ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ (ISL) നിര്‍ണായകമായ ആദ്യപാദ സെമി ഫൈനല്‍ മത്സരത്തില്‍ ജംഷദ്പൂരിനെ (Jamshedpur FC) തകര്‍ത്ത് കേരള ബ്ലാസ്റ്റേഴ്സ് (Kerala Blasters). എതിരില്ലാത്ത ഒരു ഗോളിനാണ് കേരളത്തിന്റെ ജയം. ആദ്യപകുതിയില്‍ മലയാളി താരം സഹല്‍ അബ്ദുള്‍ സമദാണ് കേരളത്തിനായി ഗോള്‍ നേടിയത്.
ഈ വിജയത്തോടെ ജംഷദ്പുരിനെതിരേ ലീഡ് നേടാന്‍ ബ്ലാസ്റ്റേഴ്സിന് സാധിച്ചു. രണ്ടാം പാദ മത്സരം മാര്‍ച്ച് 15 ന് നടക്കും.
— K e r a l a B l a s t e r s F C (@KeralaBlasters) March 11, 2022
കേരള ബ്ലാസ്റ്റേഴ്സിന് ആദ്യ പകുതി അത്ര എളുപ്പമായിരുന്നില്ല. മികച്ച അവസരങ്ങള്‍ സൃഷ്ടിച്ചു കൊണ്ട് ജംഷദ്പൂര്‍ തുടക്കത്തില്‍ തന്നെ കേരള ബ്ലാസ്റ്റേഴ്സിന് സമ്മര്‍ദ്ദം നല്കി. ചിമ ചുക്വുവിന് രണ്ട് നല്ല അവസരങ്ങള്‍ ലഭിച്ചു എങ്കിലും രണ്ടും ലക്ഷ്യത്തിലേക്ക് എത്തിക്കാന്‍ താരത്തിന് കഴിഞ്ഞില്ല.
ആദ്യ പകുതിയില്‍ കേരള ബ്ലാസ്റ്റേഴ്സിന് അധികം അവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞില്ല. ലൂണയുടെ ഒരു കോര്‍ണറില്‍ നിന്നായിരുന്നു ആദ്യ മികച്ച അവസരം വന്നത്. പക്ഷെ ഹാര്ട്ലിയുടെ ഹെഡര്‍ ആ അവസരം ബ്ലാസ്റ്റേഴ്സില്‍ നിന്ന് തട്ടിയെടുത്തു. 34ആം മിനുട്ടില്‍ ഒരു ഫ്രീകിക്കില്‍ നിന്ന് മുബഷിറിലൂടെ മറ്റൊരു സുവര്‍ണ്ണാവസരം ജംഷദ്പൂരിന് ലഭിച്ചു. ഇത്തവണയും അവര്‍ക്ക് ടാര്‍ഗറ്റ് കണ്ടെത്താന്‍ ആവാഞ്ഞത് ബ്ലാസ്റ്റേഴ്സിന് ആശ്വാസമായി.
38ആം മിനുട്ടില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ സുവര്‍ണ്ണാവസരം വന്നു. രഹ്നേഷിനെ ചിപ്പ് ചെയ്ത് സഹല്‍ അബ്ദുല്‍ സമദ് കേരള ബ്ലാസ്റ്റേഴ്സിന് ലീഡ് നല്കി.
— K e r a l a B l a s t e r s F C (@KeralaBlasters) March 11, 2022
രണ്ടാംപകുതിയില്‍ ബ്ലാസ്റ്റേഴ്സിനായിരുന്നു ആധിപത്യം. രണ്ടാം ഗോളിലേക്കുള്ള നിരവധി അവസരങ്ങള്‍ ബ്ലാസ്റ്റേഴ്സ് സൃഷ്ടിച്ചു. അതില്‍ എടുത്തുപറയേണ്ടത് 60-ാം മിനുട്ടില്‍ അഡ്രിയാന്‍ ലൂണയുടെ ഫ്രീകിക്കായിരുന്നു. ലൂണയുടെ കാലില്‍ നിന്ന് മറ്റൊരു വണ്ടര്‍ ഗോള്‍ പിറക്കേണ്ടതായിരുന്നു. ഗോള്‍ കീപ്പര്‍ രഹനേഷിനേയും മറികടന്ന് പോസ്റ്റിലേക്ക് താഴ്ന്നിറങ്ങിയ പന്ത് പോസ്റ്റില്‍ തട്ടിതെറിച്ചു.
69ആം മിനിട്ടില്‍ ബോക്സിന് പുറത്തുനിന്ന് വാസ്ക്വെസിന്റെ ഇടങ്കാലന്‍ ഷോട്ട് ജംഷഡ്പൂര്‍ പ്രതിരോധതാരത്തിന്റെ കാലില്‍ തട്ടി പുറത്തേക്ക് പോയി. 79-ാം മിനിട്ടില്‍ ജംഷദ്പൂര്‍ താരം ഋത്വിക് കുമാറിന്റെ ഷോട്ട് ബ്ലാസ്റ്റേഴ്സിന്റെ ബാറിന് മുകളിലൂടെ പറന്നകന്നു. 88ആം മിനിട്ടില്‍ ഇഷാന് പണ്ഡിതയുടെ വലങ്കാലന്‍ ഷോട്ട് പോസ്റ്റില്‍ തൊട്ടുരുമ്മി പുറത്തേക്ക്. ജംഷദ്പൂരിന് ലഭിച്ചതില്‍ മികച്ച അവസരങ്ങളില്‍ ഒന്നായിരുന്നു അത്. അവസാന നിമിഷങ്ങളില്‍ ജംഷദ്പൂര്‍ ബ്ലാസ്റ്റേഴ്സ് ബോക്സില്‍ നിരന്തരം ഭീഷണി ഉയര്‍ത്തിയെങ്കിലും ഒന്നും ഫലം കണ്ടില്ല.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.