• HOME
  • »
  • NEWS
  • »
  • sports
  • »
  • Kerala Blasters | 'ഒന്നിൽ പോയാൽ മൂന്നിലുമില്ല'; മറ്റൊരു ഐഎസ്എൽ കിരീടത്തിനരികെ വീണ്ടും പോരാടി വീണ് ബ്ലാസ്റ്റേഴ്‌സ്

Kerala Blasters | 'ഒന്നിൽ പോയാൽ മൂന്നിലുമില്ല'; മറ്റൊരു ഐഎസ്എൽ കിരീടത്തിനരികെ വീണ്ടും പോരാടി വീണ് ബ്ലാസ്റ്റേഴ്‌സ്

കളി അധികസമയത്തേക്കും അവിടുന്ന് ഷൂട്ടൗട്ടിലേക്കും നീളുമെന്ന് കാണാതെ കാണാൻ കഴിയാതെ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഡയസിനെയും വാസ്‌കസിനെയും പിൻവലിച്ചതും ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി

Image: ISL, Twitter

Image: ISL, Twitter

  • Share this:
കോടിക്കണക്കിന് മലയാളി ആരാധകരുടെ പ്രാർഥനകളും പ്രതീക്ഷകളും വിഫലം! ഐഎസ്എല്ലിലെ മറ്റൊരു കലാശപ്പോരിൽ കിരീടത്തിനരികെ വീണ്ടും പൊരുതി വീണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഗോവയിലെ ഫറ്റോർദയിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ ഹൈദരാബാദിനോട് പൊരുതിക്കീഴടങ്ങുകയായിരുന്നു ബ്ലാസ്റ്റേഴ്‌സ്. 120 മിനിറ്റുകളും വിയർത്തുകളിച്ച അവർക്ക് പക്ഷെ ഷൂട്ടൗട്ട് പരീക്ഷണത്തിൽ അടിപതറുകയായിരുന്നു. ഷൂട്ടൗട്ടിൽ ഹൈദരാബാദ് ഗോളി ലക്ഷ്മികാന്ത് കട്ടിമണിയുടെ തകർപ്പൻ സേവുകളാണ് ബ്ലാസ്റ്റേഴ്സിന്റെ കിരീടമോഹങ്ങളെ തകർത്തുകളഞ്ഞത്. ഗോളിന് മുന്നിൽ കട്ടിമണി കടുകട്ടിയായതോടെ മുൻപ് രണ്ട് വട്ടം കൈയിൽ നിന്നും വഴുതിപ്പോയ ഐഎസ്എൽ കിരീടം മൂന്നാം തവണയും ബ്ലാസ്റ്റേഴ്സിന് നഷ്ടമാവുകയായിരുന്നു.

മാറ്റങ്ങൾ പിഴച്ചു; വീണ്ടുമൊരു ഷൂട്ടൗട്ട് ദുരന്തം

മത്സരത്തിൽ 120 മിനിറ്റും ഇരുടീമുകളും പരസ്പരം മികച്ച പോരാട്ടമാണ് നടത്തിയത്. ഫൈനൽ മത്സരത്തിന്റെ സമ്മർദ്ദം ആദ്യത്തെ മിനിറ്റുകളിൽ ഇരു ടീമുകളെയും ബാധിച്ചെങ്കിലും പിന്നീട് അവർ തങ്ങളുടെ യഥാർത്ഥ കളിശൈലിയിലേക്ക് തിരിച്ചെത്തുകയായിരുന്നു. ആദ്യ പകുതിയിൽ കളി ബ്ലാസ്റ്റേഴ്സിന്റെ കാലുകളിലായിരുന്നു. പന്തടക്കത്തിലും അവസരങ്ങൾ ഒരുക്കുന്നതിലും മാത്രമല്ല ഹൈദരാബാദിന്റെ മുന്നേറ്റ താരങ്ങളെ പ്രതിരോധിച്ച് നിർത്തുന്നതിലും ബ്ലാസ്റ്റേഴ്‌സ് വിജയിച്ചു.

ആദ്യ പകുതിയിൽ ബ്ലാസ്റ്റേഴ്സിന് മുന്നിൽ പതുങ്ങിപ്പോയ ഹൈദരാബാദ് രണ്ടാം പകുതിയിൽ പതുക്കെ തിരിച്ചുവരുന്നതാണ് കണ്ടത്. ആദ്യ പകുതിയിൽ മുന്നേറ്റങ്ങൾ കാര്യമായി നടത്താൻ കഴിയാതിരുന്ന അവർ പതുക്കെ ബ്ലാസ്റ്റേഴ്സിന്റെ ഗോൾമുഖത്ത് മുന്നേറ്റങ്ങൾ നടത്തി ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധത്തിന് ഇടയ്ക്കിടെ തലവേദനയാകുന്ന കാഴ്ചയാണ് കണ്ടത്. ആദ്യ പകുതിയിൽ ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധപ്പൂട്ടിൽ പെട്ടുപോയ അവരുടെ സൂപ്പർ താരം ബാർത്തലോമ്യോ ഓഗ്‌ബച്ചേയെ ഹൈദരാബാദ് പരിശീലകൻ മുന്നേറ്റത്തിൽ നിന്നുമിറക്കി മധ്യനിരയിൽ കളിപ്പിച്ചതോടെ ഹൈദരാബാദിന്റെ മുന്നേറ്റങ്ങൾക്ക് വേഗം കൈവരികയായിരുന്നു. മുന്നേറ്റത്തിൽ സിവേറിയോയെ കൊണ്ടുവന്നതും ഹൈദരാബാദിന്റെ കളിയുടെ വേഗം കൂട്ടി.

ഹൈദരാബാദ് ഒരുവശത്ത് മുന്നേറ്റങ്ങൾ നടത്തുന്നതിനിടെയാണ് 68-ാ൦ മിനിറ്റിൽ രാഹുലിന്റെ ഗോളിലൂടെ ബ്ലാസ്റ്റേഴ്‌സ് മുന്നിലെത്തിയത്. ലീഡ് നേടിയ ബ്ലാസ്റ്റേഴ്‌സ് നിശ്ചിത സമയത്ത് തന്നെ മത്സരം അവസാനിപ്പിച്ച് കിരീടം നേടാമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാൽ മനോളോ മാർക്കസ് എന്ന തന്ത്രശാലിയായ പരിശീലകന്റെ ബുദ്ധിയിൽ അപ്പോഴും തന്ത്രങ്ങൾ ഒരുങ്ങുന്നുണ്ടായിരുന്നു. ബ്ലാസ്റ്റേഴ്സിന്റെ മുൻ മത്സരങ്ങളെ വ്യക്തമായി വിശകലനം ചെയ്‌തെത്തിയിരുന്ന മാനോളോ നിശ്ചിത സമയത്തിന്റെ അവസാന മിനിറ്റുകൾ ആവുമ്പോഴേക്കും മിക്ക ബ്ലാസ്റ്റേഴ്‌സ് താരങ്ങളും തളർന്നിരിക്കുമെന്ന് കണക്കുകൂട്ടി വരുത്തിയ കൃത്യമായ മാറ്റങ്ങളിലൂടെ പുത്തൻ താരങ്ങളെ കളത്തിലിറക്കി.ഇതിനുള്ള ഫലം അവർ നേടിയെടുക്കുകയും ചെയ്തു. മത്സരം നിശ്ചിത സമയത്ത് തന്നെ അവസാനിക്കുമെന്ന് ഏവരും കരുതിയെങ്കിലും 88-ാ൦ മിനിറ്റിൽ സാഹിൽ ടാവോറ നേടിയ ഗോളിൽ ഹൈദരാബാദ് ബ്ലാസ്‌റ്റേഴ്‌സിനെ സമനിലയിൽ പിടിക്കുകയായിരുന്നു.

ഇതോടെ കളി അധികസമയത്തേക്കും അവിടുന്ന് ഷൂട്ടൗട്ടിലേക്കും നീളുകയായിരുന്നു. ഇത് മുന്നിൽ കാണാൻ കഴിയാതെ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഡയസിനെയും വാസ്‌കസിനെയും പിൻവലിച്ചതും ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായെന്ന് വേണം പറയാൻ. സ്പോട് കിക്കുകളിൽ ഏറെ അനുഭവസമ്പത്തുള്ള ഈ താരങ്ങളുടെ അഭാവം ബ്ലാസ്‌റ്റേഴ്‌സിനെ പിന്നീട് വേട്ടയാടുകയായിരുന്നു. ആദ്യ കിക്ക് മുതൽ തന്നെ ഇതിന്റെ ഫലങ്ങൾ കണ്ടിരുന്നു. നിശ്ചിത സമയത്തും അധികസമയത്തും കളിച്ച് ക്ഷീണിച്ച് നിൽക്കുകയായിരുന്ന ലെസ്‌കോവിച്ചിനെ ആദ്യ കിക്ക് എടുക്കാൻ അയച്ചതും പിഴവായെന്ന് വേണം കരുതാൻ. ആദ്യ കിക്ക് പാഴായതോടെ പ്രതിരോധത്തിലായ ബ്ലാസ്റ്റേഴ്സിന് പിന്നീട് എടുത്ത കിക്കുകളിൽ ഒരെണ്ണം മാത്രമാണ് വലയിലേക്ക് അടിച്ചുകയറ്റാനായത്. ഇതിൽ ജീക്സൺ സിങ്ങിന് രണ്ടാമതും അവസരം ലഭിച്ചെങ്കിലും താരത്തിന്റെ ദുർബല ഷോട്ട് കട്ടിമണി അനായാസം കൈയിൽ ഒതുക്കി. മത്സരത്തിൽ തകർപ്പൻ സേവുകൾ നടത്തിയ ഗില്ലിന് പെനാൽറ്റി കിക്കുകൾ തടയുന്നതിൽ അത്ര മികവില്ലെന്ന് അറിയാമായിരുന്നിട്ടും കരൺജിത്ത് സിങ് എന്ന അനുഭവസമ്പത്തുള്ള ഗോളിയെ ഇറക്കാതിരുന്നതും ബ്ലാസ്‌റ്റേഴ്‌സിന്റെ പിഴവുകളിൽ ഒന്നായി. അവസാനം 2014 ലും 2016 ലും കൈയിൽ നിന്നും വഴുതിപ്പോയ കിരീടം ഇക്കുറിയും അവർക്ക് നഷ്ടമായി. ഏറെ പ്രതീക്ഷയോടെ ബ്ലാസ്റ്റേഴ്സിന്റെ കിരീടധാരണത്തിനായി കാത്തിരുന്ന ആരാധകർക്ക് ഈ ഫൈനൽ മറ്റൊരു ദുരന്തമായി.

തോറ്റെങ്കിലും പ്രതീക്ഷ വെക്കാം; മാറ്റത്തിന്റെ മുഖമായി ബ്ലാസ്റ്റേഴ്‌സ്

2014 ലും 2016 ലും ഫൈനൽ കളിച്ച ടീമെന്ന ഖ്യാതിയുണ്ടെങ്കിലും കഴിഞ്ഞ കുറച്ച് സീസണുകളിൽ കേവലം നിരാശ നൽകുന്ന പ്രകടനമാണ് ബ്ലാസ്റ്റേഴ്സിൽ നിന്നുമുണ്ടായത്. തുടർ സീസണുകളിൽ മോശം പ്രകടനങ്ങൾ നടത്തിയ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് നിരാശ മാത്രമാണ് സമ്മാനിച്ചത്. എന്നാൽ ഈ സീസണിൽ തോൽവിയുടെ പടുകുഴിയിൽ നിന്നും ഉയിർത്തെഴുന്നേൽക്കുന്ന ബ്ലാസ്റ്റേഴ്സിനെയാണ് നാം കണ്ടത്. ലൂണ, വാസ്‌കസ്, ഡയസ്, ലെസ്‌കോവിച്ച് എന്നീ പ്രതിഭാധനരും അത്യധ്വാനികളുമായ താരങ്ങൾ ടീമിൽ എത്തിയതോടെ ടീമിനാകെ ഒരു മാറ്റം സംഭവിക്കുകയായിരുന്നു. ഇവരെ ടീമിലെത്തിച്ച സെർബിയൻ പരിശീലകൻ ഇവാൻ വുകോമനോവിച്ചും ടീമിന്റെ സ്പോർട്ടിങ് ഡയറക്ടർ കരോലിസ് സ്കിൻകിസും ബ്ലാസ്റ്റേഴ്‌സ് ആരാധകരെ വീണ്ടും ടീമിൽ പ്രതീക്ഷ വെക്കാൻ പ്രേരിപ്പിക്കുകയായിരുന്നു. സഹൽ, രാഹുൽ, ജീക്സൺ, പ്യുട്ടിയ, പ്രശാന്ത്, ഹോർമിപാം എന്നിങ്ങനെ ടീമിലെ യുവതാരങ്ങളുടെ കഴിവിനെ മനസിലാക്കി അവരെ വേണ്ടവിധം ഇവാൻ ഉപയോഗിച്ചതോടെ ബ്ലാസ്റ്റേഴ്‌സ് ലീഗിലെ കരുത്തുറ്റ ടീമുകളിൽ ഒന്നായി മാറുകയായിരുന്നു. ഗോൾപോസ്റ്റിന് കീഴിൽ ആൽബിനോയ്ക്ക് പരിക്ക് പറ്റിയപ്പോൾ ഗിൽ ആ ജോലി ഭംഗിയായി ചെയ്തതും ഈ സെർബിയക്കാരന്റെ മികവ് തന്നെയെന്ന് നിസ്സംശയം പറയാം. ആദ്യ മത്സരത്തിൽ ബഗാനോട് തോറ്റ് തുടങ്ങിയ ബ്ലാസ്റ്റേഴ്‌സ് പതിയെ ശക്തിയാർജ്ജിച്ച് കുതിക്കുകയായിരുന്നു. ഇടയിൽ കോവിഡ് പ്രതിസന്ധി സൃഷ്‌ടിച്ചിരുന്നിലായിരുന്നെങ്കിൽ ഒരുപക്ഷെ ലീഗ് ഘട്ടത്തിലെ ഷീൽഡ് നേടാൻ കൂടി ബ്ലാസ്റ്റേഴ്സിന് കഴിയുമായിരുന്നു. അത്രത്തോളമായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ മികവ്. നിർണായക മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ മുംബൈയെ മലർത്തിയടിച്ച് സെമിയിലേക്ക് കയറിയ ബ്ലാസ്റ്റേഴ്‌സ് അവിടെ ലീഗ് വിന്നേഴ്സ് ഷീൽഡ് നേടിയ ജംഷഡ്‌പൂരിനെ മറികടന്നാണ് ഫൈനലിലേക്ക് എത്തിയത്. ജംഷഡ്‌പൂരിനെ മറികടന്ന് ഫൈനലിലെത്തിയ ബ്ലാസ്റ്റേഴ്സിന് പക്ഷെ ഫറ്റോർദയിൽ ആ മികവ് ആവർത്തിക്കാൻ കഴിയാതെ പോവുകയായിരുന്നു.
Published by:Naveen
First published: