• HOME
 • »
 • NEWS
 • »
 • sports
 • »
 • ISL | 'ഡബിൾ ഡയസ്, മാജിക്കൽ ലൂണ'; ചെന്നൈയിനെ തകർത്ത് ബ്ലാസ്റ്റേഴ്‌സ്; സെമി പ്രതീക്ഷ സജീവം

ISL | 'ഡബിൾ ഡയസ്, മാജിക്കൽ ലൂണ'; ചെന്നൈയിനെ തകർത്ത് ബ്ലാസ്റ്റേഴ്‌സ്; സെമി പ്രതീക്ഷ സജീവം

സെമി പ്രതീക്ഷകൾ നിലനിർത്താൻ ജയം ആവശ്യമായിരുന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ബ്ലാസ്റ്റേഴ്‌സ് ജയം നേടിയെടുത്തത്.

Image: ISL, Twitter

Image: ISL, Twitter

 • Share this:
  ആരാധകർക്ക് ആവേശം പകരുന്ന ജയവുമായി ബ്ലാസ്റ്റേഴ്‌സ്. ഐഎസ്എല്ലിൽ (ISL 2021-22) ചെന്നൈയിൻ എഫ്‌സിയെ (Chennaiyin FC) തകർത്ത് കേരള ബ്ലാസ്റ്റേഴ്‌സ് (Kerala Blasters). സെമി പ്രതീക്ഷകൾ നിലനിർത്താൻ ജയം ആവശ്യമായിരുന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ബ്ലാസ്റ്റേഴ്‌സ് ജയം നേടിയെടുത്തത്. ബ്ലാസ്റ്റേഴ്സിന് വേണ്ടി ഹോർഗെ പെരേര ഡയസ് (52, 55) ഇരട്ട ഗോളുകൾ നേടി. അഡ്രിയാൻ ലൂണയാണ് (90+1) മൂന്നാമത്തെ ഗോൾനേടിയത്. സസ്‌പെൻഷൻ മൂലം കഴിഞ്ഞ മത്സരം നഷ്ടമായതിന്റെ നിരാശ ഡബിൾ ഗോൾ നേട്ടത്തോടെ ഡയസ് മായ്ച്ചുകളഞ്ഞപ്പോൾ ബ്ലാസ്റ്റേഴ്സിന്റെ വിജയത്തിന്റെ മാറ്റ് കൂട്ടുന്ന ഒരു തകർപ്പൻ ഫ്രീകിക്ക് ഗോൾ നേടി ലൂണ വീണ്ടും തിളങ്ങുകയായിരുന്നു. മത്സരത്തിൽ മികച്ച മുന്നേറ്റങ്ങളുമായി കളം നിറഞ്ഞ സഞ്ജീവ് സ്റ്റാലിനാണ് കളിയിലെ താരം.


  കളിയുടെ തുടക്കത്തിലെ 10 മിനിറ്റില്‍ ചെന്നൈയിന്റെ കാലിലായിരുന്നു പന്ത്. മധ്യനിരയിൽ പന്ത് നിയന്ത്രിച്ച് കളിച്ച ചെന്നൈയിനെതിരെ ലോംഗ് പാസുകൾ കളിച്ച് മുന്നേറാനുള്ള ശ്രമമാണ് ബ്ലാസ്റ്റേഴ്‌സ് നടത്തിയത്. ഇതിനിടയിൽ 13-ാ൦ മിനിറ്റിൽ ബ്ലാസ്റ്റേഴ്‌സിന്റെ പോസ്റ്റിന് മുന്നിൽ വെച്ച് ചെന്നൈയിന് ഒരു ഫ്രീകിക്ക് ലഭിച്ചെങ്കിലും കിക്കെടുത്ത വ്ളാഡിമിര്‍ കോമാന്‍റെ ഷോട്ട് ബ്ലാസ്റ്റേഴ്സ് ഗോളി ഗില്ലിന്‍റെ കൈയില്‍ തട്ടി ക്രോസ് ബാറില്‍ തട്ടി പുറത്തേക്ക് പോയി. ഇതിന് പിന്നാലെ ബ്ലാസ്റ്റേഴ്‌സ് കളിയുടെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു. തുടർ ആക്രമണങ്ങളുമായി ചെന്നൈയിൻ ഗോൾമുഖത്തെ ബ്ലാസ്റ്റേഴ്‌സ് വിറപ്പിച്ചു. തുടരെ അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും അവയൊന്നും ഗോളാക്കി മാറ്റാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞില്ല. ഇതിനിടയിൽ ആയുഷ് അധികാരിയെ ഫൗൾ ചെയ്തതിന് ലഭിച്ച ഫ്രീ കിക്കിൽ ബ്ലാസ്റ്റേഴ്സിന് ഗോൾ നേടാനുള്ള അവസരം ലഭിച്ചെങ്കിലും വാസ്‌കസിന്റെ അളന്നു മുറിച്ചുള്ള പാസിൽ നിന്നും ഗോൾ നേടാനുള്ള സുവർണാവസരം ഡയസ് നഷ്ടമാക്കി. ഒഴിഞ്ഞ പോസ്റ്റിലേക്ക് പന്ത് തട്ടിയിടുക മാത്രമേ ഡയസിന് ചെയാനുണ്ടായിരുന്നുള്ളുവെങ്കിലും താരം പന്ത് പുറത്തേക്ക് അടിച്ചു കളഞ്ഞു. പിന്നാലെ ചെന്നൈയിനും അവസരം ലഭിച്ചെങ്കിലും അവരുടെ മലയാളി താരം ജസ്റ്റിൻ അവസരം തുലച്ചത് ബ്ലാസ്റ്റേഴ്സിന് രക്ഷയായി. പിന്നാലെ രണ്ടാം പകുതിക്കായി ഇരു ടീമുകളും പിരിഞ്ഞു.

  രണ്ടാം പകുതിയിൽ കളി തുടങ്ങി അഞ്ചാം മിനിറ്റിൽ മൈതാനമധ്യത്ത് നിന്നും ഖബ്ര നൽകിയ പാസ് ലൂണ ഹെഡ് ചെയ്ത് ബോക്സിനുള്ളിലേക്ക് നൽകി. ഇത് സ്വീകരിച്ച അർജന്റൈൻ മുന്നേറ്റ താരം ഡയസ് തകർപ്പനൊരു അക്രോബാറ്റിക് ഷോട്ടിലൂടെ പന്തിനെ വലയിലേക്ക് എത്തിക്കുകയായിരുന്നു. ഗോൾ വീണതോടെ ആവേശം ഇരട്ടിയായ ബ്ലാസ്റ്റേഴ്‌സ് ചെന്നൈയിൻ ഗോൾമുഖത്തേക്ക് ഇരമ്പിയാർത്തു. ഇതിന്റെ ഫലമായാണ് ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം ഗോൾ വന്നത്. അൽവാരോ വാസ്‌കസും സഞ്ജീവ് സ്റ്റാലിനും കൂടി നടത്തിയ മനോഹരമായ മുന്നേറ്റത്തിനൊടുവിൽ ഡയസ് വീണ്ടും തന്റെ രണ്ടാം ഗോൾ നേടുകയായിരുന്നു. വാസ്‌കസിൽ നിന്നും ബോക്സിനുള്ളിൽ നിന്നും പന്ത് സ്വീകരിച്ച സ്റ്റാലിൻ ചെന്നൈയിൻ പ്രതിരോധക്കാരെ വെട്ടിയൊഴിഞ്ഞ് ഷോട്ട് ഉതിർത്തെങ്കിലും പന്ത് ക്രോസ്ബാറിൽ തട്ടിത്തെറിച്ചു. സ്റ്റാലിന്റെ ഷോട്ടിൽ റീബൗണ്ട് ചെയ്ത് വന്ന പന്തിനെ ആരാലും മാർക്ക് ചെയ്യപ്പെടാതിരുന്ന ഡയസ് പതുക്കെ വലയിലേക്ക് ഹെഡ് ചെയ്തിടുകയായിരുന്നു.

  രണ്ട് ഗോളിന്റെ ലീഡ് നേടിയ ബ്ലാസ്റ്റേഴ്‌സ് ചെന്നൈയിനെ പ്രതിരോധിച്ച് നിന്നു. പിന്നീട് കളിയുടെ ഇഞ്ചുറി ടൈമിൽ ലഭിച്ച ഫ്രീകിക്കിൽ നിന്നും തകർപ്പൻ ഗോൾ നേടി അഡ്രിയാൻ ലൂണ ബ്ലാസ്റ്റേഴ്സിന്റെ ലീഡ് മൂന്നാക്കി ഉയർത്തുകയായിരുന്നു. ഇതോടെ 18 മത്സരങ്ങളില്‍ 30 പോയിന്റായ ബ്ലാസ്റ്റേഴ്‌സ് ബ്ലാസ്റ്റേഴ്സ് മുംബൈയെ മറികടന്ന് പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തേക്ക് കയറി. അവസാന രണ്ട് മത്സരങ്ങളിൽ ജയം നേടിയാൽ ബ്ലാസ്റ്റേഴ്സിന് പ്ലേ ഓഫിലേക്ക് കയറാം. 18 കളികളില്‍ 20 പോയന്‍റുള്ള ചെന്നൈയിനിന്‍റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ നേരത്തെ അസ്തമിച്ചിരുന്നു.
  Published by:Naveen
  First published: