ആവേശകരമായ ഐ.എസ്.എല്‍ 2022 ഫൈനല്‍ മത്സരം നിശ്ചിത സമയം പിന്നിടുമ്പോള്‍ ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി സമനില പാലിക്കുന്നു. 69ആം മിനുറ്റില്‍ മലയാളി താരം രാഹുല്‍ കെ.പിയുടെ തകര്‍പ്പന്‍ ഗോളിലൂടെ കേരള ബ്ലാസ്റ്റേഴ്സ് മുന്നിലെത്തിയിരുന്നു. എന്നാല്‍ 88ആം മിനുറ്റില്‍ സഹില്‍ ടവോരയിലൂടെ ഒരു ഗോള്‍ തിരിച്ചടിച്ച് ഹൈദരാബാദ് സമനില പിടിക്കുകയായിരുന്നു. ഇതോടെ മത്സരം എക്സ്ട്രാ ടൈമിലേക്ക് നീങ്ങി.
ആദ്യപകുതിയില്‍ 66 ശതമാനം പന്ത് കൈവശം വെച്ചിരുന്നത് ബ്ലാസ്റ്റേഴ്സ് ആയിരുന്നു. അവസരങ്ങള്‍ ഒരുക്കുന്നതിലും ബ്ലാസ്റ്റേഴ്സായിരുന്നു മുന്നില്‍. ആദ്യ മിനുട്ട് മുതല്‍ തന്നെ അക്രമിച്ച് കളിക്കാന്‍ കേരള ബ്ലാസ്റ്റേഴ്സ് ശ്രമം തുടങ്ങിയിരുന്നു. വളരെ ഫിസിക്കലായ മത്സരമായിരുന്നു ഇന്ന് ഗോവയില്‍ കണ്ടത്. കളിയുടെ 14ആം മിനുട്ടില്‍ ഖാബ്രയുടെ ഒരു ബ്രില്ല്യന്റ് ക്രോസ് ഡിയാസ് ഹെഡ്ഡ് ചെയ്തെങ്കിലും ഹൈദരാബാദിന്റെ വലകുലുക്കാന്‍ സാധിച്ചില്ല. പിന്നീട് തുടര്‍ച്ചയായി ബ്ലാസ്റ്റേഴ്സ് അക്രമിച്ച് കൊണ്ടേയിരുന്നു.
20ആം മിനുട്ടില്‍ ഒരു ലോംങ് റെയ്ഞ്ചറിന് ശ്രമിച്ച് രാഹുല്‍ കെപി പരാജയപ്പെട്ടു. പലപ്പോഴും ഹൈദരാബാദ് കൗണ്ടര്‍ അറ്റാക്കുകളുമായി രംഗത്ത് എത്തിയെങ്കിലും ബ്ലാസ്റ്റേഴ്സ് പ്രതിരോധം തടസമായി. ആദ്യപകുതി അവസാന ഘട്ടത്തോട് അടുത്തപ്പോള്‍ സുവര്‍ണാവസരം ബ്ലാസ്റ്റേഴ്സിന് ലഭിച്ചിരുന്നു. 38ആം മിനുട്ടില്‍ ആല്‍വാരോ വാസ്കസിന്റെ ഷോട്ട് ക്രോസ് ബാറില്‍ തട്ടിപുറത്ത് പോയി. റീബൗണ്ടില്‍ ഹൈദരബാദിനെ ലക്ഷ്യം വെച്ച ഡിയാസിനും പിഴച്ചപ്പോള്‍ ബ്ലാസ്റ്റേഴ്സിന് നിരാശയായിരുന്നു ഫലം.
സെമിയില്‍ ലീഗ് വിന്നേഴ്സ് ഷീല്‍ഡ് നേടിയ ജംഷഡ്പൂര്‍ എഫ് സിയെ ഇരുപാദങ്ങളിലുമായി 2-1ന് തോല്‍പ്പിച്ചാണ് കേരള ബ്ലാസ്റ്റേഴ്സ് ഫൈനലിലെത്തിയത്. ഹൈദരാബാദ് എഫ്സിയാകട്ടെ കഴിഞ്ഞ സീസണിലെ റണ്ണറപ്പുകളായ എടികെ മോഹന്‍ ബഗാനെ 3-2ന് തോല്‍പ്പിച്ച് ഫൈനലിലെത്തി. ലീഗ് ഘട്ടത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ ബ്ലാസ്റ്റേഴ്സും ഹൈദരാബാദും ഓരോ കളിയില്‍ ജയിച്ചു.
ഇന്ത്യയിലെ ഏറ്റവും വലിയ ഫുട്ബോള്‍ ആരാധകവൃന്ദമെന്ന് അറിയപ്പെടുന്ന ബ്ലാസ്റ്റേഴ്സിന്റെ ആരാധക കൂട്ടായ്മയായ മഞ്ഞപ്പട കലാശപ്പോരാട്ടത്തില്‍ ഫറ്റോര്‍ദയെ മഞ്ഞക്കടലാക്കിയിരിക്കുകയാണ്.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.