• HOME
 • »
 • NEWS
 • »
 • sports
 • »
 • ISL | ലൂണയ്ക്ക് ഫൈനൽ നഷ്ടമാകും; സഹലിന്റെ കാര്യവും സംശയത്തിൽ; ഫൈനലിന് ഒരുങ്ങുന്ന ബ്ലാസ്റ്റേഴ്സിന് കനത്ത തിരിച്ചടി

ISL | ലൂണയ്ക്ക് ഫൈനൽ നഷ്ടമാകും; സഹലിന്റെ കാര്യവും സംശയത്തിൽ; ഫൈനലിന് ഒരുങ്ങുന്ന ബ്ലാസ്റ്റേഴ്സിന് കനത്ത തിരിച്ചടി

ആരോഗ്യ പ്രശ്നങ്ങൾ അലട്ടുന്നതിനാലാണ് ലൂണയ്ക്ക് ഫൈനൽ നഷ്ടമാക്കുന്നതെന്ന് ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായ ഇവാന്‍ വുകോമാനോവിച്ചാണ് അറിയിച്ചത്

 • Share this:
  ഐഎസ്എൽ (ISL 2021-22) ഫൈനലില്‍ ഹൈദരാബാദ് എഫ്‌സിയെ (Hyderabad FC) നേരിടാൻ ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സിന് (Kerala Blasters) മത്സരത്തിന് മുൻപേ കനത്ത തിരിച്ചടി. ടീമിലെ സൂപ്പർ താരങ്ങളും നിർണായക സാന്നിധ്യങ്ങളുമായ അഡ്രിയാന്‍ ലൂണയു൦ (Adrian Luna) മലയാളി താരം സഹൽ അബ്ദുൾ സമദും (Sahal Abdul Samad) കലാശപ്പോരിന് ഇറങ്ങാൻ കഴിഞ്ഞേക്കില്ല എന്നതാണ് ബ്ലാസ്റ്റേഴ്സിന് തിരിച്ചടി നൽകുന്നത്. ആരോഗ്യ പ്രശ്നങ്ങൾ അലട്ടുന്നതിനാലാണ് ലൂണയ്ക്ക് ഫൈനൽ നഷ്ടമാക്കുന്നതെന്ന് ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായ ഇവാന്‍ വുകോമാനോവിച്ചാണ് (Ivan Vukomanovic) അറിയിച്ചത്. ഫൈനലിന് മുന്നോടിയായുള്ള വാര്‍ത്താസമ്മേളത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

  ടൂർണമെന്റിലുടനീളം ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റത്തിൽ നിർണായക പങ്കുവഹിച്ച താരമാണ് ലൂണ. മധ്യനിരയിൽ ബ്ലാസ്റ്റേഴ്സിനായി കളി മെനഞ്ഞെടുത്തത് താരമായിരുന്നു. നിർണായക ഘട്ടങ്ങളിൽ ഗോളുകൾ നേടുന്നതിനോടൊപ്പം സഹതാരങ്ങളെ കൊണ്ട് ഗോൾ അടിപ്പിക്കുന്നതിലും ലൂണ മുന്നിട്ട് നിന്നിരുന്നു. അതുകൊണ്ട് തന്നെ ഫൈനൽ പോലൊരു നിർണായക മത്സരത്തിൽ ലൂണയെ പോലൊരു താര൦ പുറത്തിരിക്കുന്നത് കിരീടം നേടുന്നതിൽ നിന്നും തിരിച്ചടിയാകുമോ എന്നാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ആശങ്ക. ലൂണയ്ക്ക് പുറമെ സഹലിന്റെ കാര്യവും സംശയത്തിലാണ് എന്നുള്ളത് അവരുടെ ആശങ്കയേറ്റുന്നുണ്ട്. ആദ്യ പാദ സെമിയിൽ ബ്ലാസ്റ്റേഴ്സിന്റെ വിജയഗോൾ നേടിയ സഹലിന് പരിക്ക് മൂലം രണ്ടാം പാദത്തിൽ കളിക്കാൻ കഴിഞ്ഞിരുന്നില്ല. ഇതുവരെ പരിശീലനത്തിന് ഇറങ്ങിയിട്ടില്ലാത്തതിനാൽ താരത്തിന്റെ കാര്യത്തിൽ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഉറപ്പ് നൽകിയില്ല.

  Also read- ISL Final | ഫറ്റോർദയെ മഞ്ഞക്കടലാക്കാൻ മഞ്ഞപ്പട; ടിക്കറ്റുകൾ വിറ്റുപോയത് മണിക്കൂറുകൾക്കകം

  സഹലിന്റെ പരിക്കിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പറയാതിരുന്ന ഇവാൻ വുകോമനോവിച്ച്, താരം 100 ശതമാനം ഫിറ്റ് ആണെങ്കിൽ മാത്രമേ ഫൈനലിൽ കളിക്കാൻ ഇറക്കുകയുള്ളുവെന്നാണ് പറഞ്ഞത്. ഐഎസ്എല്ലിൽ ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിക്കുന്നതിന് പുറമെ ഇന്ത്യയുടെ താരം കൂടിയായതിനാൽ റിസ്ക് എടുക്കാൻ തയാറല്ല എന്നാണ് ബ്ലാസ്റ്റേഴ്‌സ് പരിശീലകന്റെ പക്ഷം. സഹലിന്റെ പരിക്ക് വഷളാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും ഇവാൻ പറഞ്ഞു.

  പ്രധാന താരങ്ങളുടെ പരിക്ക് ടീമിനെ അലട്ടുന്നുണ്ടെങ്കിലും ഫൈനൽ മത്സരം കാണാൻ സ്റ്റേഡിയത്തിൽ ആരാധകരുണ്ടാകുമെന്നത് ടീമിന്റെ ആത്മവിശ്വാസം വർധിപ്പിക്കുമെന്നും ഇവാൻ പറഞ്ഞു. 'ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ ഇപ്പോൾ പരസ്പരധാരണയോടെയാണ് കളിക്കുന്നത്. മികച്ച രീതിയിൽ ഒത്തിണങ്ങിയ അവർക്ക് മുന്നിലേക്ക് ആരാധകർ കൂടി എത്തുമ്പോൾ അതവരുടെ ശക്തി വർധിപ്പിക്കും. ആരാധകരെ കാണാനായി കാത്തിരിക്കുകയാണ്. സീസണിലുടനീളം അവരുടെ സ്‌നേഹം അനുഭവിക്കാനായി. അവരോടാണ് ശരിക്കും കടപ്പെട്ടിരിക്കുന്നത്. എതിർ ടീമിനോടുള്ള ബഹുമാന൦ നൽകികൊണ്ട് തന്നെ കളത്തിലിറങ്ങും. ലൂണ മെഡിക്കൽ സംഘത്തോടൊപ്പമാണ്, ഫൈനലിൽ അദ്ദേഹം കളിക്കുകയില്ല എന്നതിനാൽ മത്സരത്തിൽ ടീമിന്റെ ക്യാപ്റ്റനെയും തീരുമാനിക്കേണ്ടതുണ്ട്.' - ഇവാൻ വിശദീകരിച്ചു.

  Also read- Kerala Blasters | 'കേറി വാടാ..മക്കളെ'; ഗോഡ്ഫാദറിലെ അഞ്ഞൂറാനായി മഞ്ഞപ്പടയെ ഗോവയിലെ ഫൈനലിന് ക്ഷണിച്ച് ഇവാൻ - വീഡിയോ

  ഗോവയിലെ ഫറ്റോർദ സ്റ്റേഡിയത്തിൽ ഞായറാഴ്ച വൈകീട്ട് 7.30 നാകും ഫൈനൽ മത്സരം ആരംഭിക്കുക. ഐഎസ്എല്ലിൽ തങ്ങളുടെ മൂന്നാം ഫൈനൽ കളിക്കുന്ന ബ്ലാസ്റ്റേഴ്സും ആദ്യ ഫൈനലിന് ഇറങ്ങുന്ന ഹൈദരാബാദും ലക്ഷ്യമിടുന്നത് കന്നിക്കിരീടമാണ്. ഇരുവരിൽ ആര് ജയിച്ചാലും ഒരു പുതിയ ചാമ്പ്യനെയാകും ഐഎസ്എല്ലിന് ലഭിക്കുക.

  സെമിയിൽ ഇരുപാദങ്ങളിലുമായി 2-1 എന്ന സ്കോറിന് ലീഗ് ഷീൽഡ് ജേതാക്കളായ ജംഷഡ്‌പൂർ എഫ്‌സിയെ മറികടന്നാണ് ബ്ലാസ്റ്റേഴ്‌സ് ഫൈനലിൽ പ്രവേശിച്ചത്. മറുവശത്ത്, എടികെ മോഹൻ ബഗാനെ ഇരുപാദങ്ങളിലുമായി 3-2 എന്ന സ്കോറിന് മറികടന്നാണ് ഹൈദരാബാദ് അവരുടെ ആദ്യ ഫൈനൽ പ്രവേശം കരസ്ഥമാക്കിയത്.

  Also read- Kerala Blasters |ഫൈനല്‍ പോരാട്ടത്തിന് മഞ്ഞ ജേഴ്സിയില്‍ ഇറങ്ങാന്‍ ബ്ലാസ്റ്റേഴ്സിനാകില്ല; ആരാധകര്‍ക്ക് നിരാശ

  ഫൈനലിലേക്ക് എത്തിയ ബ്ലാസ്റ്റേഴ്സിന് പക്ഷെ അവരുടെ മഞ്ഞ ജേഴ്സി ധരിച്ച് കളിക്കാനാകില്ല . ഹൈദരാബിദിന്റെ ജേഴ്സിയും മഞ്ഞയാണെന്നിരിക്കെ ലീഗിൽ കൂടുതൽ പോയിന്റുകൾ നേടിയ ടീ൦ ഹോം ജേഴ്സി ധരിക്കുമെന്ന് സംഘാടകർ അറിയിച്ചു. ഇതോടെ ലീഗ് ഘട്ടത്തിൽ ബ്ലാസ്റ്റേഴ്സിനെക്കാൾ കൂടുതൽ പോയിന്റുകൾ നേടിയ ഹൈദരാബാദിന് മഞ്ഞ ജേഴ്സി ലഭിക്കുകയായിരുന്നു. കറുപ്പും നീലയും കലർന്ന ജേഴ്സി ധരിച്ചാകും ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുക.
  Published by:Naveen
  First published: