്തത്. ബോക്സിന് പുറത്ത് നിന്നുള്ള വാസ്കസിന്റെ ഷോട്ട് ഒരു വലിയ ഡിഫ്ലക്ഷനിലൂടെ വലയിൽ എത്തുക ആയിരുന്നു.

   Also Read- Maradona | മറഡോണയുടെ മോഷണംപോയ വാച്ച് ഇന്ത്യയിൽ; ഒരാൾ അറസ്റ്റിൽ

   ആദ്യ പകുതിയിൽ സമനിലയിൽ പിരിഞ്ഞ ഒരു ടീമുകളും രണ്ടാം പകുതിയിൽ വിജയഗോൾ നേടാനായി പൊരുതിക്കൊണ്ടിരുന്നു. ഇരുടീമുകളും അവസരങ്ങൾ മെനഞ്ഞെടുത്തെങ്കിലും കൂടുതൽ മേധാവിത്വം പുലർത്തിയത് ബ്ലാസ്റ്റേഴ്സ് ആയിരുന്നു. മത്സരത്തിൽ മുക്കാൽ പങ്കും പന്ത് ബ്ലാസ്റ്റേഴ്സിൻ്റെ കാലുകളിലായിരുന്നു. എന്നാൽ വിജയഗോൾ മാത്രം നേടാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞില്ല.

   ഇതോടെ അഞ്ച് മത്സരങ്ങളിൽ നിന്നും ഒരു ജയവും മൂന്ന് സമനിലയും ഒരു തോൽവിയുമടക്കം ആറ് പോയിൻ്റോടെ ബ്ലാസ്റ്റേഴ്സ് പോയിൻ്റ് ടേബിളിൽ ഏഴാം സ്ഥാനത്ത് നിൽക്കുന്നു. ആറ് മത്സരങ്ങളിൽ നിന്നും മൂന്ന് വീതം സമനിലയും തോൽവിയുമായി മൂന്ന് പോയിൻ്റ് മാത്രമുള്ള ഈസ്റ്റ് ബംഗാൾ പോയിൻ്റ് ടേബിളിൽ അവസാന സ്ഥാനത്താണ്.

   17ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡുമായാണ് ഈസ്റ്റ് ബംഗാളിൻ്റെ അടുത്ത മത്സരം. അതേസമയം 19ന് കരുത്തരായ മുംബൈ സിറ്റി എഫ്സിയാണ് ബ്ലാസ്റ്റേഴ്സിൻ്റെ എതിരാളികൾ.
   Published by:Anuraj GR
   First published:
   )}