ഐ എസ് എൽ 2021-22 സീസണിലെ ആദ്യ 11 റൗണ്ട് മത്സരങ്ങളുടെ ക്രമം ടൂർണമെന്റ് സംഘാടകരായ എഫ് ഡി എഫ് എസ് എൽ പുറത്തുവിട്ടു. ഇന്ത്യയിലെ ഫുട്ബോൾ ആരാധകരുടെ കാത്തിരിപ്പിലേക്ക് ആവേശം പകർന്നുകൊണ്ടാണ് ടൂർണമെന്റ് സംഘാടകരായ എഫ് ഡി എഫ് എസ് എൽ മത്സരക്രമം പുറത്തുവിട്ടിരിക്കുന്നത്.
നവംബർ 19ന് കേരള ബ്ലാസ്റ്റേഴ്സും കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളായ എടികെ മോഹൻ ബഗാനും തമ്മിലുള്ള മത്സരത്തോടെയായിരിക്കും പുതിയ സീസൺ ആരംഭിക്കുക. കഴിഞ്ഞ മൂന്ന് സീസണുകളിലും ഇതേ മത്സരമാണ് ഉദ്ഘടാന മത്സരമായി സംഘടിപ്പിച്ചത് എന്ന് തരത്തിലുള്ള വാദങ്ങൾ ഉയരുന്നുണ്ടെങ്കിലും ടൂർണമെന്റിന്റെ ആവേശം ഉത്തേജിപ്പിക്കാൻ ഈ മത്സരം കൊണ്ട് കഴിയും എന്ന കണക്കുകൂട്ടലിലായിരിക്കും സംഘാടകർ ഇത്തവണയും ഇതേ മത്സരം തന്നെ ആദ്യത്തെ മത്സരമായി നിശ്ചയിച്ചിരിക്കുന്നത്.
അതേസമയം, ബ്ലാസ്റ്റേഴ്സ് ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്നത് ബെംഗളൂരു എഫ്സി, ചെന്നൈയിൻ എഫ്സി എന്നീ ടീമുകൾക്കെതിരായ മത്സരങ്ങൾക്കാണ്. ഇതിൽ ബെംഗളുരുമായുള്ള മത്സരം നവംബർ 28നും ചെന്നൈയിനുമായുള്ള മത്സരം ഡിസംബർ 22നുമാണ്.
ഐ എസ് എല്ലിൽ ഏറ്റവും ജനപ്രീതിയുള്ള ടീമുകളിൽ മുൻപന്തിയിൽ നിൽക്കുന്ന കേരള ബ്ലാസ്റ്റേഴ്സിന് ഈ സീസണിൽ അവരുടെ ആരാധകരുടെ മുന്നിൽ പല കാര്യങ്ങളും തെളിയിക്കേണ്ടതുണ്ട്. മികച്ച ആരാധക സംഘം ബ്ലാസ്റ്റേഴ്സിന് പിന്തുണ നൽകാനുണ്ടെങ്കിലും കഴിഞ്ഞ കുറച്ചു സീസണുകളിലായി ബ്ലാസ്റ്റേഴ്സിന്റെ പ്രകടനം നിരാശാജനകമാണ്. അതുകൊണ്ട് തന്നെ ഐ എസ് എല്ലിന്റെ പുതിയ സീസണിൽ ഉയിർത്തെഴുന്നേൽക്കാൻ കോപ്പ് കൂട്ടിയാണ് കേരള ബ്ലാസ്റ്റേഴ്സ് ഒരുങ്ങുന്നത്. കഴിഞ്ഞ സീസണിലെ നിരാശാജനകമായ പ്രകടനത്തിന് ശേഷം ബ്ലാസ്റ്റേഴ്സിന്റെ ആരാധക പിന്തുണയ്ക്ക് അല്പം ഇടിവ് സംഭവിച്ചിട്ടുണ്ടെങ്കിലും, ഈ സീസണിലെ പ്രകടനത്തിലൂടെ അത് തിരിച്ചുപിടിക്കാൻ ഒരുങ്ങി നിൽക്കുകയാണ് ബ്ലാസ്റ്റേഴ്സ്.
പുതിയ സീസണിൽ സെർബിയൻ പരിശീലകനായ ഇവാൻ വുകോമനോവിച്ചിന് കീഴിൽ അണിനിരക്കുന്ന ബ്ലാസ്റ്റേഴ്സ് പുതിയ ഒരു നിരയുമായി തന്നെയാണ് എത്തുന്നത്. കഴിഞ്ഞ സീസണിൽ കളിച്ച വിദേശ താരങ്ങൾ ഇക്കുറി ബ്ലാസ്റ്റേഴ്സിനൊപ്പമില്ല. ഇവർക്ക് പകരം പുതിയ വിദേശ താരങ്ങളെ ക്ലബ് കണ്ടെത്തിയിട്ടുണ്ട്. അതിൽ ഈ സീസണിലെ തന്നെ മികച്ച സൈനിംഗുകളിൽ ഒന്ന് ബ്ലാസ്റ്റേഴ്സിന്റെ പേരിലാണ്. ലാലിഗയിൽ കളിച്ച അൽവാരോ വാസ്ക്വസിനെയാണ് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് മഞ്ഞക്കുപ്പായത്തിൽ എത്തിച്ചിരിക്കുന്നത്. വാസ്ക്വസിന് പുറമെ കഴിഞ്ഞ സീസണിൽ ഐ എസ് എല്ലിൽ ചെന്നൈയിൻ എഫ്സിക്ക് വേണ്ടി കളിച്ച ബോസ്നിയൻ താരം എനെസ് സിപോവിച്ച്, ഉറുഗ്വായ് താരം അഡ്രിയാൻ ലൂണ, അർജന്റീന താരമായ പെരേര ഡയസ്, ഭൂട്ടാനീസ് റൊണാൾഡോ എന്നറിയപ്പെടുന്ന ചെഞ്ചോ ഗ്യെല്ഷന് എന്നിവരാണ് ബ്ലാസ്റ്റേഴ്സിനായി ഈ സീസണിൽ ബൂട്ട് കെട്ടാൻ ഒരുങ്ങുന്ന വിദേശ താരങ്ങൾ.
ഇവർക്ക് കൂട്ടായി ഇന്ത്യൻ താരങ്ങളായ സഹൽ, രാഹുൽ, ജിക്സൺ സിങ്, ജെസ്സൽ, സന്ദീപ് സിങ്, പ്രശാന്ത്, അബ്ദുൾ ഹക്കു എന്നിവരുമുണ്ട്.
Published by:Naveen
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.